ബിരുദാനന്തര ബിരുദം നേടി 'ബ്രൂസ്‍ലി ബിജി' ; ചിത്രങ്ങൾ
മിന്നൽ മുരളിക്കൊപ്പം ഹിറ്റായ കഥാപാത്രമാണ് ബ്രൂസ്‍ലി ബിജി.

ടൊവിനോ- ബേസിൽ ജോസഫ്(Tovino-Basil joseph) കൂട്ടുക്കെട്ടിൽ പുറത്തിറങ്ങി ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മിന്നൽ മുരളി(Minnal Murali). മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം കൂടിയായ മിന്നൽ മുരളിയിലെ കഥാപാത്രങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ബ്രൂസ്‍ലി ബിജി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഫെമിന ജോർജ്. ഇപ്പോഴിതാ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വിവരം പങ്കുവച്ചിരിക്കുകയാണ് ഫെമിന.
സെന്റ് തെരേസാസ് കോളജിലാണ് ഫെമിന എംകോം പൂർത്തിയാക്കിയത്. കോളജിൽ വച്ചു നടന്ന ചടങ്ങിൽ താരം ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ വർഷമാണ് ഫെമിനയുടെ കോഴ്സ് പൂർത്തിയായത്. എന്നാൽ കൊവിഡ് കാരണം ബിരുദദാന ചടങ്ങ് വൈകുകയായിരുന്നു.
മിന്നൽ മുരളിക്കൊപ്പം ഹിറ്റായ കഥാപാത്രമാണ് ബ്രൂസ്‍ലി ബിജി. മികച്ച പ്രകടനം തന്നെയാണ് ഫെമിന കാഴ്ചവച്ചതും.
ക്രിസ്മസ് റിലീസായി നെറ്റ്ഫ്ലിക്സിൽ എത്തിയ ചിത്രമാണ് മിന്നൽ മുരളി. നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ലിസ്റ്റിലെ ആദ്യ പത്തില്‍ തുടര്‍ച്ചയായ മൂന്ന് വാരങ്ങള്‍ പിന്നിട്ട ചിത്രം 2021ല്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ആക്ഷന്‍, അഡ്വഞ്ചര്‍ ചിത്രങ്ങളുടെ ലിസ്റ്റിലും ഇടംപിടിച്ചിരുന്നു.
'ഗോദ' എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിച്ച സിനിമയാണ് മിന്നൽ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്‌സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം.