കുറച്ചുദിവസങ്ങളായി നെറ്റ്ഫ്‌ലിക്‌സിലെ സ്പാനിഷ് വെബ് സിരീസായ മണി ഹീസ്റ്റിനെ പറ്റിയുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ എല്ലായിടത്തും. കണ്ടവര്‍ വാതോരാതെ സംസാരിക്കുന്നു, അറിയാത്തവര്‍ അറിയാവുന്നവര്‍ക്ക് പറഞ്ഞുകൊടുക്കുന്നു. അങ്ങനെ ആകെമൊത്തം പുകിലാണ്. സിരീസിന്റെ നാലാം സീസണ്‍ ഈ മാസം ആദ്യം വന്നതോടെയാണ് ആളുകളുടെ ചര്‍ച്ച കൂടിയത്. കൂടാതെ അതിലെ 'ബെല്ലാ ഛാവോ' എന്ന സ്പാനിഷ് ഗാനവും ആളുകള്‍ ഏറ്റെടുത്തുകഴിഞ്ഞു. അത് പാടുന്നത് ഒരു ചലഞ്ചായും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇപ്പോള്‍ ബെല്ലാ ഛാവോ പാടി ശ്രദ്ധ നേടിയിരിക്കുകയാണ് യുവനടി അഹാന കൃഷ്ണകുമാര്‍. അഹാന കൃഷ്ണകുമാര്‍ തന്നെയാണ് വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

മലയാളിക്ക് സുപരിചിതയായ നടിയാണ് അഹാനാ കൃഷ്ണകുമാര്‍. ഫഹദിന്റെ അനിയന്‍ ഫര്‍ഹാന്‍ നായകനായ ഞാന്‍ സ്റ്റീവ് ലോപസിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, പതിനെട്ടാംപടി, ലൂക്ക എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു. 'മണി ഹീസ്റ്റുപോലുള്ള വ്യത്യസ്തമായ വിഷയങ്ങളുടെ ഭാഗമാകണം, ഈ പാട്ട് എന്താണെന്നു ചിന്തിക്കുന്നവരുണ്ടെങ്കില്‍, ലോകത്തെ ബഹുഭൂരിപക്ഷം ആളുകളും ഇപ്പോള്‍ ഈ പാട്ടിനുപിന്നാലെയാണ്' എന്ന ക്യാപ്ഷനോടെയാണ് താരം താന്‍തന്നെ പാടുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഒരുപാടുപേരാണ് താരത്തിന്റെ പാട്ടിന് കമന്റുമായെത്തിയിരിക്കുന്നത്. നന്നായിട്ട് പാടുന്നുണ്ടല്ലോ, മണി ഹീസ്റ്റ് ആരാധികയാണല്ലെ, നൈറോബിയെ (സിരീസിലെ കഥാപാത്രം) പോലെയുണ്ടല്ലോ കാണാന്‍, എന്നെല്ലാമാണ് ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്. 'കൈനീട്ടം കിട്ടിയില്ല അതുകൊണ്ട് വീട് കൊള്ളയടിക്കാന്‍ പോവുകയാണ്' എന്നുപറഞ്ഞ് മണി ഹീസ്റ്റ് മുഖംമൂടി അണിഞ്ഞ് പോസുചെയ്യ്ത പോസ്റ്റും ഫോട്ടോയും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പിന്നാലെയാണ് പാട്ടുമായും അഹാനയെത്തിയത്.