പാടാത്താ പൈങ്കിളിയിലെ ദേവയായി പ്രേക്ഷകരുടെ സ്വന്തം നായകനായി മാറിയ താരമാണ് സൂരജ്. പരമ്പരയിൽ രസകരമായ മുഹൂർർത്തങ്ങളും പ്രണയരംഗങ്ങളുമൊക്കെയായി മുന്നേറുകയാണ് സൂരജിന്റെ കഥാപാത്രം. വളരെ പെട്ടെന്ന് പ്രേക്ഷകരുമായി ചേർന്നുനിന്ന സൂരജ് സോഷ്യൽ മീഡിയയിലും സജീവമാണ്. സോഷ്യൽ മീഡിയയിൽ വലിയ ആരാധകരാണ് താരത്തിനുള്ളത്. 

ഇപ്പോഴിതാ വലിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സൂരജ്.  'സിനിമ ക്യാമറയുടെ മുന്നിലേക്ക് ഉള്ള എന്റെ ആദ്യ കാൽവെപ്പ്. ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന എന്റെ സ്വപ്നമായിരുന്ന വിനീത് ശ്രീനിവാസൻ സാർ, എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു സമ്മാനമാണ് എനിക്ക് ദിവസം കിട്ടിയത്'- എന്നാണ് സൂരജ് കുറിച്ചിരിക്കുന്നത്. വിനീതിനോട് സംസാരിക്കുന്നതിന്റെ ചെറു വീഡിയോയും ചിത്രവുമാണ് താരം പങ്കുവച്ചിരിക്കുന്നത്. 

പലപ്പോഴും വീഡിയോകളിലും കുറിപ്പുകളിലുമായി തന്റെ സിനിമാ മോഹം സൂരജ് വെളിപ്പെടുത്തിയിരുന്നു. എപ്പോഴായാലും താൻ അവിടെയെത്തുമെന്ന് വിളിച്ചുപറയുന്ന സ്വയം പ്രചോദിത വീഡിയോകളും കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. ശ്രമത്തിന് ലഭിച്ച സമ്മാനമെന്നാണ് പ്രേക്ഷകർ മിക്കവരുടെയും പ്രതികരണം.