കോമഡി നമ്പറുകളിലൂടെയും കുറിക്കുകൊള്ളുന്ന മറുപടികളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് രമേഷ് പിഷാരടി. സിനിമാ വിശേഷങ്ങളും മറ്റ് രസകരമായ അനുഭവങ്ങളും താരം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. രമേഷ് പിഷാരടിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. താരത്തിന്റെ ഫോട്ടോകളെക്കാള്‍ ആരാധകര്‍ ഇഷ്ടപ്പെടുന്നത് അദ്ദേഹം ഫോട്ടോയ്ക്ക് നല്‍കുന്ന കമന്റുകളാണ്. ഫോട്ടോയുമായി ഇത്രയധികം യോജിക്കുന്ന തമാശയെല്ലാം എങ്ങനെയാണ് എഴുതുന്നതെന്നാണ് ആരാധകരുടെ ചോദ്യം.

മലയാളത്തിലെ നിത്യഹരിതവില്ലന്‍ എന്ന പട്ടംചാര്‍ത്തിക്കിട്ടിയ ജോസ് പ്രകാശിന്റെ മുതലക്കുഞ്ഞുങ്ങളുമായുള്ള സംസാരം കാണാത്ത മലയാളികള്‍ ഉണ്ടാകില്ല, മുതലകള്‍ക്ക് തീറ്റ കൊടുക്കുമ്പോഴുള്ള ജോസ് പ്രകാശിന്റെ സംഭാഷണം ഇന്നും ട്രോളന്മാരുടെ ഇടയിലെ ഹൈ വോള്‍ട്ടേജ് ഐറ്റമാണ്. ഇപ്പോള്‍ മുതലകളുമായി ഫൈറ്റിലേര്‍പ്പെട്ടിരിക്കുന്നത് പിഷാരടിയാണ്. ലോക് ഡൗണ്‍ തുടങ്ങിയതുമുതല്‍ പഴയകാല ചിത്രങ്ങളാണ് രമേഷ് പിഷാരടി കൂടുതലായും പങ്കുവയ്ക്കാറുള്ളത്.

മുതലയുടെ ടാബ്ലോയുടെ മുകളില്‍ ഇരിക്കുന്ന ചിത്രവും, മുതലയെ വാ പിളര്‍ത്തുന്ന ചിത്രവുമാണ് താരം പങ്കുവച്ചത്, അതും ജോസ് പ്രകാശിന്റെ എക്കാലത്തേയും മികച്ച ഡയലോഗിനൊപ്പം.