സ്റ്റാര്‍ സിംഗര്‍ മുതല്‍ പൊന്‍മാനിലെ 'ബ്രൈഡത്തി' വരെ: സംഗീത ജീവിതം പറഞ്ഞ് ഡോ.ബിനീത രഞ്ജിത്ത്

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഡോ. ബിനീത രഞ്ജിത്ത് ഇപ്പോൾ ഹിറ്റ് ചിത്രമായ പൊൻമാനിലെ 'ബ്രൈഡത്തി' എന്ന ഗാനത്തിലൂടെ വീണ്ടും ശ്രദ്ധ നേടുന്നു. 

Singer Bineetha Ranjith about music life and recent hit Braidaathi ponman
Author
First Published Feb 2, 2025, 4:16 PM IST

തൃശ്ശൂര്‍ പൂമല കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിനീത രഞ്ജിത്തിനെ കാണാന്‍ വരുന്നവര്‍, പെട്ടെന്ന് ഓര്‍ക്കും നമ്മുടെ സ്റ്റാര്‍ സിംഗര്‍ അല്ലെ എന്ന്. വരുന്ന രോഗികള്‍ പാട്ടുപാടിച്ച അനുഭവം പോലും ഉണ്ടെന്ന് ഡോക്ടര്‍ പറയും. 2007ല്‍ ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിലെ മികച്ച ഗായികമാരില്‍ ഒരാളായ ഡോ.ബിനീത രഞ്ജിത്തിന്‍റെ സംഗീത യാത്ര ഇപ്പോള്‍ എത്തി നില്‍ക്കുന്നത് തീയറ്ററില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പൊന്‍മാന്‍ എന്ന ചിത്രത്തിലെ 'ബ്രൈഡത്തി' എന്ന ഹിറ്റ് ഗാനത്തിലാണ്. ഈ ഗാനത്തെക്കുറിച്ചും തന്‍റെ സംഗീത യാത്രയെക്കുറിച്ചും ബിനീത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് സംസാരിക്കുന്നു. 

പൊന്‍മാനിലെ ഹിറ്റടിച്ച  'ബ്രൈഡത്തി' 

മ്യൂസിക് മോജോയിലെ 'ഇളവത്തൂരിലെ കയലിനരികെ' എന്ന എന്‍റെ കവര്‍ സോംഗ് യൂട്യൂബിലും മറ്റും ഹിറ്റായിരുന്നു.  2019ലാണ് അത്, അന്നാണ് പൊന്‍മാന്‍ സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗീസ് എന്നെ ആദ്യമായി വിളിച്ചത്. ശബ്ദം ഇഷ്ടമായെന്നും, എന്‍റെ വോയ്സ് ബാങ്കില്‍ ശബ്ദം സൂക്ഷിക്കും എന്നും പറഞ്ഞു. അന്ന് മുതല്‍ ജസ്റ്റിനുമായി കോണ്‍ടാക്റ്റ് സൂക്ഷിച്ചിരുന്നു. പിന്നീടാണ് അടുത്തിടെ ജസ്റ്റിന്‍ ഈ ഗാനത്തിന് വേണ്ടി വിളിച്ചത്. 

ഞാന്‍ ആദ്യം പാടിയത് ലോഹം എന്ന ചിത്രത്തിനായിരുന്നു, അതും ഒരു വിവാഹ വേളയിലെ ഉള്ള രീതിയിലുള്ള ഒരു ഗാനമാണ്. ഇതിലും ഏതാണ്ട് അതേ പാശ്ചത്തലമാണ് എന്ന യാഥര്‍ശ്ചികതയുണ്ട്. ആദ്യം അവര്‍ ഈ ഗാനത്തിനായി നിശ്ചയിച്ചിരുന്നത് ഈ ട്യൂണ്‍ ആയിരുന്നില്ല. എന്നാല്‍ അത് മാറ്റിയപ്പോഴാണ് പാടാന്‍ എന്നെ വിളിച്ചത്. എന്നാല്‍ ഞാന്‍ ആദ്യം പാടാന്‍ പോകുമ്പോഴും ഈ ഗാനം അന്തിമമായി നിശ്ചയിച്ചിരുന്നില്ല. 

