Asianet News MalayalamAsianet News Malayalam

'ഈ ബുൾ ജെറ്റ് പൊളിയാണ്': ഇ-ബുള്‍ ജെറ്റിന് പിന്തുണയുമായി നടന്‍ ജോയി മാത്യു രംഗത്ത്

നിയമവിരുദ്ധമായി ട്രാവലർ രൂപം മാറ്റിയതിന് പിഴയൊടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കണ്ണൂർ ആർടിഒ ഓഫീസിലെത്തി ബഹളംവച്ച രണ്ട് വ്ളോഗർമാർ റിമാൻഡിലായി.

actor joy mathew support e bull jet vloggers
Author
Kozhikode, First Published Aug 9, 2021, 10:16 PM IST
  • Facebook
  • Twitter
  • Whatsapp

കോഴിക്കോട്: അറസ്റ്റിലായ ഇ-ബുള്‍ ജെറ്റ് വ്ലോഗര്‍ സഹോദരന്മാര്‍ക്ക് പിന്തുണയുമായി ചലച്ചിത്ര താരവും സംവിധായകനുമായ ജോയി മാത്യു രംഗത്ത്. ഇ-ബുള്‍ ജെറ്റ് പൊളിയാണ് എന്ന് പറയുന്ന ജോയി മാത്യു, ഇവരെ വിമര്‍ശിക്കുന്നവര്‍ പുതുമണ്ണില്‍ ഉഴുതു മറിക്കുകയാണെന്ന് അഭിപ്രായപ്പെടുന്നു. 

കുട്ടികൾ ചില്ലറക്കാരല്ല  ഈ ബുൾ ജെറ്റ് പൊളിയാണ് - മാമൂൽ സാഹിത്യവും  മാമാ പത്രപ്രവർത്തനവും ഈ പിള്ളേർ ഉഴുതു മറിക്കുകയാണ്. ഇതിനൊരു പുതുമണ്ണിന്റെ മണമുണ്ട്. ജോയി മാത്യു ഫേസ്ബുക്കില്‍ എഴുതി. ജോയി മാത്യു ഇ-ബുള്‍ ജെറ്റിന്‍റെ നിയമലംഘനത്തെ പിന്തുണയ്ക്കുന്ന തരത്തിലാണോ സംസാരിക്കുന്നത് എന്ന തരത്തില്‍ നിരവധി കമന്‍റുകളും ഈ പോസ്റ്റിനടിയിലുണ്ട്. 

അതേ സമയം നിയമവിരുദ്ധമായി ട്രാവലർ രൂപം മാറ്റിയതിന് പിഴയൊടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കണ്ണൂർ ആർടിഒ ഓഫീസിലെത്തി ബഹളംവച്ച രണ്ട് വ്ളോഗർമാർ റിമാൻഡിലായി. ഇ ബുൾജെറ്റ് വ്ളോഗർമാരായ ലിബിൻ, എബിൻ എന്നിവരാണ് പിടിയിലായത്. ഉദ്യോഗസ്ഥർ തങ്ങളെ മർദ്ദിക്കുന്നു എന്നാക്രോശിച്ച് തത്സമയം സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയ ഇവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് കേസെടുത്തു.

വാൻ ലൈഫ് യാത്രകൾ നടത്തുന്ന ഇ ബുൾ ജെറ്റ് വ്ളോഗർമാരുടെ ട്രാവലർ കഴിഞ്ഞ ദിവസമാണ് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്. 

ഇന്ന് രാവിലെ കണ്ണൂർ എംവിഡി ഓഫീസിൽ എത്താൻ ഇരുവർക്കും നോട്ടീസും നൽകി. വാഹനം കസ്റ്റഡിയിലെടുത്ത വിവരം ഇന്നലെ തന്നെ യൂടൂബിലൂടെ അറിയിച്ച ഇവർ എംവിഡി ഓഫീസിലേക്ക് എത്താൻ ഫോളോവേഴ്സിനോട് ആഹ്വാനം ചെയ്തു. രാവിലെ ഒമ്പത് മണിയോടെ ഇവിടെ എത്തിയ സഹോദരങ്ങളോട് നികുതി കുടിശ്ശികയും, രൂപ മാറ്റം വരുത്തിയതിന്‍റെ പിഴയും ഉൾപ്പടെ 42,400 രൂപ ഒടുക്കണമെന്ന് എൻഫോഴ്സ്മെന്‍റ് ആർടിഒ ആവശ്യപ്പെട്ടു. പിഴ ഒടുക്കാൻ വിസമ്മതിച്ച ഇവർ ഓഫീസിൽ ബഹളമുണ്ടാക്കി. മർദ്ദിക്കുന്നെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരോട് കയർത്തു.

സോഷ്യൽ മീഡിയയിൽ ഇവർ നടത്തിയ പ്രചാരണത്തെ തുടർന്ന് കൊവിഡ് മാനദണ്ഡം ലംഘിച്ച് യൂട്യൂബർമാരുടെ ഫോളോവേഴ്സ് ഓഫീസ് പരിസരത്ത് തടിച്ച് കൂടി. 

പിന്നാലെ കണ്ണൂർ ടൗണ്‍ പൊലീസ് ലിബിനെയും എബിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എൻഫോഴ്സ്മെന്‍റ് ആർടിഒ പ്രമോദ് കുമാറിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം നിൽക്കൽ, കൊവിഡ് മാനദണ്ഡ ലംഘനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കുന്നതിനിടയിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കള്ള കേസിൽ കുടക്കിയെന്ന് വ്ലോഗർമാർ കോടതിയില്‍ പറഞ്ഞു. വീ‍ഡിയോ കോണ്‍ഫറൻസ് വഴി മുൻസിഫ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ഇരുവരെയും റിമാൻഡ് ചെയ്തു. വ്ളോഗർമാരുടെ അറസ്റ്റിനെ അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ച നടക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios