ഫൗജി എന്ന സീരിയലിലൂടെ തുടങ്ങി ബോളിവുഡിന്‍റെ കിംഗ് ഖാനായി മാറിയ ഷാറൂഖ് ഖാന്‍റെ അഭിനയ ജീവിതം ഒരു മാജിക് ആണ്. അറുപതാം വയസിലും ഈ നായകന്‍റെ പുതിയ പ്രോജക്റ്റുകള്‍ ഏതൊക്കെ എന്നതാണ് ബോളിവുഡിന്‍റെ ഏറ്റവും വലിയ കൗതുകം
സ്വദേശും ചക് ദേ ഇന്ത്യയും ഡിയർ സിന്ദഗിയും... തീർന്നോ ഷാറൂഖ് ഖാനെന്ന നടനെ അടയാളപ്പെടുത്തിയ സിനിമകൾ? എന്നിട്ടും അയാള്‍ എന്തുകൊണ്ടാണ് കൈകൾ മലർക്കെ വിടർത്തി ചുണ്ടിന്റെ കോണിലൂടെ ആ കള്ളച്ചിരി അമർത്തി നമ്മളെ ആ പ്രണയനായകനിലേക്ക് കൊളുത്തി ഇടുന്നത്. ചാം എന്ന് ഇംഗ്ലീഷിലും ആകർഷകത്വമെന്ന് മലയാളത്തിലും പറയുന്ന ഒരു സാധനമുണ്ട്. അത് തന്നെ. ഫൗജി എന്ന ആദ്യ സീരിയൽ മുതൽ അയാളുടെ ആ ചാമിന്റെ പിടിയിലകപ്പെട്ട് പോയ ഒരു പാട് പേരുണ്ട്. ദിലീപ് കുമാറിന് ശേഷം ഒരു അഭിനയ ശൈലി ഹിന്ദി സിനിമയിൽ സ്വന്തമായുള്ള നായകനാണ് ഷാറൂഖ്. രാഹുൽ നാം തോ സുനാ ഹോഗാ മുതൽ അയാൾ പറഞ്ഞിട്ട് പോയ ഡയലോഗുകളൊക്കെ ഹൃദിസ്ഥമാക്കി അയാളിൽ മയങ്ങിപ്പോയ രണ്ടോ മുന്നോ തലമുറകളുണ്ട് ഈ നാട്ടിൽ.
കോളജ് പഠനകാലത്ത് അധ്യാപകനോട് പിണങ്ങി പഠനം നിർത്തിയിട്ടുണ്ട് ഷാറൂഖ്. അമ്മ ചെവിക്ക് പിടിച്ച് അധ്യാപകന്റെ മുന്നിലെത്തിച്ച് മാപ്പ് പറയിച്ചെങ്കിലും ഷാറൂഖ് തിരികെ കോളജിലെത്താൻ തയ്യാറായില്ല. ഇവിടെ ഇനി പഠിക്കുന്നില്ല. പഠിപ്പിക്കൻ പോകാം എന്നായിരുന്നു അവന്റെ ആത്മവിശ്വാസത്തിന് ഒരു കുറവുമില്ലാത്ത മറുപടി. പിന്നീട് അതേ കോളജ് അയാൾക്ക് പരവതാനി വിരിച്ചു. അതേ അധ്യാപകന്റെ പേരിലുണ്ടാക്കിയ കെട്ടിടത്തിന്റെ ചടങ്ങിൽ അയാൾ പങ്കെടുത്തു. ഒരു കുറ്റബോധവുമില്ലാതെ..
ഫൗജിയും സർക്കസും കുറച്ച് സീരിയലുകളും മാത്രം ബയോഡാറ്റയിലുണ്ടായിരുന്ന കാലത്തും ഷാറൂഖിന്റെ ആത്മവിശ്വാസത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. ഹേമമാലിനി തന്റെ സിനിമയിലേക്ക് സൈൻ ചെയ്തുവെങ്കിലും ആ പരമ്പരാഗത സിനിമയ്ക്ക് പകരം ഷാറൂഖിലെ സ്പാർക്ക് പ്രദർശിപ്പിക്കാൻ ഇടം ലഭിച്ച ദിവാനയായിരുന്നു ആദ്യ റിലീസ്. അതും രണ്ടാം പകുതിയിൽ മാത്രമാണ് അയാൾ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. കോയി ന കോയി ചാഹിയേ എന്ന് പാടി നവി മുംബൈയിലെ റോഡിലൂടെ ബൈക്കോടിച്ച് ഷാറൂഖ് യാഷ് ചോപ്രയെന്ന അതികായന്റെ മനസിലേക്ക് കയറി.
