കൊച്ചിയിലെ പോര്‍ഷെ ഗ്യാരേജില്‍ നിന്നാണ് മംമ്ത തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയത്. 

ലയാളികളുടെ പ്രിയതാരമാണ് മംമ്ത മോഹൻദാസ്(mamta mohan). അഭിനയം മാത്രമല്ല നല്ലൊരു ​ഗായിക കൂടിയാണ് താനെന്ന് ഇതിനോടകം മംമ്ത തെളിയിച്ചു കഴിഞ്ഞു. എന്നാൽ താനൊരു വാഹനപ്രേമിയാണെന്ന് കൂടി വെളിപ്പെടുത്തുകയാണ് താരമിപ്പോൾ. മംമ്തയുടെ ഗ്യാരേജില്‍ സ്ഥാനമുറപ്പിച്ച പുതിയ വാഹനം തന്നെയാണ് അതിന് തെളിവും. ജര്‍മന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാര്‍(Porsche 911 Carrera S ) മോഡലായ 911 കരേര എസ് ആണ് മംമ്തയുടെ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. 

സ്വപ്‌നം യാഥാര്‍ഥ്യമായ ദിവസമാണിന്ന്. ഒരു പതിറ്റാണ്ടിലേറയായി ഞാന്‍ കാത്തിരുന്ന ദിവസമാണിതെന്നുമാണ് വാഹനത്തിന്റെ ചിത്രം പങ്കുവെച്ച് മംമ്ത സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. കൊച്ചിയിലെ പോര്‍ഷെ ഗ്യാരേജില്‍ നിന്നാണ് മംമ്ത തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയത്. ഏകദേശം 1.84 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. 

ഡിസൈന്‍ ശൈലി കൊണ്ടും സ്റ്റൈല്‍ കൊണ്ടും ആരാധകരെ സൃഷ്ടിക്കുന്ന വാഹനങ്ങളാണ് പോര്‍ഷെ(Porsche) 911 കരേര എസ്. സ്‌പോര്‍ട്ടി ഭാവവും മികച്ച പെര്‍ഫോമെന്‍സുമാണ് 911 കരേര എസിന്റെ ഹൈലൈറ്റ്. നീളമേറിയ മുന്‍വശവും സ്‌റ്റൈലിഷ് ഹെഡ്‌ലൈറ്റുമാണ് മുഖഭാവത്തിന് അഴകേകുന്നതെങ്കില്‍, പരന്നൊഴുകുന്ന റിയര്‍ സ്‌ക്രീനും ബ്ലാക്ക് ടെയില്‍ ഗേറ്റ് ഗ്രില്ലും ആക്റ്റീവ് റിയര്‍ സ്‌പോയിലറും എല്‍.ഇ.ഡി ടെയില്‍ ലൈറ്റും എക്‌സ്‌ഹോസ്റ്റുമാണ് പിന്‍വശത്തെ സ്‌പോട്ടിയാക്കുന്നു. 

സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനവും 911 കരേര എസിന്റെ പ്രത്യേകതയാണ്. 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ എന്‍ജിനാണ് 911 കരേര എസിന് കരുത്തേകുന്നത്. 2981 സിസിയില്‍ 444 ബി.എച്ച്.പി. പവറും പി.എസ് പവറും 530 എന്‍.എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡാണ് ട്രാന്‍സ്മിഷന്‍. 3.7 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 306 കിലോമീറ്ററാണ്.