ഉണ്ണിക്കണ്ണനെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകളാണ് ഏറെയും വരുന്നത്.
താരങ്ങളോടുള്ള ആരാധന കൊണ്ട ശ്രദ്ധനേടിയ നിരവധി പേരുണ്ട്. അവർ വാർത്തകളിൽ ഇടംപിടിക്കാറുമുണ്ട്. അക്കൂട്ടത്തിലൊരാളാണ് ഉണ്ണിക്കണ്ണൻ. വിജയ് ആണ് ഉണ്ണിക്കണ്ണന്റെ പ്രിയ താരം. വിജയിയെ കാണാനായുള്ള ഇയാളുടെ കാത്തിരിപ്പും പിന്നാലെ കാൽ നടയായി നടനെ കാണാൻ പോയതും എല്ലാം ഏറെ ശ്രദ്ധനേടിയരുന്നു. ഒടുവിൽ ആ ആഗ്രഹം ഉണ്ണിക്കണ്ണൻ സാധിച്ചെടുത്തതും ഏറെ വൈറൽ ആയിരുന്നു.
വിജയിയെ കണ്ട് നാട്ടിലെത്തിയത് പിന്നാലെ ഉണ്ണിക്കണ്ണനെ കാണാനും പരിചയപ്പെടാനും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ഒപ്പം വിവിധ ഉദ്ഘാടനങ്ങൾക്കും ഇയാൾ പോകുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തനിക്ക് വിഷമം ഉണ്ടാക്കിയൊരു കാര്യത്തെ കുറിച്ച് ഉണ്ണിക്കണ്ണൻ പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്.
തന്നെ ഉപദ്രവിക്കരുതെന്നും ജീവിക്കാൻ അനുവദിക്കണമെന്നും തൊഴു കൈകളോടെ ഉണ്ണിക്കണ്ണൻ വീഡിയോയിൽ പറയുന്നുണ്ട്. "ദയവ് ചെയ്ത് ഉപദ്രവിക്കരുത്. ഇത്രയും കാലത്തിനിടയിൽ വളരെ സങ്കടകരമായൊരു കാര്യം ഇന്നലെ നടന്നു. നിന്റെ ഈ മുഖവും കുട വയറും വച്ചിട്ട് ഒരു ഉദ്ഘാടനവും പ്രമോഷനും കിട്ടില്ല. കോഴിയും കുമ്പളങ്ങയും തരാം എന്ന് പറഞ്ഞു. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ്. ഈ പൈസ കൊണ്ട് ഞാനും അരി വാങ്ങുന്നുണ്ട്. കിട്ടുന്നതിൽ ഒറു പങ്ക് പാവപ്പെട്ടവർക്കും കൊടുക്കുന്നുണ്ട്. ദയവ് ചെയ്ത് എന്നെ ഉപദ്രവിക്കരുത്. ജീവിച്ച് പൊക്കോട്ടെ", എന്നാണ് ഉണ്ണിക്കണ്ണൻ പറയുന്നത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഉണ്ണിക്കണ്ണനെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകളാണ് ഏറെയും വരുന്നത്. അതേസമയം, വിജയിയെ കണ്ടെന്ന് പറയുന്ന ഫോട്ടോ എവിടെ എന്ന് ചോദിച്ചും ചിലർ കമന്റ് ചെയ്യുന്നുണ്ട്. ഫെബ്രുവരി നാലിനാണ് വിജയിയെ കണ്ടെന്ന് അറിയിച്ചു കൊണ്ട് ഉണ്ണിക്കണ്ണന്‍ രംഗത്ത് എത്തിയത്. വിജയിയെ കണ്ടെന്നും ഷൂട്ടില്‍ ആയതിനാല്‍ ഫോട്ടോന്നും എടുക്കാനായില്ലെന്നും അവര്‍ തന്നെ അതയച്ചു തരുമെന്നും ഉണ്ണിക്കണ്ണന്‍ പറഞ്ഞിരുന്നു.