കി കി കിരൺ... എക്കാലത്തെയും പ്രസിദ്ധനായ ആ വില്ലൻ കഥാപാത്രത്തിലൂടെ ഡർ എന്ന സിനിമ പ്രതിനായകനെ ഹിറോയുടെ മാനം നൽകി പ്രതിഷ്ഠിച്ചു. ആ സിനിമ ചെയ്തില്ലായിരുന്നുവെങ്കിൽ ഷാറൂഖിന് പിന്നീട് തന്നെ പിന്തുടർന്ന കൾട്ട് സ്റ്റാറ്റസ് ലഭിക്കുമായിരുന്നില്ല. മകനെ സംവിധായകനാക്കി യാഷ് ചോപ്ര ഒരുക്കിയ ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ തന്നെയാണ് ഷാറൂഖിനെ സുപ്പർ സാറ്റാക്കിയത്. ഷോലെയ്ക്ക് ശേഷം ഇന്ത്യൻ സിനിമ കണ്ട വമ്പൻ പടം. നാഴികക്കല്ല്. അതോടെ ഷാറൂഖ് എല്ലാ പെണ്ണുങ്ങളുടെയും സ്വപ്നത്തിലേക്ക് കുറുക്കുവഴി കണ്ടെത്തി. കരൺ ജോഹറിനെ പോലുള്ള സംവിധായകർക്ക് അയാളൊരു ടൈപ്പ് കാസ്റ്റ് നായകനായി. ഫറാ ഖാനെപ്പോലുള്ളവരും അതേ പാത പിന്തുടർന്നു. ഇടക്ക് ബൻസാലി സംവിധാനം ചെയ്ത ദേവദാസ് മാത്രമായിരുന്നു ആ ടൈപ്പ് കാസ്റ്റിംഗിൽ നിന്ന് വേറിട്ട് നിന്ന ചിത്രം. പക്ഷെ ഒറിജിനൽ ദേവദാസ് ദിലീപ് കുമാറിനെ പിന്തള്ളി പുതിയ കാല ദേവ് ബാബു ആ സിനിമയിൽ. നിരാശനായ കാമുകൻ. നമ്മൂടെ തുവാനത്തുമ്പികളെ പോലെ ഒരു ത്രികോണ കഥ.

അത് കഴിഞ്ഞാണ് ഷാറൂഖ് എന്ന മാസ് അവതാരമായുള്ള പരിണാമം. ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ് തുടങ്ങിയ മാസ് ഹിറ്റുകളിൽ തുടങ്ങിയ ഷാറൂഖ് പേര് പറഞ്ഞാൽ മാത്രം അമിതാഭ് ബച്ചന് ശേഷം തിയേറ്ററിൽ ആളെ കയറ്റാൻ കെല്‍പ്പുള്ള നടനായി മാറി. ഇടക്കാലത്ത് അയാളുടെ പ്രഭാവം മങ്ങി. ഹാരി മെറ്റ് സേജലും സീറോയും തിയറ്ററിൽ വീണുപോയി. അതയാളെ തളർത്തി. രണ്ട് വർഷത്തിലേറെ നീണ്ട അവധിയെടുത്തു. ക്രിക്കറ്റ് ടീമും മക്കളും മന്നത്തും മാത്രമായി അയാളുടെ ലോകം ചുരുങ്ങി.
പക്ഷേ അയാൾ തീർന്നില്ല. മാസ് സിനിമകൾ തരംഗമായി മാറിയ തെക്ക് നിന്ന് സംവിധായകരെ മുംബൈയിലെത്തിച്ച് ജവാനുണ്ടാക്കി അയാൾ കരിയറിലെ എക്കാലത്തെയും പണം വാരി സിനിമയെടുത്തു. പിന്നാലെ പഠാൻ. ദേശീയത അതിനകം വിദ്വേഷത്തിനുള്ള ആയുധമായി പലപ്പോഴും മാറിയ നാട്ടിൽ ബുദ്ധിപൂർവ്വം തയ്യാറാക്കിയ കുടുംബ പശ്ചാത്തലമില്ലാത്ത പേര് കൊണ്ട് മാത്രം പഠാനായ നായകൻ. കോടികൾ കിലുക്കി ബോക്സോഫിസ് തകർത്തപ്പോൾ മാർക്കറ്റിംഗ് ജീനിയസുകളിലെ അപൂർവ്വ കണ്ണിയായണയാൾ എന്ന് തെളിഞ്ഞു.
