ഗായകൻ ജി. വേണുഗോപാലിന്റെ നിരീക്ഷണത്തിൽ, ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം സാധാരണ വോട്ടർമാരുടെ ഉറച്ച തീരുമാനത്തിന്റെ പ്രതിഫലനമാണ്.

കേരളത്തിൽ കോൺ​ഗ്രസ് മിന്നും വിജയം നേടിയിരിക്കുകയാണ്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അധികാരത്തിലേറിയതിന്റെ ആവേശത്തിലാണ് മുന്നണി. ആരാകും കേരളം ഭരിക്കാൻ പോകുന്ന മുഖ്യമന്ത്രി എന്ന കാത്തിരിപ്പിലാണ് ജനങ്ങൾ ഇപ്പോൾ. തതവസരത്തിൽ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ​ഗായകൻ ജി വേണു​ഗോപാൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

ഇലക്ഷൻ ദിനത്തിൽ അങ്ങേയറ്റത്തെ അച്ചടക്കത്തോടെ വളരെ വൈകുവോളം വരി നിന്ന് വോട്ട് രേഖപ്പെടുത്തിയ സാധാരണ സമ്മതിദായകൻ്റെ മുഖത്ത് കണ്ട കടുത്ത തീരുമാനമാണ്, ഈ ഫലപ്രഖ്യാപന ദിനത്തിലെ വിജയങ്ങളിലും തോൽവികളിലും മാത്രമല്ല, വിജയികളുടെ അഭൂതപൂർവ്വമായ ഭൂരിപക്ഷങ്ങളിലും തകർന്നടിഞ്ഞ പാർട്ടി കോട്ടകളിലും ദൃശ്യമാകുന്നതെന്ന് വേണു​ഗോപാൽ പറയുന്നു.

ജി വേണു​ഗോപാലിന്റെ വാക്കുകൾ ഇങ്ങനെ

വയസ്സ് 21 മുതൽ മുടങ്ങാതെ ഇലക്ഷനുകൾക്ക് വോട്ട് ചെയ്യാറുണ്ട്. ഒന്നൊഴിയാതെ ! ഇലക്ഷന് വരി നിന്ന് വോട്ട് ചെയ്യുമ്പോൾ കൂടെ നിൽക്കുന്നവരുടെയും, അന്നത്തെ ടി വി മാധ്യമങ്ങളിലൂടെ കാണുന്നവരുടെയും മുഖങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. മുഖം പലപ്പോഴും മനസ്സിൻ്റെ കണ്ണാടിയാണ്. വോട്ടിൻ്റെ ഗതിയുടേയും ആകാം അത്! ഒരു പാർട്ടി പ്രവർത്തകൻ്റെ മേലങ്കിയോ അന്ധമായ ആത്മവിശ്വാസമോ കൈമുതലില്ലാതെ നിഷ്പക്ഷനും തിരിച്ചറിവുമുളള ഒരു സാദാ വോട്ടറുടെ ബുദ്ധി, സാധാരണ മനുഷ്യ മനസ്സുകളുടെ ഗതിവിഗതികളുടെ ഒരു എകദേശ ധാരണ, ഇത് രണ്ടും ഉണ്ടെങ്കിൽ ഇതെങ്ങോട്ടേയ്ക്കാണ് പോകുന്നത് എന്ന് പിടി കിട്ടും. വലിയ ക്രാന്തദർശിയൊന്നും ആകേണ്ട കാര്യമില്ല. വോട്ടിങ്ങ് ദിനത്തിൽ ഞാൻ ഇക്കാര്യം പോസ്റ്റ് ചെയ്തിരുന്നു. വോട്ടേർസിൻ്റെ മുഖത്ത് കണ്ട തീവ്രമായ നിശ്ചയദാർഢ്യത്തെക്കുറിച്ച്‌. ആഴക്കടലിൽ സ്ഥിരമായി മീൻ പിടിക്കുന്നവൻ, മീനിൻ്റെ സാന്നിദ്ധ്യവും വലിപ്പവും മനസ്സിൽ അളന്ന് കുറിച്ച് തിട്ടപ്പെടുത്തി ചൂണ്ടയും ഇരയും കൃത്യമായി നിക്ഷേപിക്കുന്ന ഒരു ലക്ഷണം! ഇലക്ഷൻ ദിനത്തിലെ വോട്ടർമാരുടെ മുഖത്തെ നിശ്ചയദാർഢ്യവും കൂടിയ പോളിംഗ് ശതമാനവും പത്തു വർഷം തുടർച്ചയായി ഭരിക്കുന്ന ഏതൊരു ഗവൺമെൻ്റിൻ്റേയും മുട്ട് ഇടിപ്പിക്കും, ചങ്കിടിപ്പ് കൂട്ടും! ആത്മവിശ്വാസത്തിന് മേലെ വേറെയെന്തെങ്കിലും കൈവശമുണ്ടെങ്കിലേ , ഈ ചിഹ്നങ്ങൾ ഭരണപക്ഷത്തിൻ്റെ വിജയമായി കണക്കാക്കാൻ സാധിക്കുകയുള്ളൂ.

ഇലക്ഷൻ ദിനത്തിൽ അങ്ങേയറ്റത്തെ അച്ചടക്കത്തോടെ വളരെ വൈകുവോളം വരി നിന്ന് വോട്ട് രേഖപ്പെടുത്തിയ ആ സാധാരണ സമ്മതിദായകൻ്റെ മുഖത്ത് കണ്ട കടുത്ത തീരുമാനമുണ്ടല്ലോ? അതാണ് ഇന്ന് ഈ ഫലപ്രഖ്യാപന ദിനത്തിലെ വിജയങ്ങളിലും തോൽവികളിലും മാത്രമല്ല, വിജയികളുടെ അഭൂതപൂർവ്വമായ ഭൂരിപക്ഷങ്ങളിലും തകർന്നടിഞ്ഞ പാർട്ടി കോട്ടകളിലും ദൃശ്യമാകുന്നത്.

തിരിച്ച് പിടിക്കാനാകാത്ത പരാജയങ്ങളൊന്നുമില്ല. തകർത്തു തരിപ്പണമാക്കാൻ സാധിക്കാത്ത അപാര വിജയങ്ങളുമില്ല. രാഷ്ട്രീയത്തിലും പൊതു പ്രവർത്തനത്തിലും പുതുരക്തം ഉദയം ചെയ്യട്ടെ. വിനയത്തോടെ, ഉൾക്കാഴ്ചയോടെ പരാജയം വിശകലനം ചെയ്യപ്പെടട്ടെ. എളിമയോടെ വിജയികൾ പ്രവർത്തിക്കട്ടെ. അവരുടെ പ്രവർത്തനങ്ങൾക്ക് വിലയിടാൻ ഇനി അഞ്ചു വർഷം മാത്രം. ഓരോ ചൂണ്ടുവിരലിലും പടരുന്ന മഷി എന്നും അവരെ കാത്തിരിക്കുന്നുണ്ട്!

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming