Asianet News MalayalamAsianet News Malayalam

'സൂഫിയും സുജാതയും' തുടക്കമാവുമോ? ഒടിടിയില്‍ റിലീസ് സിനിമ കാണുംമുന്‍പ്

കേരളത്തിലെ തീയേറ്ററുകളില്‍ നന്നായി ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'കുമ്പളങ്ങി നൈറ്റ്സ്'. എന്നാല്‍ ഈ ചിത്രം സ്ട്രീം ചെയ്യുന്ന ഒടിടി പ്ലാറ്റ്ഫോമിന്‍റെ കമന്‍റ് സെക്ഷന്‍  നോക്കിയാല്‍ ഈ സിനിമയെ വിവിധ ഭാഷക്കാര്‍ എങ്ങനെയാണ് കണ്ടത് എന്ന് വ്യക്തമാകും. 

when looking at direct ott release in malayalam
Author
thiruvananthapuram, First Published Jul 1, 2020, 6:10 PM IST

'സൂഫിയും സുജാതയും' എന്ന ചലച്ചിത്രത്തിന് മലയാള സിനിമയില്‍ ഇതുവരെ ഒരു ചിത്രത്തിനും ഇല്ലാത്ത ഒരു പ്രത്യേകതയുണ്ട്. വാര്‍ത്തകളില്‍ നിരന്തരം കേട്ടതു തന്നെയാണ് മലയാളത്തില്‍ ആദ്യമായി തീയേറ്റര്‍ റിലീസ് ഇല്ലാതെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ നേരിട്ട് റിലീസ് ചെയ്യുന്ന സിനിമ. കൊവിഡ് മഹാമാരി ആഗോള വ്യാപകമായി തന്നെ സിനിമാ വ്യവസായത്തെ തീയേറ്റര്‍ എന്ന അതിന്‍റെ പ്രധാന വരുമാന സ്രോതസ്സില്‍ നിന്നും അകറ്റിയപ്പോള്‍ മെല്ലെ മെല്ലെ സിനിമാ വ്യവസായത്തില്‍ ചുവടുറപ്പിച്ചിരുന്ന ഒടിടി പ്ലാറ്റ്ഫോമുകളുടെ വളര്‍ച്ച ശരവേഗത്തിലായി. ഇത്തരത്തില്‍ ഒരു സാഹചര്യത്തിലാണ് മലയാളത്തിലും ഡിജിറ്റല്‍ റിലീസ് ഉണ്ടാകുന്നത്.

എന്നാല്‍ സമീപഭാവിയില്‍ കൊവിഡ് കാലത്തിനു ശേഷവും മലയാളത്തില്‍ അടക്കം ഒടിടി റിലീസുകള്‍ ഏറെ ഉണ്ടാവും എന്നാണ് സൂചന. അതിന് വ്യക്തമായ കാരണമുണ്ട്. മലയാളത്തിലെ സിനിമാ നിര്‍മ്മാതാക്കളുടെ കണക്കു പ്രകാരം ഇരുപതിനടുത്ത് ചെറുതും വലുതുമായ പടങ്ങള്‍ മലയാളത്തില്‍ മാത്രം തീയേറ്റര്‍ റിലീസിനായി കാത്തുനില്‍ക്കുന്നുണ്ട്. അതില്‍ കുഞ്ഞാലിമരക്കാര്‍ പോലുള്ള വന്‍ ബജറ്റ് ചിത്രങ്ങള്‍ മുതല്‍ ഒരുകോടിക്ക് താഴെ ബജറ്റുള്ള ചിത്രങ്ങള്‍ വരെയുണ്ട്. അതിനാല്‍  കൊവിഡ് പ്രതിസന്ധിയില്‍ ഇളവു വന്ന് സിനിമാശാലകള്‍ തുറന്നാല്‍, തീയേറ്ററുകളിലേക്ക് ചിത്രങ്ങളുടെ മലവെള്ളപ്പാച്ചിലായിരിക്കും. അതിനു പുറമെ അന്യഭാഷാ ചിത്രങ്ങളും റിലീസിനായി കാത്തിരിക്കുന്നു.

when looking at direct ott release in malayalam

 

സമീപകാലത്തെ മലയാളത്തിലെ തീയേറ്റര്‍ റിലീസിംഗ് നോക്കിയാല്‍ സൂപ്പര്‍താര ചിത്രങ്ങളും നല്ല അഭിപ്രായം നേടുന്ന സിനിമകളും ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയുള്ള ചിത്രങ്ങളുടെ തീയേറ്റര്‍ കാലയളവ് കൂടിയാല്‍ രണ്ടു വാരമാണ്. ചിലപ്പോഴൊക്കെ അഭിപ്രായം ലഭിക്കാത്ത സൂപ്പര്‍താര ചിത്രങ്ങളുടെയും അവസ്ഥ മറ്റൊന്നല്ല. പല ചിത്രങ്ങളും കൊവിഡ് പ്രതിസന്ധിക്കു മുന്‍പു തന്നെ, ഇറങ്ങി ഒരു മാസത്തിനകം ഒടിടി പ്ലാറ്റ്ഫോമില്‍ പ്രത്യേക്ഷപ്പെടുന്നതും സാധാരണമായിരുന്നു. പ്രത്യേകിച്ച് ഈ പ്രവണത തമിഴ് ചിത്രങ്ങളുടെ കാര്യത്തില്‍ കൂടുതലായിരുന്നു. കേരളത്തില്‍ ചില തമിഴ് ചിത്രങ്ങള്‍ തീയേറ്ററില്‍ കളിക്കുമ്പോള്‍ തന്നെ അത് ഒടിടി പ്ലാറ്റ്ഫോമില്‍ ലഭിക്കുന്ന അവസ്ഥ ഉണ്ടായിരുന്നു.

അതിനാല്‍ത്തന്നെ സിനിമാശാലകള്‍ തുറന്നാലും വന്‍ സ്രാവുകള്‍ക്കിടയില്‍ മത്സരിച്ചു നില്‍ക്കാന്‍ സാധിക്കാത്ത കൊച്ചു സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമിലേക്കു മാറും എന്നാണ് സൂചന. ഇത്തരം ചര്‍ച്ചകള്‍ പല നിര്‍മ്മാതാക്കളും ഒടിടി പ്ലാറ്റ്ഫോമുകളുമായി ആരംഭിച്ചു കഴിഞ്ഞുവെന്നും അറിയുന്നു.

ഒടിടി റിലീസ് രീതികള്‍

മുന്‍പും മലയാള ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ എത്തിയിട്ടുണ്ട്. അതു പ്രധാനമായും തീയേറ്റര്‍ റണ്ണിംഗ് തീര്‍ന്ന് ടിവി പ്രിമീയറും കഴിഞ്ഞ ശേഷമാണ് ഡിജിറ്റല്‍ രൂപത്തില്‍ എത്തിയിരുന്നത്. ഹോട്ട് സ്റ്റാര്‍ പോലുള്ള പ്ലാറ്റ്ഫോമുകള്‍ അവരുടെ ടിവി റൈറ്റ്സ് കൂടി ചേര്‍ത്താണ് ഇത്തരത്തില്‍ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് പടം എടുത്തിരുന്നത്. മലയാളത്തില്‍ ഒടിടി പ്ലാറ്റ്ഫോമിലേക്കായി നടന്ന ഏറ്റവും വലിയ പര്‍ച്ചേസ് 2019ല്‍ ലൂസിഫറിന്‍റെയാണ് എന്ന് പറയാം. ലൂസിഫര്‍ തീയേറ്ററില്‍ ഓടി മാസങ്ങള്‍ക്കു ശേഷം ഡിജിറ്റല്‍ സ്ക്രീനില്‍ എത്തിക്കാന്‍ നല്‍കിയ തുക എത്രയെന്ന് ഇപ്പോഴും വ്യക്തമല്ല. പക്ഷേ അതൊരു ചെറിയ തുകയല്ലെന്ന് ഉറപ്പാണ്.

