മാനസികമായി ഭയങ്കരമായി തളർന്ന് പോയി. അച്ഛനും അമ്മയും ഇല്ല. കെട്ടിയോനും മരിച്ചു. മക്കളും ഇല്ല. അതെങ്കിലും അവർക്ക് നോക്കാമായിരുന്നുവെന്ന് ബീന. 

താനും ദിവസങ്ങൾക്ക് നടി ബീന കുമ്പളങ്ങിയുടെ ദുരിത ജീവിതത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. സഹോ​ദരിയുടെയും ഭർത്താവിന്റെയും പീഡനം മൂലം വീടുവിട്ടിറങ്ങേണ്ടി വന്ന ബീനയുടെ അവസ്ഥ ഏറെ ചർച്ചയായിരുന്നു. നിലവിൽ സീമ ജി നായരുടെ ഇടപെടലിൽ ​ഗാന്ധിഭവനിൽ ആണ് ബീന ഉള്ളത്. ഈ അവസരത്തിൽ തന്റെ ജീവതത്തെ കുറിച്ചും നേരിട്ട മാനസികപീഡനത്തെ പറ്റിയും തുറന്നു പറയുകയാണ് ബീന കുമ്പളങ്ങി. 

സീമ സ്വർ​ഗത്തിലാണ് തന്നെ കൊണ്ടാക്കിയതെന്നാണ് ബീന പറയുന്നത്. പോറ്റി വളർത്തി കൂടെപ്പിറപ്പുകൾ തന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും നടി പറഞ്ഞു. ലെറ്റ്സ് ടോക്ക് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു ബിനയുടെ പ്രതികരണം. 

ബീന കുമ്പളങ്ങിയുടെ വാക്കുകൾ

പണ്ട് കൊപ്ര ബിസിനസ് ആയിരുന്നു അച്ഛന്. ‍ഭാ​ഗം വച്ച് പോയപ്പോൾ എല്ലാം നഷ്ടമായി. ഞങ്ങൾ ഏഴ് മക്കളാണ്. അപ്പച്ചൻ, അമ്മ, അമ്മൂമ്മ എന്നിവരും ഉണ്ടായിരുന്നു. പഴയ നൂറ് വർഷം പഴക്കമുള്ള വീടാണ് ഞങ്ങളുടേത്. പതിമൂന്ന് മുറികളൊക്കെ ഉണ്ടായിരുന്നു. ഇവരെ എല്ലാം നോക്കിയത് ഞാൻ ആയിരുന്നു. അപ്പച്ചന് വേറെ വരവൊന്നും ഇല്ലായിരുന്നു. അതുകൊണ്ടാണ് സിനിമയിൽ ഇറങ്ങുന്നത്. എന്റെ ഇഷ്ടത്തിന് അഭിനയിച്ചതല്ല. ഇറക്കിയതാണ്. എല്ലാം ചെയ്ത് കൊടുത്തിട്ടും എനിക്ക് കിട്ടിയ അടി സഹിക്കാൻ പറ്റണില്ല. ഇവരെല്ലാം എന്നെ നല്ലപോലെ നോക്കും എന്നായിരുന്നു എന്റെ വിശ്വാസം. എന്നെ എടുത്തോണ്ട് നടക്കണ്ട, കുത്ത് വാക്ക് പറയാതിരുന്നൂടെ. വരവില്ലെന്ന് മനസിലായപ്പോൾ തഴയാൻ തുടങ്ങിയതാണ്. ബാധ്യതയായി. പണ്ട് സ്കൂൾ തുറക്കുന്ന സമയത്ത് ആറ് പേർക്ക് യൂണി ഫോം വാങ്ങിക്കണം. ചിലപ്പോൾ അപ്പോഴൊന്നും ജോലി ഉണ്ടാകില്ല എനിക്ക്. കരഞ്ഞിട്ടുണ്ട്. എനിക്കൊരു ബ്ലൗസ് പോലും വാങ്ങിക്കാതെ നടന്നിരുന്ന സമയങ്ങളാണ് അത്. അതൊക്കെ ഓർക്കുമ്പോൾ സഹിക്കണില്ല. 

ആധാരവുമായി ബന്ധപ്പെട്ടാണ് പ്രശ്നമായത്. എന്റെ ആധാരം ചോദിച്ചപ്പോൾ അനുജത്തിയും ഭർത്താവും ആക്കി ചിരിച്ചു. എന്റെ ഓർമവരെ പോയി. എന്റെ ആധാരം ചോദിച്ചപ്പോൾ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് ആലോചിച്ച് അന്തംവിട്ട് പോയി. അന്നവിടെന്ന് ഇറങ്ങി കൊപ്രാകളത്തിൽ മൂന്ന് നാല് ദിവസം കിടന്നു. ആരും അന്വേഷിച്ചില്ല. വാർഡ് മെമ്പർ വഴിയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. ഇതിനിടയിൽ ആണ് സീമയെ വിളിക്കുന്നതും എന്നെ ​ഗാന്ധിഭവനിൽ കൊണ്ടാക്കുന്നതും. 

കുടുംബപരമായ പ്രശ്നം വന്നപ്പോൾ മാനസികമായി ഞാൻ വളരെയധികം തളർന്നു. എന്നിൽ തന്നെ ചുരുങ്ങി. കട്ടിലിനോട് പറ്റിക്കിടന്നു ഞാൻ. ഒത്തിരി പേർ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു. അതാണ് ആ കെട്ടിൽ നിന്നും ഞാൻ തിരിച്ചു വന്നത്. ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ എനിക്ക് ഭ്രാന്ത് ആയേനെ. ഇല്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ. അതിന്റെ വക്കിൽ വരെ എത്തിയിരുന്നു. മാനസികമായി ഭയങ്കരമായി തളർന്ന് പോയി. അച്ഛനും അമ്മയും ഇല്ല. കെട്ടിയോനും മരിച്ചു. മക്കളും ഇല്ല. അതെങ്കിലും അവർക്ക് നോക്കാമായിരുന്നു. 

'ഇന്ത സാണി സ്മെൽ റൊമ്പ പുടിക്കും'; വീടിനകത്ത് തൊഴുത്ത് കെട്ടിയ കിഷോർ, കൂട്ടിന് ഇവരും

പത്ത് പതിനെട്ട് വയസുമുതൽ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ ആളാണ് ഞാൻ. ആ പണം കൊണ്ട് എല്ലാവരെയും പോറ്റുകയും വളർത്തുകയും ചെയ്തു. ആ ഒരു പരി​ഗണന വേണ്ട. ഒന്ന് നിന്ദിക്കാതിരുന്നാൽ മതിയായിരുന്നു. 2018ൽ ആണ് ഭർത്താവ് മരിക്കുന്നത്. ആ സമയത്ത് എങ്ങോട്ട് പോകണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് താരസംഘടനയായ അമ്മ എനിക്ക് വീട് വച്ചുനൽകുന്നത്. 

എഴുപതോളം സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. സിനിമകളിൽ ശരീര ഭാഷ കൊണ്ട് ബോൾഡ് ആയി തോന്നുന്നതാണ്. യഥാർത്ഥത്തിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ അവിടെ നിന്നും കരയുന്ന ആളാണ് ഞാൻ. ഇപ്പോൾ പത്ത് പതിനെട്ട് വർഷം ആകും സിനിമ നിർത്തിയിട്ട്. ഏറ്റവും ഒടുവിൽ അഭിനയിച്ചത് കല്യാണ രാമനിലാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..