വന്ന വഴി. ആ ജനകീയതയുടെ രഹസ്യം.
ലിബറലൈസേഷന്റെ കാലത്ത് നടനായ ഒരാൾ. ടെലിവിഷന് മുന്‍പിലേക്ക് കാണികളെ എത്തിച്ച ഒരാൾ. ലോകത്താകെ ടെക് വൈബിന്റെ പുറത്തേറി ജീവിതം കരുപ്പിടിപിക്കാൻ പോയ തലമുറയുടെ പ്രതിനിധി. ഒരിക്കലും അയാളൊരു സാധാരണക്കാരന്റ പ്രതിനിധിയായി സിനിമയിൽ വിജയം നേടിയിട്ടില്ല. രാജു ബൻ ഗയാ ജെന്റിൽ മാൻ പോലെ അപൂർവ്വം സിനിമകളുണ്ടായിട്ടുണ്ട് എങ്കിലും. ഭൂമിശാസ്ത്രത്തിന്റെ അതിരുകൾക്കപ്പുറത്ത് നിന്ന് ഇന്ത്യയെന്നെ ഗൃഹാതുരതയോടെ മിഡിൽക്ലാസ് മറുനാടൻമാരെ ബന്ധിപ്പിച്ചതാണ് ഷാറൂഖിന്റെ വിജയ രഹസ്യം.
താമസിക്കാനിടമില്ലാതെ മുംബൈയിലെത്തി 12500 കോടി രൂപയുടെ ആസ്തിയുള്ള എക്കാലത്തെയും സമ്പന്നനായ ഹിന്ദി ചലച്ചിത്രനടനായി അയാൾ മാറിയത് ബുദ്ധിശക്തിയുടെ കൂടെ ബലത്തിലാണ്. 60 വയസ്സ് പിന്നിട്ടിട്ടും അയാളിലെ നായകന് ആവശ്യക്കാരുണ്ട്. ജനകീയതയുണ്ട്. അമിതാഭും രാജേഷ് ഖന്നയുമടക്കമുള്ള മുൻകാല സൂപ്പർ സ്റ്റാറുകൾ ഇതേ പ്രായത്തിൽ പരാജയപ്പെട്ട് പോയിരുന്നു എന്ന് കൂടി ഓർക്കുക. സ്ക്രീനിലും പുറത്തും സരസനാണ് അയാൾ. അത്ര മനോഹരമായി വാക്കുകൾ ഉപയോഗിക്കാൻ അയാൾക്ക് കഴിയുന്നു. ടെഡ് ടാക് മുതൽ കപിൽ ശർമ്മ ഷോ വരെ പ്രത്യക്ഷപ്പെടുന്ന ഇടങ്ങളിലെല്ലാം മതിപ്പുളവാക്കുന്നു ഈ നായകൻ. എംടിവി ജനറേഷനിലും ജെൻസിയിലും അയാൾക്ക് ആരാധക ബാഹുല്യമുണ്ട്. നല്ല സിനിമകൾക്ക് അയാൾ അധികം സമയം കൊടുത്തില്ല എന്ന പരാതി ബാക്കിയാണ്. സ്വദേശ് പോലെ മികച്ച സിനിമകൾ ബോക്സോഫീസിൽ പരാജയമായത് കൊണ്ടാകും ഓഫ് ബീറ്റ് സിനിമകൾക്ക് അയാളധികം മുഖം കൊടുത്തില്ല. എങ്കിലും ഷാറൂഖ് എന്ന പ്രതിഭാസം, പ്രതിഭയുടെ മിന്നലാട്ടങ്ങൾ എല്ലായിടത്തുമുണ്ട്.
അയാൾ കൈകൾ ആകാശത്തോട്ട് വിരിച്ച് തുഛേ ദേഖാ തോ ജാനാ സനം പാടുമ്പാൾ മതിമറന്ന് അതിൽ ലയിച്ച് പോയ പല തലമുറകൾക്ക് വേണ്ടി.. നന്ദി ഷാറൂഖ്. സ്വപ്നഭരിതമായ, കാല്പനികമായ ആ വേഷങ്ങൾക്ക്.



