അടുത്തിടെയാണ് ടെലിവിഷൻ താരം ആതിര മാധവ് വിവാഹിതയായത്.  രാജീവ് മേനോന്‍ ആണ് ആതിരയുടെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്നത്. വണ്‍ പ്ലസ് കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് രാജീവ്. നീണ്ട പ്രണയകാലത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. 

ഇപ്പോഴിതാ കുടുംബജീവിതത്തിനിടയിലെ ഒരു രസകരമായ മുഹൂര്‍ത്തം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ആതിര. ഭർത്താവ് രാജീവിനൊപ്പമുള്ള റീൽ വീഡിയോ ആണ് താരം പങ്കുവച്ചത്. 'അത്രയേ ഉള്ളൂ... ഉറങ്ങിക്കിടക്കുന്ന ഭർത്താവിനൊപ്പവും റീൽ ചെയ്യാൻ എനിക്ക് കഴിയും'- എന്നാണ് ഒപ്പമുള്ള തമാശ നിറഞ്ഞ കുറിപ്പ്.

വിവാഹ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആതിര ആരാധകരെ അറിയിച്ചിരുന്നു. ഹല്‍ദി ദിനത്തിലെ ചിത്രങ്ങളും വിവാഹവസ്ത്രത്തിലുള്ള വ്യത്യസ്തമായ ഡാന്‍സ് വീഡിയോയുമടക്കം ആതിര പങ്കുവച്ച വിവാഹ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരകളില്‍ ഒന്നായ 'കുടുംബവിളക്കി'ലെ കഥാപാത്രങ്ങള്‍ എല്ലാംതന്നെ പ്രേക്ഷക പ്രിയം നേടിയവയാണ്. അത്തരത്തിലൊരു കഥാപാത്രമാണ് പരമ്പരയിൽ ആതിര അവതരിപ്പിക്കുന്ന  'അനന്യ'.