"കുടുംബമായി പോയി കാണാന്‍ പറ്റുന്ന ഒരു ചിത്രം വരുന്നില്ല"

സിനിമയെക്കുറിച്ച് പ്രേക്ഷകര്‍ക്കുള്ള കാഴ്ചപ്പാടുകള്‍ ഏറെ വ്യത്യസ്തമായിരിക്കും. പുതുകാലത്തെ സിനിമകള്‍ മനസിലാവുന്നില്ലെന്ന് പറയുന്നു വലിയൊരു വിഭാഗം മുതിര്‍ന്ന പ്രേക്ഷകരുണ്ട്. അതേസമയം പോസിറ്റീവ് അഭിപ്രായം ലഭിക്കുന്ന സിനിമകള്‍ക്ക് തിയറ്ററുകളില്‍ വലിയ പ്രേക്ഷകപങ്കാളിത്തം ലഭിക്കാറുണ്ട്താനും. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറല്‍ ആവുകയാണ്. തന്‍റെ പുതിയ ചിത്രമായ റാഹേല്‍ മകന്‍ കോരയുടെ പ്രൊമോഷന് എത്തിയ യുവനടന്‍ ആന്‍സണ്‍ പോളിനോട് ഒരു പ്രേക്ഷകന്‍ പറയുന്ന വാക്കുകളാണ് അത്. തങ്ങളുടെ ചിത്രം തിയറ്ററിലെത്തി കാണണമെന്ന് ആവശ്യപ്പെടുന്ന അന്‍സണ്‍ ഉള്‍പ്പെടെയുള്ള അണിയറക്കാരോട് ഇപ്പോള്‍ മലയാളത്തില്‍ നല്ല സിനിമകള്‍ ഇറങ്ങുന്നില്ലെന്ന പരാതി ഉന്നയിക്കുകയാണ് വൈക്കം സാംബശിവന്‍ എന്ന പ്രേക്ഷകന്‍.

നമ്മള്‍ തിയറ്ററില്‍ പോയി സിനിമ കാണുന്നവരാ. പക്ഷേ രണ്ട് വര്‍ഷമായിട്ട് കുടുംബമായി പോയി കാണാന്‍ പറ്റുന്ന ഒരു ചിത്രം വരുന്നില്ല. ദേവാസുരം പോലെ നല്ല നല്ല സിനിമകളൊക്കെ ഒരുപാട് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ കുടുംബത്തോടൊപ്പം കാണാന്‍ പറ്റുന്ന സിനിമകള്‍ ഇല്ല. സിനിമയുടെ സംസ്കാരം തന്നെ പോയിരിക്കുകയാണ്. അതൊന്ന് മാറ്റിക്കൊണ്ട് വന്നെങ്കില്‍ മാത്രമേ തിയറ്ററുകളിലേക്ക് ആളെത്തൂ. ഞങ്ങളൊക്കെ കുടുംബത്തോടൊപ്പം തിയറ്ററില്‍ പോയിക്കൊണ്ടിരുന്നവരാണ്, അദ്ദേഹം പറയുന്നു. എന്നാല്‍ തങ്ങളുടെ ചിത്രം ഫാമിലി ഓഡിയന്‍സിന് കാണാന്‍ പറ്റുന്ന ഒന്നാണെന്നാണ് റാഹേല്‍ മകന്‍ കോര അണിയറക്കാരുടെ പ്രതികരണം.

ആന്‍സണ്‍ പോള്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഉബൈനിയാണ്. മെറിന്‍ ഫിലിപ്പ്, സ്മിനു സിജോ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിംഗിൾ പാരന്‍റിംഗ് വിഷയമാക്കുന്ന ചിത്രമാണിത്. അച്ഛനില്ലാതെ വളരുന്നൊരു പെൺകുട്ടിയുടെയും ആൺകുട്ടിയുടേയും മനോഭാവങ്ങളിലെ മാറ്റം രസകരമായി അവതരിപ്പിക്കുകയാണ് ചിത്രം. ബേബി എടത്വയാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. അൽത്താഫ് സലിം, മനു പിള്ള, വിജയകുമാർ, രശ്മി അനിൽ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. നാളെയാണ് ചിത്രത്തിന്‍റെ റിലീസ്.

ALSO READ : '3 ഇഡിയറ്റ്സ്' ഒരിക്കല്‍ക്കൂടി തിയറ്ററില്‍ കാണണോ? ഒന്നല്ല 10 ജനപ്രിയ ഹിന്ദി ചിത്രങ്ങള്‍ വീണ്ടുമെത്തുന്നു