നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി മത്സരിച്ച നടി അഞ്ജലി നായർ മൂന്നാം സ്ഥാനത്തെത്തി. പരാജയത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ നേരിടുന്ന ട്രോളുകളിൽ അവര്‍ പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിലെ സെലിബ്രിറ്റി സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു നടി അഞ്ജലി നായർ. തൃപ്പൂണിത്തുറയിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായിട്ടായിരുന്നു അഞ്ജലി മത്സരിച്ചത്. പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും മണ്ഡലത്തിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു അഞ്ജലിക്ക്. ഇതിന് പിന്നാലെ നിരവധി ട്രോളുകളും അഞ്ജലിയ്ക്ക് നേരെ വരുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ വേളയിലും ഇത്തരത്തിൽ ട്രോളുകൾ നേരിടേണ്ടി വന്നിരിന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഞ്ജലി നായർ.

"നെഗറ്റീവ് ട്രോളുകളൊന്നും കാണാഞ്ഞിട്ടല്ല. എന്നെ ഒരുപാട് പറയുന്നുണ്ട്. ഇതുവരെ കാണിച്ച സ്നേഹത്തിന്‍റേയും വാത്സല്യത്തിന്‍റേയും അപ്പുറം പറയുന്ന ഒരുപാട് ട്രോളുകള്‍ ഞാന്‍ കാണുന്നുണ്ട്. ട്രോളരുതെന്നൊന്നും ഞാന്‍ പറയുന്നില്ല. അതൊക്കെ നിങ്ങളുടെ മനസും സമയവും സാഹചര്യത്തിലും വരുന്ന കാര്യങ്ങളൊക്കെ ആണ്. അതൊക്കെ നടക്കട്ടെ. പക്ഷേ നിങ്ങളില്‍ ഒരാളാണെന്ന് മനസിലാക്കിയിട്ട് ഉപദ്രവിക്കരുത് എന്ന് മാത്രമെ എനിക്ക് പറയാനുള്ളൂ", എന്നായിരുന്നു അഞ്ജലി നായരുടെ പ്രതികരണം.

കോൺ​ഗ്രസിന്റെ ദീപക് ജോയ് ആണ് തൃപ്പൂണിത്തുറയിൽ വിജയിച്ചത്. 18468 ഭൂരിപക്ഷത്തിൽ 70256 വോട്ടുകൾ കോൺ​ഗ്രസ് നേടി. എൽഡിഎഫിന്റെ കെ എൻ ഉണ്ണികൃഷ്ണൻ 51788 വോട്ടുകളും നേടി. അഞ്ജലി നായർക്ക് 29471 വോട്ടുകളാണ് നേടാനായത്.

‘ചക്ക തന്നെയല്ലേ താമര, താമര തന്നെ അല്ലെ ചക്ക’

തന്‍റെ ചിഹ്നത്തെ കുറിച്ച്, ‘ചക്ക തന്നെയല്ലേ താമര, താമര തന്നെ അല്ലെ ചക്ക’ എന്നായിരുന്നു അഞ്ജലി പറഞ്ഞത്. എന്നാല്‍ ഇത് തന്‍റെ വാക്കുകളെല്ലാന്നാണ് അഞ്ജലി ഇപ്പോള്‍ പറയുന്നത്. "ഞാനൊരു അമ്പലത്തില്‍ പോയപ്പോള്‍, നീ വോട്ട് ചോദിക്കുന്നത് അഭിനയിച്ച് കൊണ്ടല്ലേ എന്ന് ഒരു അപ്പൂപ്പന്‍ എന്നോട് ചോദിച്ച് കളിയാക്കി. അടുത്തിരുന്ന അമ്മൂമ്മ അങ്ങനെ പറയല്ലേന്ന് പറഞ്ഞു. ചിഹ്നം മാറിയതാണോ പ്രശ്നം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, എന്താ മോളേ ചക്ക തന്നെയല്ലേ താമര, താമര തന്നെ അല്ലെ ചക്ക. ഞങ്ങള്‍ക്ക് അറിയാം. ചക്ക പൊളിച്ച് നോക്കിയാല്‍ താമര പോലെയല്ലേ ഇരിക്കുന്നത്. എന്ന് ആ അമ്മ പറഞ്ഞ വാക്കുകളാണ് ഞാന്‍ പറഞ്ഞത്. പക്ഷേ അത് ഞാന്‍ പറഞ്ഞത് പോലെയായി", എന്ന് അഞ്ജലി പറഞ്ഞത് വലിയ ശ്രദ്ധനേടിയിരുന്നു. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming