ഭാര്യയും നടിയുമായ സിന്ധുവുമായി വേർപിരിഞ്ഞു താമസിക്കുകയാണെന്ന് വെളിപ്പെടുത്തി നടന്‍ മനു വര്‍മ. ഔദ്യോഗികമായി വേർപിരിഞ്ഞിട്ടില്ല. പൊരുത്തപ്പെടാൻ കഴിയില്ലെങ്കിൽ പിരിയണമെന്നും, വേർപിരിഞ്ഞവർ സൗഹൃദം സൂക്ഷിക്കുന്നത് നല്ലതാണെന്നും മനു വർമ്മ കൂട്ടിച്ചേർത്തു.
മലയാളികൾക്ക് ഏറെ സുപരിചനാണ് നടൻ മനു വർമ. നടന്‍ ജഗന്നാഥ വര്‍മയുടെ മകനാണ് ഇദ്ദേഹം. എൺപതുകളിൽ അഭിനയ രംഗത്തെത്തിയ മനു വർമ നിരവധി സിനിമകളിൽ വില്ലനായും സഹതാരമായുമെല്ലാം എത്തിയിരുന്നു. നിലവിൽ സീരിയലുകളിലും അഭിനയിച്ചു കൊണ്ടിരിക്കുന്ന നടൻ, ഇപ്പോഴിതാ താൻ ഭാര്യയും നടിയുമായ സിന്ധുവുമായി വേർപിരിഞ്ഞെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. അതിലൊന്നും കാര്യമില്ലെന്നും പരസ്പരം പറ്റില്ലെന്ന് തോന്നിയാൽ പിരിയണമെന്നും മനു വർമ പറഞ്ഞു.
"ഞങ്ങൾ ഇപ്പോൾ പിരിഞ്ഞാണ് താമസിക്കുന്നത്. ഒഫീഷ്യൽ ആയിട്ടില്ല. വീണ്ടും ഒരുമിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രണയിച്ചും സ്നേഹിച്ചും ജീവിച്ചതാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇതിനെക്കാൾ പ്രണയിച്ച എത്രയോ ആൾക്കാർ പിരിയുന്നു. എനിക്ക് പരിചയമുള്ളവർ തന്നെയുണ്ട്. ഓൾ ഇൻ ദ ഗെയിം. അത്രയെ ഉള്ളൂ", എന്ന് മനു വർമ പറയുന്നു. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"ഇപ്പോൾ പിന്നെ ഡിവോഴ്സ് എന്നത് ഒരു ഫാഷനായല്ലോ. ചെല്ലുമ്പോഴേ അറിയുള്ളൂ ഫാമിലി കോർട്ടിൽ പോകുന്നതിന്റെ ബുദ്ധിമുട്ട്. ഒരു ദിവസം ആയിരക്കണക്കിന് കേസാണ് വരുന്നത്. ചില സമയത്ത് ജഡ്ജ് തലവേദന എടുത്തിരിക്കുന്നത് കാണാം. വേർപിരിഞ്ഞവർ ഒരിക്കലും പരസ്പരം നല്ലത് പറയില്ലല്ലോ. കോടതിയിൽ അങ്ങോട്ടും ഇങ്ങോട്ടും ചളിവാരി എറിയുകയാണ്. അങ്ങോട്ടേക്ക് പോകാനും ഒരു മടിയാണ്", എന്നും അദ്ദേഹം പറയുന്നുണ്ട്.
"പണ്ട് ഒരു മനസിലാക്കലുണ്ടായിരുന്നു. കാലഘട്ടം മാറുമ്പോൾ ഓരോരുത്തരുടെയും മനസ്ഥിതിയും കാര്യങ്ങളുമൊക്കെ മാറുകയല്ലേ. ഇത് സംഭവിക്കാൻ അധികം സമയമൊന്നും വേണ്ടല്ലോ. പരസ്പരം മനസിൽ പെരുത്തമില്ലാതെ വരുമ്പോൾ മാറി താമസിക്കുക എന്നതാണല്ലോ നല്ലത്. കഷ്ടപ്പെട്ട് ഒരുമിച്ച് താമസിക്കേണ്ടതില്ല. പറ്റില്ല എന്ന് തോന്നിയാൽ പിരിയുക. വിദേശത്തൊക്കെ അങ്ങനെയാണ്. പക്ഷേ അങ്ങോട്ടൊക്കെ വിവാഹമോചനം നേടിയാലും പരസ്പര സൗഹൃദം ഉണ്ടാകും. അതിവിടെ ഇല്ല. അങ്ങനെ വന്നാൽ ഇവിടെ ഡിവോഴ്സ് ചെയ്യുന്നവരുടെ എണ്ണം കൂടും. വേർപിരിഞ്ഞവർ സൗഹൃദം സൂക്ഷിക്കുന്നത് നല്ലതാണ്. അതിന് എന്താണ് കുഴപ്പം", എന്നും മനു വർമ കൂട്ടിച്ചേർത്തു. സിന്ധു- മനു വർമ ദമ്പതികൾക്ക് മൂന്ന് മക്കളാണ് ഉള്ളത്. മൂത്തയാൾ അമേരിക്കയിൽ എൻജിനീയറാണ്. രണ്ടാമത്തെയാൾ ബാംഗ്ലൂരും. സുഖമില്ലാത്ത മകളാണ് ഏറ്റവും ഇളയ കുട്ടി.



