ഫുള്‍ ബ്ലാക്ക് ഔട്ട് ഫിറ്റില്‍ മാസായി മോഹന്‍ലാല്‍.
വില്ലനായി വെള്ളിത്തിരയിൽ എത്തി പിന്നീട് മലയാളത്തിന്റെ നായകനായി മാറിയ നടനാണ് മോഹൻലാൽ. കാലങ്ങളായുള്ള അഭിനയത്തിൽ അദ്ദേഹം ചെയ്തു തീർത്തത് മറ്റാർക്കും അനുകരിക്കാനാകാത്ത ഒട്ടനവധി കഥാപാത്രങ്ങളാണ്. ഇനിയും നിറഞ്ഞാടാൻ നിരവധി വേഷങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. രാജ്യമെമ്പാടും ഒട്ടനവധി ആരാധകവൃന്ദമുള്ള മോഹൻലാലിന്റെ ഒരു പുത്തൻ ലുക്കാണ് ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുന്നത്.
ഗോൾഡൻ നിറത്തിലുള്ള കസവ് കരയുള്ള കറുത്ത മുണ്ടും ഷർട്ടും അണിഞ്ഞ മോഹൻലാലിനെയാണ് ഫോട്ടോയിൽ കാണാനാകുക. തങ്ങൾ ലാലേട്ടനെ കാണാൻ ആഗ്രഹിച്ച ഔട്ട്ഫിറ്റ് എന്നാണ് ഫോട്ടോകൾ പങ്കിട്ട് ആരാധകർ കുറിക്കുന്നത്. "കിണ്ണൻ ഫൈറ്റ് സീനിലൊക്കെ കാണാൻ ആഗ്രഹിച്ച ഔട്ട്ഫിറ്റ്. ബോഡി ലാങ്വേജിൽ തന്നെ എന്താ സ്വാഗ്, ലാലേട്ടനെ കാണാൻ ആഗ്രഹിച്ച ഗെറ്റപ്പ്, വൻ വൻ ലുക്ക്..ഇമ്മാതിരി പെട ലൂക്കിലൊക്കെ ഇങ്ങേർ വന്നൊന്ന് അഴിഞ്ഞാടാൻ എത്രയായി കൊതിക്കുന്നു", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
അതേസമയം, ഇത് ഏത് സിനിമയിലെ ലുക്കാണെന്നാണ് പലരും ചോദിക്കുന്നത്. ദിലീപ് ചിത്രം ഭ ഭ ബ ലുക്കാണ് ഇതെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ചിത്രത്തിലേക്ക് മോഹൻലാൽ ജോയിൻ ചെയ്തുവെന്നും അതിലൊരു ഫൈറ്റ് സീനിലെ ലുക്കാണിതെന്നും പറയുന്നു. എന്നാല്‍ മഹേഷ് നാരായണന്‍ പടമാണിതെന്ന് പറയുന്നവരും ഉണ്ട്. എന്തായാലും മോഹന്‍ലാലിന്‍റെ ഒരു വൻ സംഭവം വരാൻ പോകുന്നുണ്ടെന്നാണ് ആരാധകപക്ഷം.
അതേസമയം, തുടരും ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഷണ്‍മുഖന്‍ എന്ന ടാക്സി ഡ്രൈവറായി മോഹന്‍ലാല്‍ എത്തിയ ചിത്രം തരുണ്‍ മൂര്‍ത്തിയായിരുന്നു സംവിധാനം ചെയ്തത്. കണ്ണപ്പ എന്ന തെലുങ്ക് ചിത്രത്തില്‍ അതിഥി വേഷത്തിലും അടുത്തിടെ മോഹന്‍ലാല്‍ എത്തിയിരുന്നു.