ശരിക്കും മുന്‍പ് സാറ്റലെറ്റ് റൈറ്റ് നല്‍കിയിരുന്ന സുരക്ഷിതത്വം പല നിര്‍മ്മാതാക്കള്‍ക്കും ഒടിടി പ്ലാറ്റ്ഫോം നല്‍കുന്നുണ്ട്. എന്നാല്‍ ഇത് മലയാളത്തിലേക്ക് സംഭവിക്കുന്നതേയുള്ളുവെന്നാണ് സിനിമാരംഗത്തുള്ളവരുടെ അഭിപ്രായം. എന്നാല്‍ കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് മലയാളത്തില്‍ തീയേറ്റര്‍ ഓട്ടം പൂര്‍ത്തികരിക്കാന്‍ കഴിയാത്ത പല നിര്‍മ്മാതാക്കള്‍ക്കും ഇത് അനുഭവത്തില്‍ ലഭിച്ചു.

when looking at direct ott release in malayalam

 

അതായത് മുന്‍കൂര്‍ പണം നല്‍കി തന്നെയാണ് പല ഒടിടി പ്ലാറ്റ്ഫോമുകളും സിനിമ സ്ട്രീംമിഗിന് വാങ്ങുന്നത്. സിനിമയുടെ തീയേറ്റര്‍ വിജയത്തിനൊപ്പം തന്നെ, പടത്തിന്‍റെ ഓണ്‍ലൈന്‍ വിജയ സാധ്യതയും ഒടിടി പ്ലാറ്റ്ഫോമുകള്‍ പരിഗണിക്കുന്നുണ്ട്. ഇതിനായി ചില ഓണ്‍ലൈന്‍ അന്വേഷണങ്ങള്‍ പോലും കേരളത്തില്‍ അടക്കം ഇത്തരം പ്ലാറ്റ്ഫോം അധികൃതര്‍ നടത്തുന്നുണ്ട്. ഒരു ചലച്ചിത്രത്തിന്‍റെ സമയദൈര്‍ഘ്യവും ഇത്തരം പ്ലാറ്റ്ഫോമുകള്‍ പരിഗണിക്കാറുണ്ട്.

സിനിമാരംഗത്ത് പരിചിതരായ കണ്‍സല്‍ട്ടന്‍സികള്‍ വഴിയാണ് പലപ്പോഴും ഒടിടി പ്ലാറ്റ്ഫോം ഒരു ചിത്രത്തിന്‍റെ അണിയറക്കാരെ സമീപിക്കുന്നത്. ഇതു വലിയ ചിത്രങ്ങള്‍ക്കാണ് സാധ്യമാകുന്നത്. ചില ചലച്ചിത്ര അണിയറക്കാര്‍ ചില റഫറന്‍സ് വഴി ഒടിടി പ്ലാറ്റ്ഫോമുകളില്‍ ഇടം തേടി അവരെയും സമീപിക്കാറുണ്ട്. ഇത്തരത്തില്‍ സമീപിക്കുന്ന ചിത്രങ്ങളുടെ സിനോപ്‍സിസ് ഒക്കെ വിലയിരുത്തിയാണ് പ്ലാറ്റ്ഫോം വാങ്ങുന്നത്. നിര്‍ബന്ധമായും ചിത്രങ്ങള്‍ക്ക് ഗുണമേന്മയേറിയ ഇംഗ്ലീഷ് സബ്ടൈറ്റിലുകള്‍ അത്യാവശ്യമാണ് എന്നതാണ് ഒടിടി പ്ലാറ്റ്ഫോമുകളുടെ ഒരു പ്രധാന ആവശ്യം. അടുത്തകാലത്തായി ഇറങ്ങുന്ന മലയാള ചലച്ചിത്രങ്ങളുടെ ടൈറ്റില്‍ കാര്‍ഡുകളില്‍ ഒരു പരിഭാഷകന്‍ കൂടി ചേര്‍ക്കപ്പെടുന്നതിന് പിന്നില്‍ ഈ ഒടിടി മാനദണ്ഡവും ഒരു പ്രധാന കാരണമാണ്. മറ്റൊരു കാരണം കേരളത്തിന് പുറത്തേക്ക് വ്യാപകമാവുന്ന, മലയാളസിനിമകളുടെ റിലീസിംഗ് സാധ്യതയാണ്.

ചലച്ചിത്രങ്ങള്‍ക്കു ലഭിക്കുന്ന രണ്ടാം ജീവിതം

കേരളത്തിലെ തീയേറ്ററുകളില്‍ നന്നായി ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'കുമ്പളങ്ങി നൈറ്റ്സ്'. എന്നാല്‍ ഈ ചിത്രം സ്ട്രീം ചെയ്യുന്ന ഒടിടി പ്ലാറ്റ്ഫോമിന്‍റെ കമന്‍റ് സെക്ഷന്‍  നോക്കിയാല്‍ ഈ സിനിമയെ വിവിധ ഭാഷക്കാര്‍ എങ്ങനെയാണ് കണ്ടത് എന്ന് വ്യക്തമാകും. അതില്‍ ചിത്രത്തിന്‍റെ സര്‍വ്വലൗകികമായ പ്രമേയത്തിന് ഒരു പങ്കുണ്ട് എന്ന് സമ്മതിക്കുമ്പോള്‍ തന്നെ സ്ട്രീമിംഗ് പ്ലാറ്റ്ഫോം നല്‍കുന്ന അവസരവും കാണതെ പോകരുത്. അടുത്തിടെ ബ്രട്ടീഷ് പത്രമായ ഗാര്‍ഡിയനില്‍ പ്രത്യക്ഷപ്പെട്ട 'കുമ്പളങ്ങി നൈറ്റ്സിന്‍റെ' റിവ്യൂവിന്‍റെ അവസാനം അത് സ്ട്രീം ചെയ്യുന്ന ഒടിടി അഡ്രസും ചേര്‍ത്തിരുന്നു.

when looking at direct ott release in malayalam

 

തീയേറ്റര്‍ റിലീസിന്‍റെ സമയത്തുപോലും പലപ്പോഴും ലഭിക്കാത്ത കള്‍ട്ട് ഫോളോവിംഗ് ഒരു സിനിമയ്ക്കു നല്‍കാന്‍ മുന്‍കാലത്ത് ഡിവിഡിക്കും ടിവി പ്രദര്‍ശനത്തിനും എങ്ങനെ സാധിച്ചോ അത്തരം ഒരു ഫോളോവിംഗ് കുറച്ചുകൂടി മികച്ച രീതിയില്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ നല്‍കുന്നു. കൊറോണക്കാലമായതിനാല്‍ കാര്യമായ തീയേറ്റര്‍ റണ്ണിംഗ് ലഭിക്കാതെ പോയ കപ്പേള എന്ന ചലച്ചിത്രം ഇപ്പോള്‍ ഉണ്ടാക്കുന്ന ഓളത്തെക്കുറിച്ച് ഓര്‍ക്കുക. കേരളത്തിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ മാത്രമല്ല, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് പോലും അതിനെ അഭിനന്ദിക്കുന്നു.

ഇത്തരത്തില്‍ ഒരു പുതിയ ജീവന്‍ ചലച്ചിത്രങ്ങള്‍ക്ക് ഒടിടി പ്ലാറ്റ്ഫോം വഴി ലഭിക്കും. പാകിസ്ഥാനിലെ ഡോണ്‍ പത്രത്തില്‍ അടുത്തിടെ മലയാള ചലച്ചിത്രങ്ങള്‍ സംബന്ധിച്ച് വലിയൊരു ആര്‍ട്ടിക്കിള്‍ തന്നെ വന്നു. അത് മുഴുവനും ഒടിടി പ്ലാറ്റ്ഫോമുകളില്‍ വിവിധ കാലങ്ങളില്‍ ഇറങ്ങിയ മലയാള ചലച്ചിത്രങ്ങളെ സൂചിപ്പിച്ചിട്ടായിരുന്നു.

ഇനിയെന്ത് സംഭവിക്കും?

പതിവുപോലെ ഈ രീതിയെ വിമര്‍ശിച്ച് വിവിധ സിനിമാ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. നിര്‍മ്മാതാക്കളുടെ സംഘടന, തീയേറ്റര്‍ ഉടമകളുടെ സംഘടന എന്നിങ്ങനെ. ഇത് താല്‍ക്കാലികമായി ഒരു പ്രതിഭാസമായി തന്നെ കാണേണ്ടിവരും. ചലച്ചിത്ര താരങ്ങളുടെ സംഘടന അമ്മ, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്‍ക എന്നിവയൊന്നും ഇത് സംബന്ധിച്ചൊന്നും ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും, ഇത്തരം ഒടിടി റിലീസ് ചിത്രങ്ങളും വരണം എന്നതാണ് മലയാള ചലച്ചിത്ര രംഗത്തെ യുവതലമുറ ആഗ്രഹിക്കുന്നത് എന്നാണ് ചില സാങ്കേതിക പ്രവര്‍ത്തകര്‍ പറയുന്നത്.

