ചെന്നൈയിൽ നടന്ന നിർമ്മാതാവ് ഇഷാരി ഗണേഷിന്‍റെ മകളുടെ വിവാഹത്തിൽ രവി മോഹനും ഗായിക കെനിഷ ഫ്രാൻസിസും ഒരുമിച്ച് എത്തി.

ചെന്നൈ: വെള്ളിയാഴ്ച ചെന്നൈയിൽ നടന്ന നിർമ്മാതാവ് ഇഷാരി ഗണേഷിന്‍റെ മകളുടെ വിവാഹത്തിൽ തമിഴ് നടൻ രവി മോഹനായിരുന്നു ശ്രദ്ധ കേന്ദ്രം. വിവാഹ മോചനത്തിന് ശേഷം നടന്‍ ഗായിക കെനിഷ ഫ്രാൻസിസിനൊപ്പം പ്രത്യക്ഷപ്പെട്ടതാണ് വാര്‍ത്തകള്‍ വരാന്‍ കാരണം. രവി മോഹൻ തന്റെ മുൻ ഭാര്യ ആരതിയിൽ നിന്ന് വേർപിരിയുന്നതായി പ്രഖ്യാപിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. 

കഴിഞ്ഞ വർഷം തങ്ങൾ സുഹൃത്തുക്കളായിരുന്നുവെന്ന് രവിയും കെനിഷയും പറഞ്ഞിരുന്നെങ്കിലും, ഇപ്പോൾ അവരുടെ വരവ് അവരുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. രവി മോഹന്‍റെ വിവാഹ മോചനത്തിന് പിന്നാലെ അതിന് കാരണം എന്ന് പറയപ്പെട്ട പേരാണ് കെനിഷ ഫ്രാൻസിസിന്‍റെത്. എന്നാല്‍ അത്തരം വാദങ്ങളെ രവി മോഹന്‍ അടക്കം തള്ളിയിരുന്നു. 

എന്നാല്‍ വേല്‍സ് ഫിലിംസ് ഉടമയുടെ മകളുടെ വിവാഹത്തിന് രവിയും കെനിഷയും ആഘോഷ വസ്ത്രങ്ങള്‍ ധരിച്ച് തന്നെയാണ് എത്തിയത്. പരമ്പരാഗത ഷർട്ടും ധോത്തിയും ധരിച്ചാണ് നടൻ എത്തിയതെങ്കിലും, കെനിഷ ബോർഡറിൽ എംബ്രോയ്ഡറി ചെയ്ത സ്വർണ്ണ നിറത്തിലുള്ള സാരിയാണ് തിരഞ്ഞെടുത്തത്. രണ്ടുപേരും ദമ്പതികളെപ്പോലെയുണ്ട് എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ വരുന്നത്. 

2024 സെപ്റ്റംബറിൽ വേർപിരിയാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം, രവി മോഹനും ആരതിയും സോഷ്യൽ മീഡിയയിൽ തമ്മില്‍ അടിച്ചിരുന്നു. ഡിടി നെക്സ്റ്റിനു നൽകിയ അഭിമുഖത്തിൽ, കെനിഷ, രവിയുമായുള്ള പ്രണയബന്ധത്തെക്കുറിച്ചുള്ള കിംവദന്തികൾ ആക്കാലത്ത് തള്ളിക്കളഞ്ഞിരുന്നു. ആരതിയും കുടുംബവും രവിയെ അധിക്ഷേപിച്ചുവെന്ന് കെനിഷ പറഞ്ഞിരുന്നു. ഒരു തെറാപ്പിസ്റ്റ് എന്ന നിലയിൽ പ്രൊഫഷണൽ കാരണങ്ങളാൽ താൻ രവിയെ കണ്ടുമുട്ടിയെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.

രവി മോഹന്‍റെ മുന്‍ഭാര്യ ആരതിക്കും കുടുംബത്തിനും എതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഒരു തെറാപ്പിസ്റ്റ് എന്ന നിലയിൽ, ജയം രവിയുടെ ഭാര്യയും ബന്ധുക്കളും അദ്ദേഹത്തിന് നൽകിയ വേദന മാതാപിതാക്കളെ നഷ്ടപ്പെട്ടതിന്റെ വേദനയേക്കാൾ വലുതാണെന്ന് കെനിഷ പറഞ്ഞിരുന്നു. 

ഒരു തെറാപ്പിസ്റ്റ് എന്ന നിലയിൽ, ആരതിയില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും അദ്ദേഹം അനുഭവിച്ച പോരാട്ടങ്ങളെക്കുറിച്ച് കേൾക്കുന്നത് എനിക്ക് വളരെ വേദനാജനകമാണെന്നും കെനിഷ പറഞ്ഞിരുന്നു. ലിംഗഭേദമില്ലാതെ ആരും ഇത്രയധികം പീഡനം അർഹിക്കുന്നില്ലെന്നും, വേണമെങ്കില്‍ ഈ പീഡനത്തിന്‍റെ തെളിവുകള്‍ കോടതിയിലോ പൊതുമധ്യത്തിലോ വയ്ക്കാന്‍ തയ്യാറാണെന്നും കെനിഷ വ്യക്തമാക്കിയിരുന്നു.