ദളപതി വിജയ് നേരിടുന്ന പരീക്ഷണങ്ങള്‍.

ദളപതി വിജയ് തമിഴ് സിനിമയിലെ കഴിഞ്ഞ ഒരു ദശാബ്ദമായി കോളിവുഡിന്‍റെ ബോക്സോഫീസ് ഐക്കണാണ്. പടം കണ്ടന്‍റുണ്ടോ ഇല്ലയോ എന്നതിനപ്പുറം ബോക്സോഫീസില്‍ എത്തും മുന്‍പ് ടേബിള്‍ പ്രോഫിറ്റ് നിര്‍മാതാവിന് നല്‍കുന്ന നടനാണ് വിജയ്. അത് അവസാനം ഇറങ്ങിയ 'ഗോട്ടില്‍' അടക്കം ചലച്ചിത്ര ലോകം കണ്ടതാണ്. അതേസമയം തന്‍റെ കരിയറിലെ ഒരു നിര്‍ണ്ണായകഘട്ടത്തിലാണ് വിജയ് എന്നതാണ് ദളപതി ആരാധകരെ നിരാശരാക്കുന്നത്. ജനുവരിയില്‍ ഇറങ്ങുന്ന ജനനായകന്‍ എന്ന ചിത്രത്തിന് ശേഷം രാഷ്ട്രീയത്തിലേക്ക് പൂര്‍ണ്ണമായും ഇറങ്ങുകയാണ് താരം.

സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലിറങ്ങി കൈപൊള്ളിയവരാണ് തമിഴ് സിനിമയിലെ പലരും. എംജിആറും, ഒരുഘട്ടം വരെ വിജയകാന്തുമാണ് ഈ പാതയില്‍ വിജയം നേടിയത്. കമല്‍ഹാസന്‍ മുതല്‍ ശിവാജിവരെ രാഷ്ട്രീയ ശ്രമത്തില്‍ പരാജയപ്പെട്ട് അരികിലായി പോയവര്‍ ഏറെയാണ്. അതിനാല്‍ തന്നെ വിജയ്‍യുയുടെ രാഷ്ട്രീയ പ്രവേശനം വിജയിക്കുമോ ഇല്ലയോ എന്ന ചര്‍ച്ച തകൃതിയായി നടക്കുന്നുണ്ട്. ആത്യന്തികമായി 2026 ഏപ്രില്‍ മെയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അത് വ്യക്തമാകും.

2024 ഫെബ്രുവരിയില്‍ രൂപീകരിക്കപ്പെട്ട വിജയ്‍യുടെ പാര്‍ട്ടി തമിഴക വെട്രി കഴകം (ടിവികെ) ഇതിനകം തന്നെ വിജയ് ആയിരിക്കും അവരുടെ 2026 തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം വിക്രംവണ്ടിയില്‍ നടന്ന പാര്‍ട്ടിയുടെ ആദ്യ പൊതുസമ്മേളനം ശരിക്കും വിജയ്‍യുടെ ശക്തിപ്രകടനമായി മാറിയിരുന്നു.

തമിഴക മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ പുത്രന്‍ ഉദയനിധി സ്റ്റാലിനെ മുന്നില്‍ നിര്‍ത്തിയായിരിക്കും ഇത്തവണ ഭരണകക്ഷിയായ ഡിഎംകെ സംസ്ഥാന തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത് എന്ന് ഇതിനകം വ്യക്തമാണ്. ബിജെപി എഐഎ‍ഡിഎംകെ സഖ്യം രംഗത്ത് ഉണ്ടെങ്കിലും കളത്തില്‍ ഒരു ഉദയനിധി വിജയ് പോരാട്ടമാണ് തമിഴക രാഷ്ട്രീയം പ്രതീക്ഷിക്കുന്നത്.

അതേസമയം കോളിവുഡിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം സിനിമ ഉപേക്ഷിച്ച് പൂര്‍ണ്ണമായ രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ ആ സ്ഥാനം ആര് കൈയ്യടക്കും എന്ന ചര്‍ച്ചയും ഇപ്പോള്‍ സജീവമാണ്.

'തുപ്പാക്കി' ആര്‍ക്ക്?

