ഡബ്ബ്‌സ് മാഷിലൂടെ തുടക്കം കുറിച്ച് ടിക് ടോക്കിൽ എത്തി, യൂട്യൂബിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും പ്രേക്ഷക പ്രിയം നേടിയ ദമ്പതികളാണ് ശീതളും വിനുവും. ശീതളുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം. 

ഡബ്ബ്‌സ് മാഷിലൂടെ തുടക്കം കുറിച്ച് ടിക് ടോക്കിൽ എത്തി, യൂട്യൂബിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും പ്രേക്ഷക പ്രിയം നേടിയ ദമ്പതികളാണ് ശീതളും വിനുവും. ഇവരുടെ യൂട്യൂബ് ചാനലിന് 47 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. ശീതളുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

തുടക്കം ടിക് ടോക്കിലൂടെ

കണ്ടെന്റ് ക്രിയേഷനിലേക്ക് എത്തിയതിന്‍റെ തുടക്കം ടിക് ടോക്കിലൂടെയായിരുന്നു. 2019ല്‍ ഒരു മീഡിയ കമ്പനിയില്‍ ജോലി ചെയ്യുന്ന സമയത്താണ് വിനുവിനെ പരിചയപ്പെട്ടത്. അങ്ങനെ സുഹൃത്തുക്കളായി. സ്ഥാപനത്തിൽ നിന്നും ഇറങ്ങിയ ശേഷവും സൗഹൃദം ഞങ്ങൾ തുടർന്നു. ആ സമയത്തു വീട്ടില്‍ ആലോചനകൾ വരുന്ന സമയം ആയിരുന്നു. എന്നാൽ വന്ന ആലോചനകളിൽ ചിലർക്ക് ഞാൻ വീഡിയോ ചെയ്യുന്നത് ഇഷ്ടം ആയിരുന്നില്ല. അത്തരം ബന്ധങ്ങൾ എനിക്ക് വേണ്ട എന്ന് പപ്പയോട് പറയുകയും ചെയ്തു. ആ സമയത്തും ഞങ്ങൾ വീഡിയോ ചെയ്യുന്നുണ്ട്. ഞാൻ ഇവന്റെ വീട്ടിലും, ഇവൻ എന്റെ വീട്ടിലും വരാറുണ്ട്. എന്‍റെ ബന്ധുക്കള്‍ക്കെല്ലാം വിനുവിനെ അറിയാം. എന്റെ ബന്ധുക്കൾ ആണ് ഇവനെ എനിക്ക് വേണ്ടി ആലോചിക്കുന്നത്. പിന്നെ ഞങ്ങളും ഇതേ കുറിച്ചു സംസാരിച്ചു. അങ്ങനെ വിവാഹത്തിലെത്തി.അതിനു മുമ്പും നമ്മള്‍ ഒരുമിച്ച് വീഡിയോകള്‍ ചെയ്യുമായിരുന്നു. വിവാഹ ശേഷം കപ്പിൾ കണ്ടെന്‍റുകളും ഫാമിലി കണ്ടെന്‍റുകളും ചെയ്യാന്‍ തുടങ്ങി.

ഫാമിലി കണ്ടെന്‍റുകള്‍

ഫാമിലി കണ്ടെന്റുകളാണ് കൂടുതലും ചെയ്യുന്നത്. വ്ലോഗിംഗും ഇടയ്ക്ക് ചെയ്യാറുണ്ട്. എന്തെങ്കിലും വിശേഷ ദിവസം മാത്രമാണ് ലോങ് വീഡിയോ ചെയ്യുന്നത്. അല്ലെങ്കില്‍ കൂടുതലും ഷോര്‍ട്സാണ് ചെയ്യുന്നത്. കോമഡി കണ്ടെന്‍റുകളൊക്കെ ഷോര്‍ട്സായി ചെയ്യുന്നത് റീച്ച് ആകാറുണ്ട്. ഞങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളൊക്കെ തന്നെയാണ് പലപ്പോഴും കണ്ടെന്‍റാകുന്നത്.

ഡാൻസ് പഠിച്ചിട്ടില്ല

പിന്നെ ഡാന്‍സ് വീഡിയോകളും ചെയ്യാറുണ്ട്. ഡാൻസ് പഠിച്ചിട്ടില്ല. പക്ഷേ ഡാൻസ് ചെയ്യാന്‍ ഇഷ്ടമാണ്. ഇടയ്ക്ക് കുഞ്ഞിനെയും വീഡിയോയില്‍ കൂട്ടാറുണ്ട്. ഞങ്ങൾക്ക് കുഞ്ഞായിട്ടുള്ള കണ്ടെന്‍റും വർക്ക് ആകാറുണ്ട്. എല്ലാത്തിനും പിന്തുണ വിനുവാണ്. കുട്ടിയാകുന്നതിന് മുമ്പ് വരെ എന്‍റെ ക്യാമറാമാൻ, എഡിറ്റർ, ഡ്രൈവർ, മേക്കപ്പ് ആർട്ടിസ്റ്റ്, സ്ക്രിപ്റ്റ് റൈറ്റർ എല്ലാം വിനുവായിരുന്നു. ഇപ്പോള്‍ കുഞ്ഞിനെ നോക്കണം എന്നുള്ളത് കൊണ്ട് ഞങ്ങള്‍ക്ക് ചെറിയ ഒരു ടീമുണ്ട്. 'ശീതള്‍ വിനു' എന്ന പേരിലാണ് പ്രൊഡക്ഷൻ കമ്പനി തുടങ്ങിയിരിക്കുന്നത്.

