ഷാരൂഖിന്റെ അടുത്ത സുഹൃത്ത് കൂടിയായ ജൂഹിയാണ് മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന് കോടതിയിൽ ജാമ്യം നിന്നത്. 

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ(Shah Rukh Khan) മകൻ ആര്യന്റെ(Aryan Khan) ഇരുപത്തിനാലാം പിറന്നാളാണ് ഇന്ന്. സാധാരണയായി നടക്കാറുള്ള ആര്‍ഭാടപൂര്‍ണമായ ആഘോഷങ്ങള്‍ക്ക് വിപരീതമായി ഇത്തവണ ‘മന്നത്തി’ല്‍ വെച്ച് ബന്ധുക്കളുമൊത്ത് ലളിതമായ രീതിയില്‍ മകന്റെ പിറന്നാൾ(birthday) ആഘോഷിക്കാനാണ് ഷാരൂഖിന്റെ തീരുമാനം. ഈ അവസരത്തിൽ ആശംസകൾ അറിയിച്ചു കൊണ്ട് നടി ജൂഹി ചൗള(Juhi Chawla) പങ്കുവച്ച ചിത്രങ്ങളും കുറുപ്പുമാണ് ശ്രദ്ധനേടുന്നത്. 

ആര്യന്റെ കുട്ടിക്കാലത്തെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് താരം ആശംസകള്‍ നേര്‍ന്നത്. 'ഇന്നത്തെ പ്രത്യേക അവസരത്തില്‍ ഞങ്ങളുടെ സ്വകാര്യ ആല്‍ബത്തില്‍ നിന്നും ഒരു ചിത്രമിതാ. ആര്യന്‍, നിനക്ക് ജന്മദിനാശംസകള്‍, ഇനിയുള്ള വര്‍ഷങ്ങളിലെല്ലാം നല്ലതുവരട്ടേ. നിനക്ക് സര്‍വ്വശക്തന്റെ അനുഗ്രഹം എല്ലായ്‌പ്പോഴും ഉണ്ടാകട്ടെ, നിന്റെ പേരില്‍ 500 മരങ്ങള്‍ നട്ടു പിടിപ്പിക്കുമെന്ന് വാഗ്ദാനത്തിനായി ഞാന്‍ ചുവടുവെയ്ക്കും എന്നും താരം ചിത്രത്തോടൊപ്പം കുറിച്ചു.

ഷാരൂഖിന്റെ അടുത്ത സുഹൃത്ത് കൂടിയായ ജൂഹിയാണ് മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന് കോടതിയിൽ ജാമ്യം നിന്നത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അറസ്റ്റിനും ജയില്‍വാസത്തിനും പിന്നാലെ ഇത്തവണ പിറന്നാളിന് ആഘോഷങ്ങള്‍ വേണ്ട എന്ന് ഷാരൂഖ് തീരുമാനിക്കുകയായിരുന്നു. കുംടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങ് മാത്രമാവും പിറന്നാളിനുണ്ടാവുക. ആര്യന്റെ എല്ലാ പിറന്നാളും ഷാരൂഖ് ആഘോഷിക്കാറുണ്ടായിരുന്നു. വിലയേറിയ സമ്മാനങ്ങളും ഇന്റര്‍നാഷണല്‍ ടൂറും സര്‍പ്രൈസ് ഗിഫ്റ്റുകളുമുള്‍പ്പടെ മകന്റെ പിറന്നാള്‍ ഗംഭീരമാക്കാന്‍ താരം എന്നും ശ്രമിച്ചിരുന്നു.