ഗോട്ട് എന്ന ചിത്രത്തില്‍ ക്യാമിയോ റോളില്‍ വന്ന ശിവകാര്‍ത്തികേയന് തന്‍റെ കൈയ്യിലുള്ള തോക്ക് 'തുപ്പാക്കി പുടി ശിവ' എന്ന് പറഞ്ഞ് വച്ച് കൊടുക്കുന്നുണ്ട് വിജയ്. തന്‍റെ പിന്‍ഗാമിയായി സിനിമ രംഗത്ത് വിജയ് കാണുന്നത് ശിവകാര്‍ത്തികേയനെയാണ് എന്ന രീതിയിലാണ് ഈ രംഗത്തിന് വ്യാഖ്യാനം വന്നത്. ഇന്ന് ഒറ്റയ്ക്ക് ചിത്രം ഇറക്കി 200 കോടി കളക്ഷന്‍ ഉറപ്പ് നല്‍കാന്‍ കഴിയുന്ന തമിഴ് താരം ശിവകാര്‍ത്തികേയൻ മാത്രമാണ് എന്നതാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

2025ലെ തമിഴകത്തെ കളക്ഷന്‍ നോക്കിയാലും മനസിലാകും. 2 അജിത്ത് പടങ്ങള്‍ കഴിഞ്ഞ ആറുമാസത്തില്‍ ഇറങ്ങിയെങ്കിലും വിജയ്‍യുടെ ഗോട്ട് കളക്ഷന്‍റെ അടുത്ത് എത്താന്‍ സാധിച്ചില്ലെന്നതാണ് നേര്. അതിനാല്‍ തന്നെ വിജയ് പൂര്‍ണ്ണ രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോഴുള്ള വിടവ് നികത്താന്‍ ഏത് താരം ഉണ്ട് എന്നതാണ് ചോദ്യം. അജിത്ത് വര്‍ഷത്തില്‍ ഒരു ചിത്രം ചെയ്യാന്‍ ശ്രമിക്കും എന്നാണ് പറയുന്നത്. വര്‍ഷത്തിലെ ഭൂരിപക്ഷ സമയവും കാര്‍ റേസിന് മാറ്റിവയ്ക്കാന്‍ ഉദ്ദേശിക്കുന്ന താരം ഇനിമുതല്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെ മാത്രമേ ചലച്ചിത്രങ്ങള്‍ ചെയ്യു എന്നാണ് നിലപാട്.

രജനികാന്ത് ജയിലറില്‍ തന്‍റെ ബോക്സോഫീസ് പ്രഹരശേഷി കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ചെങ്കിലും അത്യന്തികമായി മള്‍ട്ടി സ്റ്റാര്‍ പടങ്ങളെ ആശ്രയിക്കുന്നു എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അതേസമയം ജയിലറിന് ശേഷം വന്ന 'ലാല്‍ സലാം, വേട്ടയ്യന്‍' തുടങ്ങിയ ചിത്രങ്ങള്‍ വലിയ പരാജയവുമായിരുന്നു. അടുത്തതായി ലോകേഷിന്‍റെ കൂലിയിലാണ് പ്രതീക്ഷ. അതും ഒരു മള്‍ട്ടി സ്റ്റാര്‍ ഫോര്‍മാറ്റിലാണ് എത്തുന്നത്. കമല്‍ഹാസന്‍ അടുത്തടത്തു വന്‍ തോല്‍വികളുടെ ക്ഷീണത്തിലാണ്.

സൂര്യ 'കങ്കുവ, റെട്രോ' ചിത്രങ്ങളുടെ പരാജയത്തോടെ വന്‍ ബോക്സോഫീസ് പ്രതിസന്ധിയിലാണ്. ധനുഷ് അടക്കം താരങ്ങള്‍ക്കും ബോക്സോഫീസില്‍ മികവ് പുലര്‍ത്താന്‍ പറ്റുന്നില്ല. അമരന്‍ എന്ന ചിത്രത്തിന്‍റെ വന്‍ വിജയം ഒരു സൂപ്പര്‍താര പദവിയിലേക്ക് വഴിവെട്ടികൊടുത്തിട്ടുണ്ട് ശിവകാര്‍ത്തികേയന്. അതിനിടയിലാണ് വിജയ്‍യുടെ പിന്‍ഗാമി ആര് എന്ന ചര്‍ച്ചവരുന്നത്.

