ഏഷ്യ കപ്പ് 2025 ലെ ഗ്രൂപ്പ് ഘട്ടത്തിലും കണ്ടത് പാക്കിസ്ഥാനെ ഏകപക്ഷീയമായി കീഴടക്കുന്ന ഇന്ത്യയെയാണ്. കഴിഞ്ഞ ഒരു ദശാബ്ദമെടുത്താല്‍ പാക്കിസ്ഥാന് മുകളില്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യക്കായിട്ടുണ്ട്
ജാവേദ് മിയാൻദാദിന്റെ ലാസ്റ്റ് ബോള്‍ സിക്സ്, ആമിര്‍ സൊഹൈലിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ച വെങ്കിടേഷ് പ്രസാദ്, ഡര്‍ബനിലെ ബൗള്‍ ഔട്ട്, ഡാമ്പുലയിലെ ഹര്‍ഭജന്റേയും മിര്‍പൂരിലെ അഫ്രിദിയുടേയും സിക്സറുകള്‍, മെല്‍ബണിലെ കോഹ്ലിയുടെ ഗോട്ട് ഇന്നിങ്സ്...അങ്ങനെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരങ്ങള്‍ ഹൈപ്പിനൊത്ത് ഉയർന്ന അനേകം പകലുകളും രാവുകളും. ഇരുരാജ്യങ്ങളും പങ്കിടുന്ന ചരിത്രവും മൈതാനത്തിന് പുറത്തെ ഘടകങ്ങളും സ്വാധിനിക്കപ്പെടുന്ന മത്സരത്തിന്റെ ഫലത്തിന് എക്കാലത്തും പ്രാധാന്യവുമേറയാണ്. കേവലമൊരു മത്സരമായി ഒരു ഇന്ത്യ-പാക് പോരും അവസാനിച്ചിട്ടുമില്ല. പക്ഷേ, സമീപകാല ചരിത്രം പരിശോധിച്ചാല്‍ പുറത്തുയരുന്ന ബഹളങ്ങള്‍ക്കപ്പുറമൊരു പോരാട്ടം കളത്തിലുണ്ടാകുന്നുണ്ടോ? ദ ബിഗ്ഗസ്റ്റ് റൈവല്‍റി ഇൻ ക്രിക്കറ്റ് എന്നത് കേവലം തലക്കെട്ട് മാത്രമായി ചുരുങ്ങുന്നില്ലെ.
പാക് ആധപത്യകാലം
വൈറ്റ് ബോള്‍ ഫോര്‍മാറ്റ് പരിഗണിക്കുമ്പോള്‍ 1978ലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ ഏകദിനം സംഭവിക്കുന്നത്. പാക്കിസ്ഥാനിലെ ക്വേട്ട അതിഥേയത്വം വഹിച്ച മത്സരം ജയിച്ചത് ഇന്ത്യയായിരുന്നു. പക്ഷേ, പിന്നീട് 1990 വരെയുള്ള കാലഘട്ടം പരിശോധിച്ചാല്‍ പാക്കിസ്ഥാന്റെ സമ്പൂർണ ആധിപത്യമാണ് കാണാനാകുന്നത്. 33 മത്സരങ്ങളില്‍ 21 തവണയും ജയം പാക്കിസ്ഥാനൊപ്പം, 10 എണ്ണം ഇന്ത്യ. ഫലമില്ലാതെ രണ്ടും. 90 മുതല്‍ 2010 വരെയാണ് ഇന്ത്യ-പാക് പോരാട്ടങ്ങളുടെ സുവർണ കാലഘട്ടമായി കാണാനാകുക. ഇരുരാജ്യങ്ങളിലേയും ഏറ്റവും മികച്ച താരങ്ങള്‍ കളത്തിലിറങ്ങിയ കാലഘട്ടം.
ഇൻസമാമും യുനിസ് ഖാനും മുഹമ്മദ് യൂസഫും സയിദ് അൻവറും വസിം അക്രവും വഖാർ യൂനിസും ഷാഹിദ് അഫ്രിദിയും അക്തറുമൊക്കെ പാക്കിസ്ഥാനൊപ്പം. സച്ചിനും ഗാംഗുലിയും ദ്രാവിഡും സേവാഗും കുംബ്ലെയും ശ്രീനാഥും വെങ്കിടേഷുമെല്ലാം ഇന്ത്യയ്ക്കായി ഉദിച്ചുയര്‍ന്ന കാലം. ഇക്കാലത്തും പാക്കിസ്ഥാനായിരുന്നു മേല്‍ക്കൈ. 85 മത്സരങ്ങളില്‍ നിന്ന് 48 ജയം, ഇന്ത്യ 35, ഫലമില്ലാതെ രണ്ടും. പക്ഷേ, ഇതിഹാസങ്ങള്‍ കളമൊഴിഞ്ഞപ്പോള്‍ പാക്കിസ്ഥാന് ആധിപത്യം നഷ്ടമായി, ഇന്ത്യ ക്രിക്കറ്റ് ഭൂപടത്തിലെ കരുത്തന്മാരായി ഉയരുകയും ചെയ്തു. കോഹ്ലി, രോഹിത്, രാഹുല്‍, ഷമി, ബുമ്ര തുടങ്ങിയവര്‍ സച്ചിനും സേവാഗുമൊക്കെ ഒഴിച്ചിട്ട വിടവ് നികത്തി.