അഭിനയം ഇഷ്ടമാണ്

അഭിനയത്തോട് എനിക്ക് താല്പര്യമുണ്ടായിരുന്നു. വിനുവിന് അങ്ങനെ ആക്ടിങ് താല്പര്യമുള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല. ഞാൻ വിളിക്കുമ്പോൾ എന്‍റെ കൂടെ ചെയ്യുന്നു എന്നു മാത്രം. സീരിയലിൽ നിന്നൊക്കെ വിനുവിന് അത്യാവശ്യം ഓഫറുകള്‍ വന്നിട്ടുണ്ട്. പക്ഷെ അവൻ പോയിട്ടില്ല.

നെഗറ്റീവ് കമന്‍റുകള്‍

നെഗറ്റീവ് കമന്‍റുകള്‍ ഞാന്‍ അധികം ശ്രദ്ധിക്കാറില്ല. അതായത് ഇപ്പോള്‍ ഒരു 100 കമന്‍റുകള്‍ വരുന്നുണ്ടെങ്കിൽ അതില്‍ 20 കമന്‍റുകള്‍ മാത്രമാകും നെഗറ്റീവ് ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് ഞങ്ങൾ 80 ശതമാനമുള്ള പോസിറ്റീവ് കമന്‍റുകളാണ് നോക്കുന്നത്. പിന്നെ ഞാൻ ഗര്‍ഭിണി ആയിരുന്ന സമയത്ത് ഞാൻ അത്യാവശ്യം നന്നായി ഡാൻസ് ചെയ്യുമായിരുന്നു. അപ്പോൾ ആ സമയത്ത് വന്നിരുന്ന കുറച്ച് നെഗറ്റീവ് കമന്‍റുകള്‍ എന്നെ വേദനിപ്പിച്ചിട്ടുണ്ട്. ഇവള്‍ പ്രഗ്നന്‍റ് അല്ല റീല്‍സിന് വേണ്ടി വയറ് വെച്ച് കെട്ടിയേക്കുന്നതാണ് എന്ന് വരെ കമന്‍റുണ്ടായിരുന്നു. പിന്നെ വിനുവിനെ പെണ്‍കോന്തന്‍ എന്നും ഭാര്യ പറയുന്നതനനുസരിച്ച് തുള്ളുന്നവനാണെന്നുമൊക്കെ കമന്‍റുകള്‍ വന്നിരുന്നു. അതിനെതിരെ ഞങ്ങൾ റിയാക്ട് ചെയ്തിരുന്നു. ഗര്‍ഭിണി ആയിരുന്ന സമയത്ത് പരമാവധി കമന്‍റുകള്‍ ഞാന്‍ നോക്കാതിരിക്കാന്‍ ശ്രമിക്കുമായിരുന്നു. വിനു കൂടുതലും അത് ഡിലീറ്റ് ചെയ്യുമായിരുന്നു.

കോന്ത്രം പല്ലാണ്, യക്ഷി പല്ലാണ്.. ബോഡി ഷെയ്മിംഗ് അനുഭവങ്ങള്‍

എനിക്ക് നിര തെറ്റിയ പല്ലുകള്‍ ധാരാളമുണ്ട്. അപ്പോള്‍ അത് പറഞ്ഞ് കമന്‍റുകള്‍ വന്നിട്ടുണ്ട്. കുറച്ച് ആളുകൾ പറയാറുണ്ട്, ചേച്ചി അത് നല്ല ഭംഗിയാണ്, ആ പല്ല് അങ്ങനെ ഇരിക്കുന്നതാണ് നല്ലത് എന്ന്. ചിലര്‍ അതിനെ കോന്ത്രം പല്ലാണ്, യക്ഷി പല്ലാണ്, എല്ലാം കൊള്ളാം പക്ഷേ വായ് തുറന്നാൽ പോയി അങ്ങനെ അത്യാവശ്യം ബോഡി ഷെയ്മിംഗ് കമന്‍റുകള്‍ വന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ വിഷമം തോന്നാറുമുണ്ട്. ഇപ്പോള്‍ ഞാന്‍ ഇതിന് അലൈനർ ട്രീറ്റ്മെന്റ് എടുത്തുകൊണ്ടിരിക്കുകയാണ്.