1000 കോടി കാത്തിരിപ്പ്

തെലുങ്ക് സിനിമ അടക്കം 1000 കോടി ചിത്രങ്ങള്‍ നേടിയപ്പോള്‍ ഇപ്പോഴും ആ നേട്ടം ഇല്ലാത്ത സിനിമാ മേഖല എന്നത് കോളിവുഡിന്റെ ഗരിമയ‍്‍ക്ക് മാറ്റ് കുറയ്‍ക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലും മറ്റും സിനിമ രംഗത്തെ പ്രമുഖര്‍ തന്നെ പറയാറ്. എന്നാല്‍ ബോക്സോഫീസിലെ ഈ കണക്കിന് അപ്പുറം കണ്ടന്‍റാണ് വേണ്ടതെന്ന് വാദിക്കുന്നവരും ഏറെയാണ്. എന്നാല്‍ പലപ്പോഴും ബിഗ്ബജറ്റ് പാന്‍ ഇന്ത്യന്‍ സങ്കല്‍പ്പത്തിന് തുടക്കക്കാര്‍ എന്ന നിലയില്‍ തമിഴിന് ആ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടില്ല.

അതേസമയം തന്നെ തമിഴിലെ 1000 കോടി എന്ന് പറഞ്ഞ് വരുന്ന പല പടങ്ങളും നിലം തൊടുന്നില്ല. അവസാന ഉദാഹരണം കങ്കുവ മുതല്‍ തഗ് ലൈഫ് വരെയുണ്ട്. അതിനാല്‍ തന്നെ മിനിമം ബോക്സോഫീസ് സാന്നിധ്യം വച്ച് 1000 കോടിക്ക് സാധ്യതയുള്ള താരമാണ് വിജയ്. അദ്ദേഹമാണ് ഇപ്പോള്‍ പോകുന്നത് എന്നത് തമിഴകത്തെ 'കണക്ക് വിദഗ്ധരെ നിരാശരാക്കുന്നത്'.

അതേസമയം തന്നെ തമിഴ്നാട് ലക്ഷ്യമാക്കി മാത്രം പടം എടുക്കുന്ന വിജയ്‍ക്ക് ആ നേട്ടം നേടാന്‍ സാധിക്കുമോ എന്ന നിരീക്ഷണവും ശക്തമാണ്. ജനനായകന്‍ ഇത്തരത്തില്‍ വലിയൊരു പരീക്ഷണമായിരിക്കും അവസാന ചിത്രം എന്ന നിലയില്‍ വിജയ്‍ക്ക് എന്നാണ് തമിഴകത്തെ സൂചനകള്‍.

വിജയ്‍ക്ക് പിന്‍ഗാമി വേണോ?

സ്റ്റാര്‍, സൂപ്പര്‍സ്റ്റാര്‍ എന്ന പദവികള്‍ അപ്രത്യക്ഷമാകുന്ന കാലത്ത് വിജയ്‍ക്ക് ബോക്സോഫീസില്‍ പിന്‍ഗാമി ഉണ്ടാകുമോ എന്നത് പറയാന്‍ പറ്റില്ല. മമിത ബൈജു മുന്‍പ് ജനനായകന്‍ ഷൂട്ടിംഗ് അവസാന ദിവസം വിജയ്‍യോട് 'ഇത് അവസാന സിനിമയാണോ' എന്ന് ചോദിച്ചു, അപ്പോള്‍ അത് തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും എന്നാണ് പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ട് വന്നത്. അതിനാല്‍ തന്നെ മുന്‍കാല രാഷ്ട്രീയ സിനിമ താരങ്ങളുടെ അനുഭവങ്ങള്‍ കൂടി പരിശോധിച്ചാല്‍ വിജയ് ചിലപ്പോള്‍ സിനിമ രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയേക്കും.

മറ്റ് വന്‍ താരങ്ങളെപ്പോലെ കരിയറില്‍ തിരിച്ചടികള്‍ നേരിടുന്നു എന്ന തിരിച്ചറിവില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ വ്യക്തിയല്ല വിജയ്. അതാണ് പ്രതീക്ഷകള്‍ നല്‍കുന്ന കാര്യം. രാഷ്ട്രീയത്തില്‍ തമിഴര്‍ വിജയിയെ ദളപതിയായി കണ്ടില്ലെങ്കിലും സിനിമയില്‍ എന്നും ദളപതിയായി കാണുന്നു എന്നതാണ് സത്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക