നിരവധി നാടകങ്ങളിലും സിനിമകളിലും ഇതിനോടകം ശ്രദ്ധേയമായ നടിയാണ് ഗീതി സംഗീത.  ക്യൂബൻ കോളനിയെന്ന ചിത്രത്തിലൂടെയായിരുന്നു ഗീതിയുടെ സിനിമാ അരങ്ങേറ്റം. സിവിൽ എഞ്ചിനിയറായിരുന്ന താരം അഭിനയത്തോടുള്ള അഭിനിവേശവുമായാണ് നാടകങ്ങളിലും സിനിമയിലേക്കുമായി ചുവടുമാറ്റിയത്. ലൂക്ക, നാൽപത്തിയൊന്ന് തുടങ്ങിയ ചിത്രങ്ങളിൽ താരം സുപ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. 

41ലെ അമ്മ വേഷവും ക്യൂബൻ കോളനിയിലെ വില്ലത്തിയുടെ വേഷവുമെല്ലാം താരത്തെ ശ്രദ്ധേയമാക്കി. ഇപ്പോഴിതാ ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ ചിത്രമായ ചുരുളിയിൽ പ്രധാന വേഷത്തിലെത്തുന്നത് ഗീതിയാണ്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ ഗീതിയും ശ്രദ്ധേയമാവുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിഗ്നേച്ചര്‍ സ്റ്റൈല്‍ പ്രേക്ഷകര്‍ക്കുമുന്നിലേക്ക് വീണ്ടും തുറന്നുവെക്കുന്ന ട്രെയ്‍ലറിലെ വിവരണ ശബ്ദം ഗീതിയുടെതാണ്. 

ഗീതി തന്നെയാണ് ഫേസ്ബുക്കിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഡിപ്രഷൻ കാലത്ത് ഒരു പുനർജന്മം തന്നതിന് നന്ദി' എന്നായിരുന്നു ഗീതി കുറിച്ചത്. 'അതെ.. അത് എന്റെ ശബ്ദമാണ്.. ഏറ്റവും കൂടുതൽ പേര് ചോദിച്ച ചോദ്യമാണ്, ചുരുളിയുടെ ട്രെയ്ലറിൽ കേട്ട ആ വോയിസ് ഓവർ എന്റെ ശബ്ദമാണോ എന്ന്.

ലിജോ ജോസ് പെല്ലിശ്ശേരി സർ, താങ്കളോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല, ഡിപ്രഷന്റെ ഈ കാലത്ത് എനിക്ക് ഒരു പുനർജ്ജന്മം തന്നതിന്. ചുരുളി ടീമിന് മൊത്തം എന്റെ സ്നേഹവും, കടപ്പാടും അറിയിക്കുന്നു. ഇതിൽ കൂടുതൽ എന്ത് പറയണമെന്ന് എനിക്കറിയില്ല.  ചെമ്പൻ ചേട്ടാ, വിനോയ് ചേട്ടാ, ഹരീഷേട്ടാ, ടിനു പാപ്പച്ചൻ, രംഗാ  മധുച്ചേട്ടാ, ശ്യാം ലാൽ വിനയ് ഫോർട്ട് എല്ലാവരോടും സ്നേഹം..സ്നേഹം..'