ഞാന്‍ ജസ്റ്റിന്‍റെ സ്റ്റുഡിയോയില്‍ ഗാനം പാടി, പിന്നീട് സംവിധായകനും മറ്റും വന്ന് ഗാനം ഇതാണെന്ന് ഉറപ്പിച്ചപ്പോഴും ഞാനാണ് ഇത് പാടുന്നത് എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എന്നാല്‍ പിന്നീട് ഒരാഴ്ചയ്ക്ക് ശേഷം വിളിച്ച് ഫൈനല്‍ പാടി. 

പാട്ട് ഹിറ്റായതില്‍ സന്തോഷം...

ഗാനം ഇറങ്ങിയപ്പോള്‍ പലര്‍ക്കും ഞാന്‍ ഇത്തരം ഗാനം പാടി എന്നത് സര്‍പ്രൈസ് ആയിരുന്നു, കാരണം സോഷ്യല്‍ മീഡിയയിലും മറ്റും ഞാന്‍ മെലഡികളും മറ്റുമാണ് പാടിയിരുന്നത്. എന്നാല്‍ ക്രിസ്മസിന് അനുബന്ധിച്ച് പുറത്തുവിട്ട ഗാനം മെല്ലെ മെല്ലെ വന്‍ ശ്രദ്ധ നേടി. 1.6 മില്ല്യണില്‍ അധികം വ്യൂ ലഭിച്ചു. പടം ഇറങ്ങിയതിന് ശേഷമാണ് പലരും ഗാനം കൂടുതല്‍ ശ്രദ്ധേയമായത്. 

'ബ്രൈഡത്തി'  എന്ന വരികളും അതിന്‍റെ താളവും കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചുവെന്നാണ് കരുതുന്നത്. ഇത്തരത്തില്‍ ഒരു ഗാനം എനിക്കും വേറിട്ട അനുഭവമാണ്.

സംഗീത വഴിയിലൂടെ

Singer Bineetha Ranjith about music life and recent hit Braidaathi ponman

ആറാം ക്ലാസ് മുതല്‍ ശാസ്ത്രീയമായി സംഗീത പഠനം ആരംഭിച്ചയാളാണ്. കേരളത്തിലെ ഏത് സംഗീതം ഇഷ്ടപ്പടുന്നയാളെപ്പോലെയും യുവജനോത്സവ വേദികളിലൂടെയാണ് മുന്നോട്ട് വന്നത്. ലളിത സംഗീതത്തിലും മറ്റും യുവജനോത്സവത്തില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. എന്‍റെ സ്വന്തം നാട് കോട്ടയമാണ്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് എംബിബിഎസ് ചെയ്ത്. അവിടെ എല്ലാ പരിപാടികളിലും പങ്കെടുക്കുമായിരുന്നു. അന്ന് സംഗീതം അടക്കം പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷം കൂടി കോട്ടയം മെഡിക്കല്‍ കോളജില്‍ ലഭിച്ചിരുന്നു. 

പഠനവും സംഗീതവും ഒപ്പം തന്നെ കൊണ്ടുപോകുക എന്നതായിരിക്കും എന്‍റെ രീതി. ഇപ്പോള്‍ ജോലിയും സംഗീതവും ഒന്നിച്ച് കൊണ്ടു പോകുന്നു. ഇപ്പോഴും സംഗീതത്തെ ഒപ്പം തന്നെ ചേര്‍ത്ത് നിര്‍ത്തിയാണ് മുന്നോട്ട് പോകുന്നത്. ഷോകളും മറ്റും ചെയ്യാറുണ്ട്. ഒപ്പം സോഷ്യല്‍ മീഡിയയിലും സജീവമാണ്. പുതിയ കുട്ടികള്‍ അടക്കം സോഷ്യല്‍ മീഡിയിയിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും എന്‍റെ പാട്ട് വീഡിയോകള്‍ കണ്ട് പരിചയപ്പെടാന്‍ വരാറുണ്ട്. 

