നടി ഛായ കദം വന്യജീവി മാംസം കഴിച്ചുവെന്ന ആരോപണത്തെ തുടർന്ന് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

മുംബൈ: മറാത്തി വിനോദ വ്യവസായത്തിലെ താരമായ ഛായ കദം അടുത്തിടെ ഒരു വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. കിരൺ റാവുവിന്റെ ഹിറ്റ് ചിത്രമായ ലാപതാ ലേഡീസിലൂടെയാണ് ഇവര്‍ ബോളിവുഡിൽ പ്രശസ്തിയായത്. അടുത്തിടെ വന്യജീവി മാംസം കഴിച്ചുവെന്ന ആരോപണത്തെ തുടർന്ന് വനം വകുപ്പ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ ഒരുങ്ങുന്നതോടെയാണ് വിവാദം ഉയര്‍ന്നത്.

മുംബൈ ആസ്ഥാനമായുള്ള എൻ‌ജി‌ഒയായ പ്ലാന്റ് ആൻഡ് ആനിമൽ വെൽഫെയർ സൊസൈറ്റി (പി‌എ‌ഡബ്ല്യുഎസ്) ഛായ കദമിന്‍റെ ഒരു അഭിമുഖത്തില്‍ പരാമര്‍ശത്തില്‍ താനെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിനും പരാതി നല്‍കുകയായിരുന്നു. ഒരു സംരക്ഷിത വന്യജീവി ഇനത്തില്‍ പെടുന്ന മുള്ളന്‍പന്നി, ഉടുമ്പ് മാംസം കഴിച്ചുവെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞതില്‍ വനം വകുപ്പ് ഇപ്പോള്‍ അന്വേഷണം നടത്തുകയാണ്. 

പരാതി ലഭിച്ചതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (വിജിലൻസ്) റോഷൻ റാത്തോഡ് സ്ഥിരീകരിച്ചു. പരാതി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) അന്വേഷണത്തിനായി അയച്ചു. ഛായയെ ഉടൻ തന്നെ അന്വേഷണത്തിനായി വിളിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

"ഞങ്ങൾ കദമുമായി ഫോണിൽ ബന്ധപ്പെട്ടു, അവര്‍ മുംബൈയ്ക്ക് പുറത്ത് ജോലിയിലാണെന്നും നാല് ദിവസത്തിന് ശേഷം മാത്രമേ തിരിച്ചെത്തൂ എന്നുമാണ് അറിയിച്ചു. നിയമോപദേശം തേടുന്നുണ്ടെന്നും അന്വേഷണത്തിനായി ഞങ്ങളുടെ മുമ്പാകെ ഹാജരാകുമെന്നും അവർ അവരെ അറിയിച്ചിട്ടുണ്ട്." റോഷൻ റാത്തോഡ് പറഞ്ഞു. 

സംഭവത്തില്‍ വേട്ടക്കാരുടെയും മറ്റും പങ്ക് അന്വേഷിക്കുന്നുണ്ട് എന്നാണ് ഫോറസ്റ്റ് അധികൃതര്‍ പറയുന്നത്. വന്യജീവികളുടെ മാംസം കഴിച്ചതായി ഛായ ഒരു റേഡിയോ ചാനലിന് നൽകിയ വീഡിയോ അഭിമുഖത്തിൽ പറഞ്ഞതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. 

നടി പറഞ്ഞത് ശരിയാണെങ്കില്‍ അത് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യമാണെന്നും. അവര്‍ക്കും ഒപ്പം ഉണ്ടായിരുന്നവര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം. 

കേരളത്തില്‍ റാപ്പര്‍ വേടന്‍റെ പുലിനഖം സംബന്ധിച്ച് കേസും വിവാദങ്ങളും കുറച്ച് ദിവസം മുന്‍പ് വന്‍ വാര്‍ത്തകള്‍ ആയതിന് പിന്നാലെയാണ് ബോളിവുഡ് നടിക്കെതിരെ ആരോപണം വരുന്നത്. അതേ സമയം വേടന്‍റെ കേസില്‍ കേസ് നിലനില്‍ക്കില്ലെന്നാണ് വേടന് ജാമ്യം നല്‍കിയ കോടതി ഉത്തരവില്‍ പറയുന്നത്.