തെന്നിന്ത്യയുടെ പ്രിയതാരം വിജയ്‌യുടെ ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. വിജയ്‌യുടെ ജന്മദിനം എല്ലാക്കൊല്ലത്തേയുംപോലെതന്നെ ആരാധകരെല്ലാംകൂടെ ആഘോഷമാക്കി എന്നുവേണം പറയാന്‍. ട്രിബ്യൂട്ട് പാട്ടുകളും, സോഷ്യല്‍മീഡിയ സ്റ്റാറ്റസുകളും എല്ലാംകൊണ്ട് താരത്തിന്റെ പിറന്നാള്‍ കേരളത്തിലും കളറായിരുന്നു.

ബാലതാരമായണ്  ക്യാമറയ്ക്ക് മുന്നിലെത്തി മലയാളികളുടെ നായികാ സങ്കല്‍പ്പത്തിലെ നിത്യഹരിത താരമായി മാറിയ മീന വിജയുടെ പിറന്നാള്‍ ദിവസം പങ്കുവച്ചത് പഴയകാലത്തെ ഒരു ഓര്‍മ്മച്ചിത്രവും, ഓര്‍മ്മക്കുറിപ്പുമായിരുന്നു. 1998ലെ ദീപാവലിക്ക് വിജയ് വീട്ടിലെത്തിയപ്പോഴുള്ള ചിത്രമാണ് മീന പങ്കുവച്ചത്.

സിനിമാ മലര്‍ മാഗസിന്റെ അഭിമുഖത്തിനായായിരുന്നു വിജയ് വീട്ടിലെത്തിയതെന്നും മീന ഓര്‍ക്കുന്നുണ്ട്. തങ്ങളിരുവരും പരസ്പരം അഭിമുഖം നടത്തുകയായിരുന്നുവെന്നാണ് മീന ഓര്‍മ്മകളില്‍നിന്നും പങ്കുവയ്ക്കുന്നത്. കൂടാതെ അടുത്തകാലത്ത് മകള്‍ നൈനികയും മീനയും വിജയോടൊപ്പമെടുത്ത ചിത്രവും മീന പങ്കുവച്ചിട്ടുണ്ട്. തെറി എന്ന സിനിമയില്‍ വിജയുടെ മകളായെത്തി ആരാധകരെ അതിശയിപ്പിച്ചത് മീനയുടെ മകള്‍ നൈനികയായിരുന്നു.

വിജയിയും മീനയും ഒന്നിച്ചഭിനയിച്ച ഷാജഹാന്‍ തെന്നിന്ത്യയിലെ എക്കാലത്തേയും മികച്ച പ്രണയ ഹിറ്റുകളിലൊന്നായിരുന്നു. വിവാഹശേഷം സിനിമയില്‍നിന്നും ചെറിയ ബ്രേക്കെടുത്ത മീന ഇപ്പോള്‍ വീണ്ടും സിനിമകളില്‍ സജീവമാണ്.