ജൂലൈ 26ന് എയര്‍ ഇന്ത്യയുടെ വിമാനത്തിലായിരുന്നു മാധവന്‍റെ യാത്ര

ഒരു ബോയിംഗ് 787 ഡ്രീംലൈനറില്‍ ഒറ്റയ്ക്ക് സഞ്ചരിക്കാനുള്ള അവസരം! കൊവിഡ് സാഹചര്യം സൃഷ്‍ടിച്ച ഈ അസാധാരണ അനുഭവത്തക്കുറിച്ച് പറയുന്നത് മറ്റാരുമല്ല, നടന്‍ മാധവനാണ്. പുതിയ ചിത്രം 'അമേരിക്കി പണ്ഡിറ്റി'ന്‍റെ ചിത്രീകരണത്തിനായി ദുബൈയിലേക്കുള്ള യാത്രാമധ്യേയാണ് മാധവന് ഈ അനുഭവം ഉണ്ടായത്. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടാവുന്നതെന്ന് അദ്ദേഹം പറയുന്നു.

ജൂലൈ 26ന് എയര്‍ ഇന്ത്യയുടെ വിമാനത്തിലായിരുന്നു മാധവന്‍റെ യാത്ര. ബിസിനസ് ക്ലാസിലെയും ടെര്‍മിനലിലെയുമൊക്കെ നിശബ്ദതയും വിമാനത്തിനുള്ളിലെ ഏകാന്തതയുമൊക്കെ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുമുണ്ട് അദ്ദേഹം. "കൊവിഡ് ഒരുക്കിയ അസാധാരണ അവസരം. എന്താല്‍ സന്തോഷകരമായ ഒരു നിമിഷമല്ല ഇത്. ഒരു സമ്മിശ്ര വികാരമാണ് എനിക്കുള്ളത്. ഈ വീഡിയോ കണ്ട് വരും വര്‍ഷങ്ങളില്‍ നമുക്ക് ചിരിക്കാനാവുമെന്ന് ഞാന്‍ കരുതുന്നു. പക്ഷേ ഈ കൊവിഡ് സാഹചര്യം വേഗത്തില്‍ മാറിയേ പറ്റൂ", മാധവന്‍ പറയുന്നു.

മലയാളചിത്രം 'ചാര്‍ലി'യുടെ റീമേക്ക് ആയ 'മാര'യാണ് മാധവന്‍റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ സിനിമ. 'ഡീകപ്പിള്‍ഡ്' എന്ന നെറ്റ്ഫ്ളിക്സ് സിരീസിന്‍റെ ആദ്യ സീസണ്‍ ചിത്രീകരണം അദ്ദേഹം അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. 'അമേരിക്കി പണ്ഡിറ്റ്' കൂടാതെ 'റോക്കട്രി ദി നമ്പി ഇഫക്റ്റ്' എന്ന ചിത്രവും മാധവന് പൂര്‍ത്തിയാക്കാനുണ്ട്. വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറയുന്ന 'റോക്കട്രി ദി നമ്പി ഇഫക്റ്റി'ന്‍റെ സംവിധാനം മാധവനാണ്. ടൈറ്റില്‍ കഥാപാത്രമായ നമ്പി നാരായണനെ അവതരിപ്പിക്കുന്നതും അദ്ദേഹം തന്നെ. ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്. 100 കോടിക്ക് മുകളിലാണ് ബജറ്റ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona