ചിമ്പുവിനേക്കുറിച്ച് വാചാലയായപ്പോൾ 'വിണ്ണയ് താണ്ടി വരുവായ' പെയർ ഈസ് ബാക്ക് എന്ന വിശ്വാസത്തിലായിരുന്നു പ്രേക്ഷകർ. പക്ഷേ തൃഷ ഞെട്ടിച്ചു കളഞ്ഞു..
എവ്ളോ വർഷവാനാലും ഇവ്ളോ അഴകാ ഇരിക്കരാങ്കെ, എവളോ നല്ലാ നടിക്കറേങ്കേ.. അഴക് എൻട്രാൽ അവൾ താൻ! ആരാധകർ വാതോരാതെ വാഴ്ത്തുന്ന പേരഴകി, അഴക് തേവദൈ, തമിഴകത്തെ താരറാണി.. തൃഷ കൃഷ്ണൻ! തൃഷയുടെ നിലാമുഖത്തെ സിരിപ്പഴകിനെ പ്രശംസിച്ച് തുടങ്ങിയിട്ട് വർഷം ഇതെത്രയായെന്നാണ്...
'ഡ്രീംസ് കീപ് കമിങ് ട്രൂ' എന്ന് കുറിച്ചാണ് മണി രത്നം-കമൽ ഹാസൻ ചിത്രം തഗ് ലൈഫിൽ താനുമുണ്ടെന്ന് തൃഷ ആരാധകരെ അറിയിച്ചത്. ഓഡിയോ ലോഞ്ച് വേദിയിൽ ചിമ്പുവിനേക്കുറിച്ച് വാചാലയായപ്പോൾ 'വിണ്ണയ് താണ്ടി വരുവായ' പെയർ ഈസ് ബാക്ക് എന്ന വിശ്വാസത്തിലായിരുന്നു പ്രേക്ഷകർ. പക്ഷേ തൃഷ ഞെട്ടിച്ചു കളഞ്ഞു. സിനിമയുടെ ട്രെയ്‌ലർ വന്നതോടെ ചൂടുപിടിച്ച ചർച്ചയിലായി സോഷ്യൽ മീഡിയ. അഭിരാമിയും കമൽ ഹാസനുമായുള്ള ചുംബന രംഗം ചില പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞെങ്കിൽ മറ്റു ചിലരുടെ ശ്രദ്ധ പതിഞ്ഞത് തൃഷയിലേയ്ക്കാണ്. ചിമ്പുവിന് നായികയല്ല, മറിച്ച് കമൽ ഹാസൻ്റെ നായികയാണവർ. എല്ലാ മെയിൻ സ്ട്രീം പടത്തിലും ഫസ്റ്റ് ഓപ്ഷൻ ഹീറോയിൻ. ഇത്ര വർഷമായിട്ടും സ്റ്റിൽ ടോപ്പ് ഓൺ ബോർഡ്...
പാലക്കാട്ടുകാരായ അച്ഛനമ്മമാരുടെ മദ്രാസിൽ ജനിച്ചു വളർന്ന മകൾ. പതിനാറ് വയസ് മുതൽ തൃഷ മോഡലിങ് ചെയ്ത് തുടങ്ങി. മോഡലിങ് ചെയ്യുന്ന ആദ്യ കാലത്ത് തന്നെയാണ് തൃഷ മിസ് സേലമായി തെരഞ്ഞെടുക്കപ്പെട്ടതും. പക്ഷേ, ഫൽഗുനി പഥക് ആൽബങ്ങൾ ഇന്ത്യയിൽ ഓളമുണ്ടാക്കിത്തുടങ്ങിയ കാലത്താണ് ആ മനത്തൈ കൊല്ലും അഴകിയെ പ്രേക്ഷകർ ആദ്യം ശ്രദ്ധിക്കുന്നത്. അല്പം നാണം കലർന്ന ആരെയും മയക്കുന്ന ചിരിയും ആകാരവും, തിളങ്ങുന്ന കണ്ണുകൾ.. ജോഡിയിൽ തുടങ്ങി തഗ് ലൈഫ് വരെ നീണ്ടുനിൽക്കുന്ന കരിയറിനൊപ്പം അധികമൊന്നും ആരാധകരെ അറിയിക്കാത്ത വ്യക്തി ജീവിതവും. അതേസമയം ഒരുകാലത്തും തൃഷ നായികയായ ഗോസിപ്പുകൾക്ക് പഞ്ഞമുണ്ടായിട്ടില്ല.