when looking at direct ott release in malayalam

 

ഇത്തരത്തില്‍ ഒരു മാറ്റം ഒടിടി പ്ലാറ്റ്ഫോമുകള്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ ഉണ്ടാകും എന്നാണ് പലരും കരുതുന്നത്. അതേസമയം കൃത്യമായ ഒരു വേര്‍തിരിവ് സിനിമാ നിര്‍മ്മാണത്തിലും വന്നേക്കും. ഒടിടി സ്ട്രീമിംഗിന് വേണ്ടി മാത്രം ചിത്രങ്ങള്‍ എടുക്കുക എന്ന പ്രവണത വന്നേക്കും. അതേസമയം തീയേറ്ററുകാര്‍ക്ക് അവരുടെ എക്സ്പീരിയന്‍സില്‍ കളിക്കാന്‍ സാധിക്കുന്ന വന്‍കിട പടങ്ങളും ഉണ്ടാകും. അതായത് ബഹുബലിയും, കുഞ്ഞാലിമരയ്ക്കാറും ഒക്കെ കളിക്കേണ്ടത് തീയറ്ററുകളില്‍ തന്നെ എന്നു പറയുമ്പോള്‍, ചിലപ്പോള്‍ ചില 'കപ്പേള'കള്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ക്കായി നിര്‍മ്മിക്കേണ്ടി വരും.

പൈറസി എന്ന വില്ലന്‍

ഇന്ന് ഒടിടി പ്ലാറ്റ്ഫോമില്‍ ഇറങ്ങുന്ന ഒരു ചിത്രം ഉടന്‍ തന്നെ ടെലഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളില്‍ വ്യാജനായി ലഭ്യമാണ് എന്നത് യഥാര്‍ത്ഥ്യമാണ്. പലപ്പോഴും മുന്‍പ് സിഡി യുഗത്തിലുണ്ടായ ഒരു പൈറസി ഭയം ഒടിടി പ്ലാറ്റ്ഫോമുകള്‍ ഇതില്‍ കാണിക്കുന്നതായി കാണുന്നില്ല. എന്തായിരിക്കും ഇതിന് കാരണം? ഇന്ത്യയില്‍ അടക്കം ഒടിടി പ്ലാറ്റ്ഫോമുകള്‍ വളര്‍ച്ചയുടെ തുടക്കത്തിലാണ്. പരമാവധി പുതിയ കണ്ടന്‍റുകള്‍ ഉള്ളയിടമാണ് എന്ന നിലയില്‍ പരസ്യം ചെയ്ത് തങ്ങളുടെ സബ്സ്ക്രൈബര്‍ ബേസ് വര്‍ദ്ധിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഒരിക്കല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ കയറിയ വ്യക്തി ചിലപ്പോള്‍ അത് വിട്ടുപോകില്ല എന്ന ആത്മവിശ്വസം പല ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും ഉണ്ട്.

ഇതേ തന്ത്രപ്രകാരം പണം കൊടുത്ത് കാണാന്‍ സാധിക്കുന്ന ഒരു വിഭാഗത്തെ പൂര്‍ണ്ണമായും ആകര്‍ഷിക്കുക എന്നതാണ് മുന്‍പ് സിഡി യുഗത്തിലുണ്ടായ ഒരു പൈറസി ഭയം ഒടിടി പ്ലാറ്റ്ഫോമുകള്‍ വച്ച് പുലര്‍ത്താതിന്‍റെ ഒരു അടിസ്ഥാന കാരണം എന്ന് പറയാം. പക്ഷേ ഇപ്പോഴത്തെ ഘട്ടം കഴിഞ്ഞാല്‍ പൈറസിക്കെതിരെ ഇത്തരം പ്ലാറ്റ്ഫോമുകള്‍ തങ്ങളുടെ നീക്കങ്ങള്‍ ശക്തമാക്കിയേക്കും. എന്ത് ഘട്ടത്തിലായാലും ഒരു സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന് പൈറസി ഒരു വെല്ലുവിളി തന്നെയാണ്.

Follow Us:
Download App:
  • android
  • ios