14 വർഷത്തിന് ശേഷം മമ്മൂട്ടിയും അമൽനീരദും ഒന്നിച്ച ചിത്രമാണ് ഭീഷ്മപർവ്വം. 

മ്മൂട്ടിയെ(Mammootty) നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം(Bheeshma Parvam). മാർച്ച് മൂന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ നേടി. ബോക്സ് ഓഫീസിലും ചിത്രത്തിന് മികച്ച വിജയമാണ് ലഭിച്ചത്. സിനിമ പുറത്തിറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ഭീഷ്മപർവ്വം നൽകിയ ഓളത്തിന്റെ അലയൊലികൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. അത്തരത്തിലുള്ള ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 

മുടി നീട്ടി വളര്‍ത്തിയ, കട്ട താടിയും മീശയുമൊക്കെയായി കലിപ്പൻ‌ ലുക്കിലുള്ള മൈക്കിളപ്പനെ പ്രേക്ഷകര്‍ ഒന്നടങ്കം കയ്യടിച്ച് വരവേറ്റതാണ്. ഇതേ ലുക്കിൽ സി​ഗരറ്റ് പുകച്ചിരിക്കുന്ന മമ്മൂട്ടിയെ ഫോട്ടോയിൽ കാണാനാകും. ഫോട്ടോഗ്രാഫറായ ഷഹീന്‍ താഹയാണ് താരത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

14 വർഷത്തിന് ശേഷം മമ്മൂട്ടിയും അമൽനീരദും ഒന്നിച്ച ചിത്രമാണ് ഭീഷ്മപർവ്വം. റിലീസ് ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംനേടി.ചിത്രത്തിന്റെ വിജയത്തിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും രം​ഗത്തെത്തിയിരുന്നു. 

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

അതേസമയം, സിബിഐ 5 ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. റത്തീന സംവിധാനം ചെയ്ത പുഴുവാണ് റിലീസ് കാത്തിരിക്കുന്നത്. ചിത്രം നാളെ സോണി ലിവിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. ​നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് ടീസറും ട്രെയിലറും നൽകിയ സൂചനകൾ.