1999ലാണ് തൃഷ സഹതാരമായി അഭിനയിച്ച 'ജോഡി' തിയേറ്ററുകളിൽ എത്തുന്നത്. ആദ്യം നായികയാകുന്നത് 'മൗനം പേസിയതെ' എന്ന ചിത്രത്തിൽ. സൂര്യയ്ക്കൊപ്പം നായികയായ ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും വിക്രമിൻ്റെ 'സാമി'യാണ് കരിയർ ബ്രേക്ക് ആയത്. സാമിയെ ജീവനായി കാണുന്ന ഭുവന എന്ന നാടൻപെൺകുട്ടിയാണ് ചിത്രത്തിൽ തൃഷ. 'ഇവൻ താനാ, ഇവൻ താനാ മനസ്സൂട്ടും മണവാളൻ ഇവൻ താനാ' എന്ന് തൃഷ പാടിയപ്പോൾ അത് ചെന്നു കൊണ്ടത് അക്കാലത്തെ യുവാക്കളുടെ ഹൃദയത്തിലായിരുന്നു. തൃഷയുടെ ആദ്യ ചിത്രമാകേണ്ടിയിരുന്ന 'ലേസാ ലേസാ' എത്തുന്നത് അതിനും ശേഷമാണ്. പ്രിയദർശൻ ഒരുക്കിയ ലേസാ ലേസാ മലയാളത്തിൽ സൂപ്പർഹിറ്റ് ആയ സമ്മർ ഇൻ ബദ്ലഹേമിൻ്റെ തമിഴ് പതിപ്പാണ്. മഞ്ജു വാര്യർ ചെയ്ത കഥാപാത്രമായിരുന്നു ചിത്രത്തിൽ തൃഷയ്ക്ക്. അവൾ ഉലഗ അഴകിയേ എന്ന് പാടി കാതൽ തേവതയായി പ്രേക്ഷകർ തൃഷയെ നെഞ്ചിലേറ്റുന്നത് അവിടം മുതലാണ്. അതേവർഷമെത്തിയ എനക്ക് 20 ഉനക്ക് 18, അലൈ എല്ലാം ബോക്സ് ഓഫീസ് വിജയങ്ങൾ. ബിഗ് ബജറ്റ് സിനിമകൾക്കും അവൾ സ്വപ്ന നായികായിത്തുടങ്ങി. തൃഷയുടെ ചിത്രങ്ങളൊട്ടിക്കാത്തെ ഹോസ്റ്റൽ മുറികളോ, വീടുകളോ, വാഹനങ്ങളോ പോലുമുണ്ടായില്ല അക്കാലത്ത്.
2004ൽ വിജയ്ക്കൊപ്പം 'ഗില്ലി'. ധനലക്ഷ്മിയും സരവണവേലും റിലീസിലും ഇരുപത് വർഷങ്ങൾ പിന്നിട്ട് വന്ന റീറിലീസിലും തമിഴകത്തുണ്ടാകിയ തരംഗം സമാനതകളില്ലാത്തതാണ്. 2003മുതൽ അങ്ങോട്ടുള്ള അഞ്ചു വർഷക്കാലം തമിഴ് സിനിമയ്ക്ക് മറ്റൊരു പെണ്മുഖമില്ലായിരുന്നു എന്ന് തോന്നും വിധമായിരുന്നു തൃഷയുടെ ജനപ്രീതി. 'ആറു', 'തിരുപ്പാച്ചി', 'ജി', 'ഉനക്കും എനക്കും', 'അഭിയും നാനും', 'ഭീമ', സിനിമയിൽ ഇംപാക്റ്റ് ഉണ്ടാക്കാൻ ഒരു മുഴുനീള കഥാപാത്രം പോലും തനിക്കാവശ്യമില്ലെന്ന് തെളിയിച്ച 'ആയൂത എഴുത്ത്', അങ്ങനെ തൃഷ ചിത്രങ്ങളുടെ പട്ടിക നീണ്ടു.
2004ൽ തന്നെ തൃഷ തെലുങ്കിലും അരങ്ങേറിയിരുന്നു. തമിഴിന് സമാന്തരമായി അവിടെയും അവർ താര സാമ്രാജ്യം പണിതു. 'വർഷ'ത്തിലെ ഷൈലജ തെലുങ്കിൽ സെൻസേഷ്ണൽ ഹിറ്റാകുന്നത് ഒറ്റ രാത്രി ഇരുട്ടി വളുത്ത അത്ര വേഗത്തിലാണ്. പിന്നാലെ വന്ന 'നുവോസ്തനന്തേ നെന്നോടന്തന', 'അതടു' പോലുള്ള ചിത്രങ്ങളെല്ലാം ഹിറ്റ്. തമിഴിലും തെലുങ്കിലും മുൻനിര നായകന്മാർക്കൊപ്പം സംവിധായകർ ചേർത്തുവയ്ക്കാൻ കൊതിച്ച മുഖം. പ്രേമത്തിലും കുസൃതിയിലും വിരഹത്തിലും തൃഷ ഏറ്റവും എക്സ്പ്രസീവാണ്. ദാവണിയിലും സാരിയിലും ജീൻസിലും ഒരേപോലെ സുന്ദരി. കരിയറിലെ തിരക്ക് കൂടിവന്നപ്പോൾ നായക പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലെ ഗ്ലാമർ വേഷങ്ങളിലായി പിന്നീട് തൃഷയെ കണ്ടതിലധികവും. അതിനിടെ ബോളിവുഡിലും മോളിവുഡിലും അരങ്ങേറ്റം. തമന്ന, കാജൽ അഗർവാൾ, ഹൻസിക മോട്വാണി തുടങ്ങിയവർ തമിഴ് സിനിമയിലെത്തി അവരവരുടെതായ ഇടം കണ്ടെത്തിത്തുടങ്ങിയതും അപ്പോഴാണ്.
2010ലാണ് 'വിണ്ണൈ താണ്ടി വരുവായ'യുടെ വരവ്. പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലെ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ക്ലാസിക്. തൃഷയെ എവർഗ്രീൻ റൊമാൻ്റിക് ഫികറാക്കി പ്രേക്ഷകമനസിൽ ഫിക്സ് ചെയ്യുകയായിരുന്നു സംവിധായകൻ. ഉലകത്തിൽ എവ്ലോ പൊണ്ണുങ്കൾ ഇരുന്തോം നാൻ യേൻ സാർ ജെസ്സിയെ ലവ് പണ്ണേം.. അത് നീ എത്തന വാട്ടി കേട്ടാലും എൻകിട്ട ബദലേ കെടയാത്... അതു തന്നെയായിരുന്നു അക്കാലത്ത് യുവത്വത്തിന് തൃഷയോടുള്ള ഫീൽ. കരിയറിലെ ആ മോശം സമയത്ത് നടിക്ക് തുണയായത് വിണ്ണെെത്താണ്ടി വരുവായയാണെന്ന് തൃഷയും സമ്മതിച്ചിട്ടുണ്ട്.
'96' വന്നപ്പോഴും കഥ മാറിയില്ല. ജീവിതത്തിൽ ചില രാത്രികൾ അവസാനിക്കാതിരുന്നെങ്കിലെന്ന് ആഗ്രഹിക്കാറില്ലേ. ജാനുവും റാമും നടന്ന അവരുടെ ആ രാത്രിയും അനന്തമായിരുന്നെങ്കിലെന്ന് ആഗ്രഗിച്ച് പോവുകയായിരുന്നു തിയേറ്ററിൽ പ്രേക്ഷകർ. ആ മഞ്ഞ ചുരിദാറും നീല ജീൻസും തിളങ്ങുന്ന കണ്ണുകളും ചിരിയും പല കാമുക ഹൃദയങ്ങളെയും വർഷങ്ങൾ പുറകിലേക്ക് നടത്തി. ഉന്നെ എങ്കെ വിട്ടിനോ അങ്കെ താൻ നിക്കിറേൻ ജാനു എന്ന് തന്നെയാണ് പ്രേക്ഷക ഹൃദയം മുഴുവൻ അന്ന് തൃഷയോട് പറഞ്ഞത്.
പിന്നെ ശിരസ്സുയർത്തിപ്പിടിച്ച് ഐശ്വര്യയുടെ പെരുമയെ ഒട്ടു ഭയക്കാതെ ഇളവരസി കുന്ദവൈ എത്തി. രാജതന്ത്രം ഒളിപ്പിച്ച കണ്ണും ചിരിയും ഭാവങ്ങളും ശരീര ചലനങ്ങളിൽ ആത്മവിശ്വാസത്തിന്റെ പൂർണത. വന്ദിയതേവനോടുള്ള പ്രണയം.. കുന്ദവൈയെ വേൾക്കാൻ ഇനിയുമൊരാൾ ജനിക്കേണ്ടി ഇരിക്കുന്നു എന്ന ഡയലോഗ് പോലെ കുന്ദവൈ ആവാൻ മറ്റൊരാളില്ലെന്ന് തോന്നുവിധമുള്ള അഴകും അഭിനയവും. കൂടെനിൽക്കുന്നത് ലോകസുന്ദരി ഐശ്വര്യ റായ് ആയിരുന്നിട്ട് പോലും തൃഷ സ്ക്രീൻ പ്രസൻസിൽ പലപ്പോഴും ആ സൗന്ദര്യത്തെയും മറികടന്നു. പൊന്നിയൻ സെൽവനോടെ തൃഷയുടെ മോശം സമയം മുഴുവനും കഴിഞ്ഞു. പിന്നാലെ 'ലിയോ', 'വിടാമുയിർച്ചി', 'ഗുഡ് ബാഡ് അഗ്ലി' പോലെ സമീപ കാല ബിഗ് ബജറ്റ് ചിത്രങ്ങളിലെല്ലാം നായിക.

തെലുങ്കിലാണ് ഏറെയും അവാർഡുകൾ നേടിയതെങ്കിലും 'തെന്നിന്ത്യൻ സിനിമയുടെ ക്യൂൻ' എന്ന വാഴ്ത്തലിന് ചെരുംവിധമാണ് ദക്ഷിണ ദേശത്തെ മുഴുവൻ സ്നേഹവും ആരാധനയും തൃഷ കൊണ്ടുനടക്കുന്നത്. നായകന്മാർ കാലങ്ങൾ വാഴുമ്പോൾ പലകാരണങ്ങൾകൊണ്ട് നായികമാർ വന്നും പോയും നിന്നു. പ്രേക്ഷകരുടെ ഇഷ്ടങ്ങൾ മാറി മാറി വന്നു. പക്ഷേ ഇരുപത്തി രണ്ട് വർഷങ്ങളായി തൃഷ ഇവിടെയുണ്ട്. അവരുടെ സിനിമകൾ കാണാതെ ഒരുകാലവും കടന്നുപോയിട്ടില്ല. തൃഷയുടെ നിലാമുഖത്തെ സിരിപ്പഴകിനെ പ്രശംസിച്ച് തുടങ്ങിയിട്ട് വർഷം ഇരുപത്തി രണ്ട് കഴിഞ്ഞെന്നർഥം!
ഇനി തഗ് ലൈഫ് ആണ്. മന്മദൻ അൻപിനും തൂങ്കാവനത്തിനും ശേഷം കമൽ ഹാസനൊപ്പം, ആയൂത എഴുത്ത്, പൊന്നിയിൻ സെൽവൻ ചിത്രങ്ങൾക്ക് ശേഷം മണിരത്നത്തിനൊപ്പം. ട്രെയ്‌ലറിന് പിന്നാലെ ഷുഗർ ബേബി എന്ന് തുടങ്ങുന്ന പാട്ടും തൃഷയുടേതായി എത്തി. നീണ്ട 37 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയിൽ വെറുമൊരു നായികയല്ല തൃഷ. ഓരോ ഫ്രെയിമിലും മിസ്റ്ററി ഒളിപ്പിക്കുന്നുണ്ട് ഷുഗർ ബേബി എന്ന പാട്ട്. ഇവിടെയും കാത്തിരിക്കാം ആ തൃഷ മാജിക്കിനായി.


