ഓപ്പണറിനപ്പുറം മറ്റൊരു സ്ലോട്ടിലേക്കും സഞ്ജു സാംസണിനെ നിലവില്‍ പരിഗണിക്കുന്നില്ല എന്നതിന്റെ സൂചനകൂടിയായിരുന്നു പ്രോട്ടിയാസിനെതിരായ സന്നാഹ മത്സരത്തിലെ തീരുമാനങ്ങള്‍
Definitely Ishan and Abhishek will open, സൂര്യകുമാർ യാദവിന്റെ ഈ വാക്കുകള്‍ ഒരു ക്ലിയര്‍ പിക്‌ചർ നല്‍കിയിരിക്കുന്നു. 2026 ട്വന്റി 20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ അഭിഷേക് ശർമയുടെ പങ്കാളിയായി ക്രീസിലേക്ക് എത്തില്ല എന്ന്. ഒരു അവസാന അവസരം നവി മുംബൈയില്‍ ഒരുങ്ങുമെന്ന് കരുതിയിരുന്നു. പക്ഷേ, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സന്നാഹ മത്സരം ഇന്ത്യയുടെ ലോകകപ്പ് ഇലവൻ എന്തായിരിക്കുമെന്നതില്‍ വ്യക്തത വരുത്തി. അന്താരാഷ്ട്ര ട്വന്റി 20യിലെ സഞ്ജുവിന്റെ ഭാവി ഇനിയെന്തായിരിക്കും?
ദിവസങ്ങള്‍ക്ക് മുൻപായിരുന്നു ആരും നിരാശപ്പെടേണ്ടതില്ല, സഞ്ജു സാംസണ്‍ കളിക്കുമെന്ന ഉറപ്പ് ഗ്രീൻ ഫീല്‍ഡിലെ ഗ്യാലറികളോട് സൂര്യകുമാർ പറഞ്ഞത്. എല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമം കേവലം ആറ് പന്തില്‍ അവസാനിച്ചതോടെ വിധി കുറിക്കപ്പെട്ടു. ഓപ്പണറിനപ്പുറം മറ്റൊരു സ്ലോട്ടിലേക്കും സഞ്ജുവിനെ നിലവില്‍ പരിഗണിക്കുന്നില്ല എന്നതിന്റെ സൂചനകൂടിയായിരുന്നു പ്രോട്ടിയാസിനെതിരായ സന്നാഹപ്പോര്. സന്നാഹ മത്സരങ്ങളില്‍ ബാറ്റിങ് നിരയിലുള്ള എല്ലാവർക്കും തന്നെ അവസരം ലഭിക്കുന്നതാണ് പൊതുകാഴ്ച.
എന്നാല്‍, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ എട്ടാം നമ്പർ വരെ നീണ്ട ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ ഹർഷിത് റാണ വരെ ഉള്‍പ്പെട്ടു. സഞ്ജു മൈതാനത്തേക്ക് എത്തിയില്ല. ഇഷാൻ, അഭിഷേക്, തിലക് വർമ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക്ക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ എന്നിവര്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. മധ്യനിരയിലൊ പിൻനിരയിലൊ ഫിനിഷർ റോളിലൊ സഞ്ജുവിനൊരു എൻട്രി ഉണ്ടാകില്ലെന്ന് മേല്‍പ്പറഞ്ഞവരുടെ ഫോം തെളിയിക്കുന്നു. ന്യൂസിലൻഡ് പരമ്പരയില്‍ ഇന്ത്യൻ നിരയില്‍ തിളങ്ങാത്ത ഏക ബാറ്റർ സഞ്ജു മാത്രമായിരുന്നു.
അർദ്ധ സെഞ്ചുറികളോ കൂറ്റൻ സ്കോറുകളോ അനിവാര്യമായിരുന്നില്ല, അതിവേഗം 30 റണ്‍സ്, ഇങ്ങനെ രണ്ട് ഇന്നിങ്സുകള്‍ പോലും അന്തിമ ഇലവൻ ഉറപ്പിക്കാൻ പ്രാപ്തമാക്കുമായിരുന്നു. സഞ്ജുവിന് വേണ്ടി ഉപനായകനായിരുന്ന ശുഭ്മാൻ ഗില്ലിനെ തഴയാൻ മടിക്കാത്ത ബിസിസിഐ ഇഷാന്റെ അസാധാരണമായ ഫോമിനോട് എങ്ങനെ കണ്ണടയ്ക്കും.
