മകനെ ഗര്‍ഭം ധരിച്ചിരുന്ന കാലത്ത് വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ട കഥ പറയുകയാണ് ബീന ആന്റണി.

ലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ബീന ആന്റണി. സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ബീന ആന്റണി താരമാകുന്നത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. ഇന്നും ടെലിവിഷന്‍ രംഗത്തെ തിരക്കുള്ള അഭിനേതാക്കളില്‍ ഒരാളാണ് ബീന. ഇപ്പോഴിതാ മകനെ ഗര്‍ഭം ധരിച്ചിരുന്ന കാലത്ത് വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ട കഥ പറയുകയാണ് ബീന ആന്റണി. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

"ഞാന്‍ എട്ട് മാസം ഗര്‍ഭിണിയായിരിക്കുന്ന സമയം. കോട്ടയം ഭാഗത്ത് എനിക്കൊരു ഉദ്ഘാടനം ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് അന്നൊരു മഞ്ഞ സെന്‍ കാര്‍ ആയിരുന്നു ഉണ്ടായിരുന്നത്. മോര് കാച്ചിയ വണ്ടി എന്നാണ് ഞങ്ങള്‍ പറയുക. മഴ സമയമായിരുന്നു. കുമരകം ഭാഗത്തു കൂടിയായിരുന്നു തിരികെ വന്നത്. ഒരിടത്ത് എത്തിയപ്പോള്‍ മുന്നില്‍ ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയായി. റോഡും പുഴയുമെല്ലാം ഒരുപോലെ. ഞങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ പറ്റാത്ത അവസ്ഥ. ഞാന്‍ പേടിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. കാല് സീറ്റില്‍ കയറ്റി വച്ചിരിക്കുകയാണ്. ഒരു വണ്ടിയും അതുവഴി വരുന്നുണ്ടായിരുന്നില്ല. മനുവിനോട് വണ്ടി നന്നായി റെയ്‌സ് ചെയ്ത് മുന്നോട്ട് തന്നെ എടുക്കാന്‍ പറഞ്ഞു. കുറേ കഴിഞ്ഞതും വണ്ടിയുടെ ഉള്ളിലേക്ക് വെള്ളം കയറാന്‍ തുടങ്ങി. സീറ്റ് വരെ വെള്ളം കയറി. എന്റെ ദൈവമേ! ഒന്നും മനസിലാകാത്ത അവസ്ഥ", എന്ന് ബീന പറയുന്നു. 

'മേജര്‍ സര്‍ജറി, ഏഴെട്ട് മണിക്കൂര്‍ വേണം, ആദിയ്ക്ക് നോ ടെന്‍ഷന്‍, നോ പേടി'; മകനെ കുറിച്ച് അമല്‍ രാജ്‌ദേവ്

താന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടേ അതിനകത്തിരുന്നുവെന്നും ബീന ആന്റണി പറയുന്നു. "അവസാനം കുറേ നേരം കഴിഞ്ഞപ്പോള്‍ ഒരു ലോറി എവിടുന്നോ വന്നു. അതിലെ ആളുകള്‍ ഞങ്ങളെ എങ്ങനെയോ പുറത്തെടുക്കുകയായിരുന്നു. എനിക്ക് ഒന്നും ഓര്‍മ്മയില്ല. വണ്ടിയുടെ അകത്തൊക്കെ വെള്ളം കയറിയിരുന്നു. റോഡും പുഴയും മനസിലാകുന്നില്ല. വണ്ടി നീങ്ങാതായി. ലോറിയിലാണ് ഞങ്ങളെ അവിടെ നിന്നും രക്ഷപ്പെടുത്തിയത്. വണ്ടി കേടായിപ്പോയിരുന്നു. അത് പിന്നീട് വന്നാണ് ശരിയാക്കിയെടുത്തത്", എന്നും ബീന ആന്റണി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..