Asianet News MalayalamAsianet News Malayalam

ബഷീര്‍ വാങ്ങിനല്‍കിയ വേഷം, 1000 രൂപ പ്രതിഫലം; മാമുക്കോയ എന്ന നടന്‍റെ ഉദയം

ഒരു സിനിമയില്‍ അഭിനയിച്ചതോടെ ഇനി അവസരങ്ങള്‍ക്ക് പഞ്ഞമുണ്ടാവില്ലെന്നും ജീവിതം മറ്റൊരു രീതിയിലേക്ക് മാറുമെന്നുമൊക്കെയാണ് താന്‍ കരുതിയിരുന്നതെന്ന് മാമുക്കോയ പറഞ്ഞിട്ടുണ്ട്. പക്ഷേ സംഭവിച്ചത് മറിച്ചാണ്.

mamukkoya got his second role because of vaikom muhammad basheer nsn
Author
First Published Apr 26, 2023, 2:23 PM IST

1979 ല്‍ പുറത്തെത്തിയ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയയുടെ സിനിമയിലെ രംഗപ്രവേശം. യു എ ഖാദറിന്‍റെ തിരക്കഥയില്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത ചിത്രം. പുറത്തെത്തിയത് 79 ല്‍ ആണെങ്കിലും സിനിമയുടെ നിര്‍മ്മാണം ആരംഭിച്ചത് 1977 ല്‍ ആയിരുന്നു. കോഴിക്കോട്ടെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ രൂപപ്പെട്ട സമാന്തരമെന്ന് വിളിക്കാവുന്ന ചിത്രമായിരുന്നു ഇത്. ഒരു സിനിമയില്‍ അഭിനയിച്ചതോടെ ഇനി അവസരങ്ങള്‍ക്ക് പഞ്ഞമുണ്ടാവില്ലെന്നും ജീവിതം മറ്റൊരു രീതിയിലേക്ക് മാറുമെന്നുമൊക്കെയാണ് താന്‍ കരുതിയിരുന്നതെന്ന് മാമുക്കോയ പറഞ്ഞിട്ടുണ്ട്. പക്ഷേ സംഭവിച്ചത് മറിച്ചാണ്.

ഒരു അവസരവും അദ്ദേഹത്തെ തേടിയെത്തിയില്ല. ഒന്നും രണ്ടമല്ല, നീണ്ട അഞ്ച് വര്‍ഷങ്ങളെടുത്തു രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കാന്‍. അതിന് കാരണക്കാരനായത് സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറും. പി എ മുഹമ്മദ് കോയയുടെ സുറുമയിട്ട കണ്ണുകള്‍ എന്ന നോവല്‍ സിനിമയാക്കാന്‍ എസ് കൊന്നനാട്ട് തീരുമാനിക്കുന്നു. ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് വൈക്കം മുഹമ്മദ് ബഷീറിനെ കാണാന്‍ കൊന്നനാട്ടും സംഘവും അദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തുന്നു. ബഷീറിനെ ഒരു ജ്യേഷ്ഠ സഹോദരനായി കണ്ടിരുന്ന മാമുക്കോയ അന്ന് അവിടെ ഉണ്ടായിരുന്നു. സുറുമയിട്ട കണ്ണുകള്‍ സിനിമയാക്കുന്ന കാര്യം പറഞ്ഞപ്പോള്‍ മാമുക്കോയയുടെ കാര്യം ബഷീര്‍ തന്നെ അവതരിപ്പിച്ചു. കോഴിക്കോട് പശ്ചാത്തലമായ നോവല്‍ സിനിമയാകുമ്പോള്‍ കോഴിക്കോട്ടെ ഒരു നാടക നടനെ അഭിനയിപ്പിച്ചുകൂടെ എന്നായിരുന്നു മാമുക്കോയയെ ചൂണ്ടിക്കാട്ടി ബേപ്പൂര്‍ സുല്‍ത്താന്‍റെ ചോദ്യം. ​ഗുരുവായി കരുതുന്ന ബഷീറിന്‍റെ നിര്‍ദേശം കൊന്നനാട്ടും സംഘവും അപ്പോള്‍ത്തന്നെ അം​ഗീകരിച്ചു. അങ്ങനെ മാമുക്കോയയുടെ ഫിലിമോ​ഗ്രഫിയിലെ രണ്ടാമത്തെ വേഷം പിറന്നു.

സിനിമയില്‍ അഭിനയിച്ച് തിരിച്ചെത്തിയപ്പോള്‍ ബഷീര്‍ ചോദിച്ച ഒരേയൊരു ചോദ്യത്തെക്കുറിച്ചും മാമുക്കോയ പറഞ്ഞിട്ടുണ്ട്. "സിനിമ എങ്ങനെയുണ്ടെന്നോ നല്ല വേഷമാണോ എന്നോ എത്ര സീന്‍ ഉണ്ടെന്നോ ഒന്നുമല്ല ബഷീറിക്ക ചോദിച്ചത്, എന്ത് കാശ് കിട്ടി എന്ന് ചോദിച്ചു. ആയിരം രൂപയെന്ന് ഞാന്‍ പറഞ്ഞു". വര്‍ഷങ്ങള്‍ക്ക് ശേഷം കാണുമ്പോഴും പ്രതിഫലം കൃത്യമായി കിട്ടാറുണ്ടോയെന്നാണ് അദ്ദേഹം ചോദിച്ചിരുന്നതെന്നും മുന്‍പ് ഏതോ സിനിമക്കാര്‍ പറ്റിച്ചതില്‍ നിന്നുണ്ടായ ഭയത്തില്‍ നിന്നാണ് ഈ ചോദ്യം ഉണ്ടായതെന്നും മാമുക്കോയ പറഞ്ഞിട്ടുണ്ട്.

ALSO READ : ഗഫൂര്‍ കാ ദോസ്ത് മുതല്‍ കീലേരി അച്ചുവരെ; മലയാളി മറക്കാത്ത മാമുക്കോയയുടെ പകര്‍ന്നാട്ടങ്ങള്‍

Follow Us:
Download App:
  • android
  • ios