സന്നാഹ മത്സരത്തില്‍ ഇഷാൻ - അഭിഷേക് സഖ്യം ക്രീസില്‍ തുടർന്നത് കേവലം 5.4 ഓവര്‍ മാത്രമാണ്. സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ക്കപ്പെട്ടത് 80 റണ്‍സായിരുന്നു. 235 ആയിരുന്നു ഓപ്പണിങ് കൂട്ടുകെട്ടിന്റെ സ്ട്രൈക്ക് റേറ്റ്. എട്ട് സിക്സും അഞ്ച് ഫോറും ഇതില്‍ ഉള്‍പ്പെടുന്നു. ചൂണ്ടിക്കാണിക്കേണ്ട മറ്റൊരു വസ്തുത പാര്‍ട്ട്‍ണര്‍ഷിപ്പില്‍ ഡൊമിനേറ്റ് ചെയ്തത് ഇഷാനായിരുന്നു എന്നതാണ്. അഭിഷേകിനെ കാഴ്ചക്കാരനാക്കിയായിരുന്നു ഇഷാന്റെ ബാറ്റിങ്.
റിട്ടയര്‍ഡ് ഔട്ടായി മടങ്ങുമ്പോള്‍ ഇഷാൻ നേടിയത് 20 പന്തില്‍ 53 റണ്‍സാണ്. സഞ്ജു ന്യൂസിലൻഡ് പരമ്പരയിലാകെ നേടിയത് 46 റണ്‍സായിരുന്നു. ഫോമിലുള്ള താരം ടീമിന് നല്‍കുന്ന മുൻതൂക്കം എത്രത്തോളമാണെന്ന് ഇവിടെ വ്യക്തമാകുന്നു. ഇതിനൊപ്പം തിലക് വർമ കായിക ക്ഷമത വീണ്ടെടുത്ത് തിരിച്ചുവന്നതും ലോകകപ്പില്‍ കളിക്കുക എന്ന സഞ്ജുവിന്റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. തിലക് സ്ക്വാഡിലേക്ക് എത്തുമ്പോള്‍ സഞ്ജുവിനേയും ഇഷാനെയും ഉള്‍പ്പെടുത്തുക എളുപ്പമാകില്ല, അല്ലെങ്കില്‍ സാധ്യമാകില്ല.
സഞ്ജു - ഇഷാൻ ചോദ്യത്തില്‍ ഉത്തരത്തിനായി നിലവില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. അതുതന്നെയാണ് ടീം മാനേജ്മെന്റിന്റെ തീരുമാനവും. ഇഷാൻ ഓപ്പണറായി എത്തിയതോടെ ഇന്നലെ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിലുണ്ടായിരുന്ന ടോപ് സിക്‌സില്‍ അഞ്ചും ഇടം കയ്യൻ ബാറ്റർമാരായിരുന്നു. സമീപകാലത്ത് ഇന്ത്യയുടെ തന്ത്രങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ള ഒന്ന്. പക്ഷേ, ഇത് തിരിച്ചടിയാകാത്തിടത്തോളം തുടരുക തന്നെ ചെയ്തേക്കും. ഇത് സഞ്ജുവിന്റെ കരിയറിനെ തന്നെ തുലാസിലാക്കാൻ പോന്ന തീരുമാനമായിരിക്കും.
കരിയറിലുടനീളം അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതായിരുന്നു സഞ്ജുവിന്റെ യാത്ര. ഇപ്പോഴും അതില്‍ മാറ്റമില്ലാതെ തുടരുന്നു. മോശം ഫോമില്‍ ഒരു വര്‍ഷത്തിലധികം തുടര്‍ന്ന സൂര്യകുമാര്‍ യാദവിന് നല്‍കിയ പിന്തുണ ആവര്‍ത്തിക്കാൻ ബിസിസിഐ തയാറാകുമോയെന്നാണ് ഒരു ചോദ്യം. തയാറായാലും ഇഷാനും അഭിഷേകും ഫോമില്‍ തുടരുന്നിടത്തോളം സഞ്ജുവിനെ ഇനി ആ സ്ഥാനത്തേക്ക് പരിഗണിക്കുമോയെന്നത് മറ്റൊരു ആശങ്കയായും നിലനില്‍ക്കുന്നു. മധ്യനിരയില്‍ കാര്യമായ മേല്‍ക്കൈ സ്ഥാപിക്കാനും സഞ്ജുവിന് സാധിച്ചിട്ടില്ല.
മടങ്ങിവരവ് പ്രയാസമുള്ള ഒന്നല്ല എന്നതിന് രോഹിത് ശർമയെപ്പോലെ പല ഉദാഹരണങ്ങളും മുന്നിലുണ്ട്. ലോകകപ്പില്‍ അവസരം ലഭിക്കാതെ പുറത്തിരിക്കേണ്ടി വന്നാല്‍ മുന്നോട്ടുള്ള പദ്ധതികളില്‍ സഞ്ജുവുണ്ടാകാനുള്ള സാധ്യത വിരളമായി മാറിയിരിക്കുന്നു. ഇങ്ങനെ സംഭവിച്ചാല്‍ വരാനിരിക്കുന്ന ഐപിഎല്‍ സീസണ്‍ സഞ്ജുവിന് കരിയര്‍ തിരിച്ചുപിടിക്കാനുള്ള അവസരമാകും.


