ഒരുകാലത്ത് മലയാളത്തില്‍ മധ്യവര്‍ത്തി സിനിമകളുടെ മുഖമായിരുന്നു ഈ നടന്‍

കരിയര്‍ ബ്രേക്ക് നല്‍കുന്ന ചില കഥാപാത്രങ്ങളുടെ സ്വാധീനം കലാജീവിതത്തിലുടനീളം നീണ്ടുനില്‍ക്കുന്ന അനുഭവം പല അഭിനേതാക്കള്‍ക്കും ഉണ്ടാവാറുണ്ട്. പ്രതാപ് പോത്തന്‍ (Pratap Pothen) എന്ന അഭിനേതാവിനെ ഓര്‍മ്മിക്കുമ്പോള്‍ പ്രേക്ഷക മനസ്സുകളിലേക്ക് ആദ്യമെത്തുന്ന വേഷങ്ങള്‍ ആരവത്തിലെ കൊക്കരക്കോയും തകരയിലെ ടൈറ്റില്‍ കഥാപാത്രവും ചാമരത്തിലെ വിനോദുമൊക്കെയായിരിക്കും. സമൂഹം മുന്നോട്ടുവെക്കുന്ന സാധാരണത്വത്തിന്‍റേതായ യാഥാസ്ഥിതിക ഫ്രെയ്‍മുകള്‍ക്ക് പുറത്തുനില്‍ക്കുന്നവരായിരുന്നു ഈ കഥാപാത്രങ്ങളൊക്കെയും. ഈയൊരു കഥാപാത്ര സ്വഭാവം സ്വന്തം സ്ക്രീന്‍ ഇമേജ് ആയിത്തന്നെ രൂപപ്പെട്ടതിനാല്‍ കരിയറില്‍ ഉടനീളം അദ്ദേഹത്തെ തേടിയെത്തിയതും വ്യത്യസ്‍തതകളുള്ള പാത്രാവിഷ്കാരങ്ങളായിരുന്നു.

ഊട്ടിയിലെ ലോറന്‍സ് സ്കൂളിലും മദ്രാസ് ക്രിസ്റ്റ്യന്‍ കോളെജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് കലയും സാഹിത്യവും വിദ്യാര്‍ഥിയായിരുന്ന കാലത്തേ പ്രിയമായിരുന്നു. വായനയില്‍ത്തന്നെ വിദേശ നോവലുകളോടായിരുന്നു കമ്പം. ചെന്നൈയിലെ ഇംഗ്ലീഷ് തിയറ്റര്‍ ഗ്രൂപ്പ് ആയ ദ് മദ്രാസ് പ്ലെയേഴ്സിന്‍റെ നാടകങ്ങളിലൂടെയാണ് ഒരു നടനായി ആദ്യം ചമയമണിയുന്നത്. ആദ്യ സിനിമയായ ആരവത്തിലേക്ക് അവസരം ലഭിക്കാന്‍ നിമിത്തമായതും ഈ ഗ്രൂപ്പിന്‍റെ ഒരു നാടകമായിരുന്നു. ബെര്‍ണാഡ് ഷായുടെ ആന്‍ഡ്രോക്കിള്‍സ് ആന്‍ഡ് ദ് ലയണ്‍ എന്ന നാടകത്തില്‍ അഭിനയിച്ച യുവാവില്‍ സംവിധായകന്‍ ഭരതന്‍റെ ശ്രദ്ധ പതിയുകയായിരുന്നു. നെടുമുടി മരുത് എന്ന നായകവേഷത്തിലെത്തിയ ചിത്രത്തില്‍ എപ്പോഴും ഒരു കോഴിയെ കൈയിലെടുത്തു നടക്കുന്ന കൊക്കരക്കോയായി പ്രതാപ് പോത്തന്‍ നിറഞ്ഞാടി. രൂപത്തിലും ഭാവപ്രകടനത്തിലുമൊക്കെ വൈവിധ്യമുള്ള ഈ യുവനടനെ സിനിമാലോകവും പ്രേക്ഷകരും ശ്രദ്ധിക്കുകയും ചെയ്‍തു.