ഏകദിനത്തില്‍ ചിത്രത്തിലില്ലാതെ പാക്കിസ്ഥാൻ
2010ന് ശേഷം 18 തവണയാണ് ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയത്. 13 തവണയും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. പാക്കിസ്ഥാന് ജയിക്കാനായത് നാല് തവണ മാത്രം. 2023 ഏഷ്യ കപ്പിലെ ഒരു മത്സരം മഴമൂലം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ചരിത്രത്തിലൊരിക്കലും പാക്കിസ്ഥാനെ ഇങ്ങനെ ഇന്ത്യ ഡൊമിനേറ്റ് ചെയ്ത കാലമില്ല. ഇക്കാലയളവില്‍ പ്രീതിനേടിയ ട്വന്റി 20 ഫോർമാറ്റിലും കഥയൊട്ടും വ്യത്യസ്തമല്ലെന്നതും ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ കാണാനാകും. ബിലാറ്ററല്‍ സീരീസുകള്‍ക്ക് കർട്ടൻ വീണതോടെ ഏഷ്യ കപ്പിലും ഐസിസി ടൂര്‍ണമെന്റുകളിലും മാത്രമായി ഇന്ത്യ-പാക് പോര് ഒതുങ്ങുകയും ചെയ്തു.
അവസാനമായി ഒരു ഏകദിനത്തില്‍ പാക്കിസ്ഥാൻ ഇന്ത്യയെ തോല്‍പ്പിക്കുന്നത് 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ്. ശേഷം ഏഴ് പ്രാവശ്യം ഏറ്റുമുട്ടി. ആറ് മത്സരങ്ങളാണ് പൂര്‍ത്തിയായത്. 2018 ഏഷ്യ കപ്പിലെ മത്സരങ്ങളില്‍ എട്ട് വിക്കറ്റിനും ഒൻപതു വിക്കറ്റിനും ജയം. 2019 ഏകദിന ലോകകപ്പില്‍ 89 റണ്‍സ് ജയം. 2023 ഏഷ്യ കപ്പില്‍ 228 റണ്‍സ് ജയം. പിന്നാലെ നടന്ന ലോകകപ്പില്‍ ഏഴ് വിക്കറ്റിനും 2025 ചാമ്പ്യൻസ് ട്രോഫിയില്‍ ആറ് വിക്കറ്റിനും പരാജയപ്പെടുത്തി. എല്ലാം അനായാസ ജയങ്ങള്‍.
ട്വന്റി 20 ക്രിക്കറ്റ് ചരിത്രമെടുത്താല്‍ മൂന്ന് തവണ മാത്രമാണ് പാക്കിസ്ഥാന് ഇന്ത്യയെ കീഴടക്കാനായിട്ടുള്ളത്. ഏറ്റവും ഒടുവില്‍ 2022 ഏഷ്യ കപ്പിലായിരുന്നു. ഏകദിനത്തില്‍ ഇന്ത്യയുടെ മികവിന് അടുത്തെത്താനാകുന്നില്ലെങ്കിലും ട്വന്റി 20യില്‍ ചെറുത്തുനില്‍പ്പ് സംഭവിച്ചിട്ടുണ്ട്. 2022, 24 ലോകകപ്പുകളില്‍ വിജയം കൈവിട്ടുകളയുന്ന പാക്കിസ്ഥാനെയാണ് കണ്ടത്, പ്രത്യേകിച്ചും സമ്മർദ സാഹചര്യം മറികടക്കാനാകാതെ. എന്തുകൊണ്ട് ഇന്ത്യയ്ക്കും മറ്റ് ശക്തരായ രാജ്യങ്ങള്‍ക്കുമൊപ്പം ക്രിക്കറ്റ് നിലവാരം ഉയര്‍ത്താൻ പാക്കിസ്ഥാന് കഴിയുന്നില്ല എന്നതാണ് ചോദ്യം.
പാക്കിസ്ഥാൻ ഓരോ ടൂർണമെന്റിലും അണിനിരത്തുന്ന ടീമുകള്‍ പരിശോധിച്ചാല്‍ ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻ അഫ്രിദി, ഫക്കർ സമാൻ എന്നിവർക്കപ്പുറം സ്ഥിരതയാര്‍ന്ന ഒരു റണ്‍ ലഭിച്ചവര്‍ തന്നെ കുറവാണ്. 2024 ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിച്ച പാക് താരങ്ങളില്‍ ഫക്കർ സമാനും ഷഹീൻ അഫ്രിദിയും മാത്രമാണ് ഏഷ്യ കപ്പ് ഇലവനിലുള്ളത്. ഇന്ത്യയുടെ ലോകോത്തര ബൗളിങ് നിരയ്ക്ക് മുന്നില്‍ പാക്കിസ്ഥാന് പിടിച്ചുനില്‍ക്കാൻ കഴിയാതെ പോകുന്നതിന്റെ കാരണവും ഇതുതന്നെയാണ്. പരിചയസമ്പത്തൊ എക്‌സ്പോഷറോ ലോകക്രിക്കറ്റില്‍ പാക്കിസ്ഥാന് മതിയായി ലഭിക്കുന്നില്ല. ബിലാറ്ററല്‍ സീരീസുകളുടെ അഭാവമാണ് ഇന്ത്യക്കെതിരെ ഇറങ്ങുമ്പോള്‍ പാക് പടയ്ക്ക് വെല്ലുവിളിയാകുന്നതും.