സ്റ്റാര്‍ സിംഗര്‍ ഡോക്ടര്‍

Singer Bineetha Ranjith about music life and recent hit Braidaathi ponman

2007 ലെ ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിന്‍റെ രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു ഞാന്‍. സ്റ്റാര്‍ സിംഗറില്‍ മത്സരിച്ച ആളല്ലെ എന്ന പേരില്‍ ഇപ്പോഴും എന്നെ പരിചയപ്പെടുന്നവരുണ്ട്. 'കറുപ്പ് താന്‍ എനിക്ക് പുടിച്ച കളറ്' എന്ന അന്ന് ഹിറ്റായ സ്റ്റാര്‍ സിംഗറിലെ എന്‍റെ പെര്‍ഫോമന്‍സ് ഓര്‍മ്മിക്കുന്നവര്‍ ഇപ്പോഴും ഉണ്ട്. എന്‍റെ അടുത്ത് വരുന്ന രോഗികള്‍ പോലും അത് ഇപ്പോഴും ഓര്‍ക്കാറുണ്ട്. ഇപ്പോഴത്തെ പല ഷോകളിലെ താരങ്ങളെയും അടുത്ത സീസണില്‍ എത്തുമ്പോള്‍ ആളുകള്‍ മറന്നുപോകുന്നത് കാണാറുണ്ട്. അപ്പോള്‍ അന്നത്തെ മത്സരാര്‍ത്ഥികളായ ഞങ്ങള്‍ക്ക് ലഭിച്ചത് വലിയ ഭാഗ്യമാണെന്ന് തോന്നാറുണ്ട്. 

അന്നത്തെ സ്റ്റാര്‍ സിംഗറും ഇപ്പോഴത്തെ സ്റ്റാര്‍ സിംഗറും ഞാന്‍ കാണാറുണ്ട്. അത് കാണുമ്പോള്‍ തോന്നുന്ന പ്രധാന കാര്യം ഞങ്ങള്‍ക്ക് അന്ന് കൂടുതല്‍ സ്ട്രിക്റ്റായ ഒരു ഷോയാണ് ലഭിച്ചത് എന്നാണ്. ഇന്ന് റിയാലിറ്റി ഷോയില്‍ കൂടുതല്‍ ഷോയായി. എന്നാല്‍ ശരത് സാറും മറ്റും ഒരോ തെറ്റും ചൂണ്ടികാട്ടി നടത്തിയ ആ കടുത്ത വിലയിരുത്തലുകള്‍ ഇന്ന് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. 

സംഗീതത്തില്‍ മറ്റൊരു ജീവിതം തുടരുന്നെങ്കിലും, ഒരു ഗാനം പാടുമോ എന്ന് രോഗികളും മറ്റും ചോദിച്ചാല്‍ പരിശോധന മുറിയില്‍ അത് അധികം പ്രോത്സാഹിപ്പിക്കാറില്ല. സംഗീതവും പ്രൊഫഷനും ഒന്നിച്ച് കൊണ്ട് പോകണം എന്ന് തന്നെയാണ് ആഗ്രഹം. 

ബേസിലിന്‍റെ അജേഷ് പിപിയുടെ അഴിഞ്ഞാട്ടം, തനി തങ്കം ഈ 'പൊൻമാൻ' - റിവ്യൂ

പൊൻമാൻ: ബേസിലിന്‍റെ അടുത്ത ഹിറ്റോ? വന്‍ അഭിപ്രായം, റിലീസ് ദിവസം നേടിയ കളക്ഷന്‍ ഇങ്ങനെ

Follow Us:
Download App:
  • android
  • ios