കച്ചവട സിനിമകള്‍ക്കും കലാസിനിമകള്‍ക്കും മധ്യേ, ഒരു മധ്യവര്‍ത്തി സിനിമ വേരുപിടിച്ചുതുടങ്ങുന്ന കാലമായിരുന്നു അത്. അതിന്‍റെ പ്രയോക്താക്കളില്‍ പലരുടെയും സിനിമകളില്‍ പ്രതാപ് പോത്തനും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറി. ഭരതന്‍, പദ്‍മരാജന്‍, ജോണ്‍ പോള്‍ എന്നിവരാണ് ഈ നടനെ ഏറ്റവും നന്നായി ഉപയോഗിച്ചത്. എന്നാല്‍ തകരയും ആരവവുമൊക്കെ എത്തിയതോടെ തമിഴിലേക്കും അദ്ദേഹത്തിന് അവസരം ലഭിച്ചു. എണ്‍പതുകളുടെ തുടക്കത്തില്‍ മലയാളത്തിലേതിനേക്കാള്‍ കൂടുതല്‍ സിനിമകള്‍ അദ്ദേഹം അഭിനയിച്ചതും തമിഴിലായിരുന്നു. 

അഭിനേതാവ് എന്ന നിലയില്‍ അവസരം ലഭിക്കുന്ന സമയത്തുതന്നെ സംവിധാന മേഖലയോടും താല്‍പര്യം പുലര്‍ത്തിയിരുന്ന ആളാണ് പ്രതാപ് പോത്തന്‍. കോളെജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം ആദ്യം ചെയ്‍ത ജോലി മുംബൈയിലെ ചില പ്രമുഖ പരസ്യ ഏജന്‍സികളില്‍ കോപ്പി റൈറ്ററുടേതായിരുന്നു. അഭിനേതാവായി സിനിമയിലെത്തി ഏഴാം വര്‍ഷം തന്നെ സ്വന്തമായി സിനിമ സംവിധാനം ചെയ്‍തു. തമിഴില്‍ ആയിരുന്നു അത്. മീണ്ടും ഒരു കാതല്‍ കഥൈ എന്നു പേരിട്ട ചിത്രത്തിന്‍റെ സഹരചനയും സംവിധാനവും ഒപ്പം നായകനായതുമൊക്കെ പ്രതാപ് തന്നെ. മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് ചിത്രം നേടിയതോടെ ആ മേഖലയില്‍ പ്രതാപിന് ആത്മവിശ്വാസമേറി. കമല്‍ ഹാസനെ നായകനാക്കി തമിഴില്‍ ഒരുക്കിയ വെട്രിവിഴയും ശ്രദ്ധിക്കപ്പെട്ടു. മൂന്നു ചിത്രങ്ങളാണ് മലയാളത്തില്‍ അദ്ദേഹം സംവിധാനം ചെയ്‍തത്. ഋതുഭേദം, ഡെയ്‍സി, ഒരു യാത്രാമൊഴി എന്നിവ.

അഭിനയത്തിലെ ചെറിയ ഇടവേളയ്ക്കു ശേഷം തമിഴ് ചിത്രം റാമിലൂടെ 2005ല്‍ അദ്ദേഹം തിരിച്ചുവരവ് നടത്തി. അതേ വര്‍ഷം മോഹന്‍ലാല്‍- ബ്ലെസി ടീമിന്‍റെ തന്മാത്രയിലൂടെ മലയാളത്തിലേക്കുമെത്തി. സമീപ വര്‍ഷങ്ങളില്‍ സെലക്ടീവ് ആയിരുന്നെങ്കിലും തെരഞ്ഞെടുക്കാന്‍ നിരവധി വേഷങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിരുന്നു. ഏതെങ്കിലും തരത്തില്‍ കണ്ടിരിക്കുന്നവര്‍ക്ക് കൌതുകമുണര്‍ത്തുന്ന റോളുകളായിരുന്നു അവയൊക്കെ. പ്രതാപ് പോത്തന്‍റെ സ്ക്രീന്‍ ഇമേജ് തകരയുടെയും കൊക്കരക്കോയുടേതുമൊക്കെയാണെന്നും പ്രത്യേകതകളില്ലാത്ത ഒരു കഥാപാത്രമായും പ്രേക്ഷകര്‍ പ്രതാപ് പോത്തനെ പ്രതീക്ഷിക്കുന്നില്ലെന്നും ഏത് കാലത്തെയും സംവിധായകര്‍ക്ക് അറിയാമായിരുന്നു. 

ALSO READ : ഒരായിരം പ്രതിബന്ധങ്ങള്‍, ദശലക്ഷം വെല്ലുവിളികള്‍; ഒടുവില്‍ 'ആടുജീവിത'ത്തിന് പാക്കപ്പ്