തങ്ങളുടെ ഇരട്ട കുട്ടികൾക്കൊപ്പമാണ് നയൻതാരയും വിഘ്നേഷും ആശംസകൾ അറിയിച്ചിരിക്കുന്നത്.

ലോകം മുഴുവൻ ദീപാവലി ആഘോഷിക്കുകയാണ് ഇന്ന്. വിവിധ മേഖലകളിൽ നിന്നും നിരവധി പേരാണ് ജനങ്ങൾക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ നടി നയൻതാരയും വിഘ്നേഷും പങ്കുവച്ച ദീപാവലി ആശംസ വീഡിയോയാണ് ശ്രദ്ധനേടുന്നത്. തങ്ങളുടെ ഇരട്ട കുട്ടികൾക്കൊപ്പമാണ് നയൻതാരയും വിഘ്നേഷും ആശംസകൾ അറിയിച്ചിരിക്കുന്നത്. 

"എല്ലാവർക്കും ദീപാവലി ആശംസകൾ. കഠിനമായി പ്രാർത്ഥിക്കുക, കഠിനമായി സ്നേഹിക്കുക! സ്നേഹം മാത്രമാണ് നമുക്ക് ഓരോരുത്തർക്കും വേണ്ടത്... സ്നേഹമാണ് ഈ ജീവിതത്തെ മനോഹരവും സമൃദ്ധവുമാക്കുന്നത്! ദൈവത്തിൽ വിശ്വസിക്കുക. സ്നേഹത്തിൽ വിശ്വസിക്കുക. നന്മയിൽ പ്രകടമാക്കുന്നതിൽ വിശ്വസിക്കുക, പ്രപഞ്ചം എല്ലായ്പ്പോഴും എല്ലാം മനോഹരമാണെന്ന് ഉറപ്പാക്കുന്നു", എന്നാണ് വീഡിയോയ്ക്ക് ഒപ്പം വിഘ്നേഷ് ശിവൻ കുറിച്ചത്. പിന്നാലെ ആരാധകരും ഇരുവർക്കും ആശംസകളുമായി രം​ഗത്തെത്തി.

View post on Instagram

ഒക്ടോബര്‍ ഒന്‍പതിനാണ് തങ്ങള്‍ മാതാപിതാക്കളായ വിവരം നയന്‍താരയും വിഘ്നേഷും അറിയിച്ചത്. പിന്നാലെ നിരവധി പേര്‍ ഇരുവർക്കും ആശംസകൾ അറിയിച്ചു കൊണ്ട് രം​ഗത്തെത്തി. എന്നാൽ സന്തോഷത്തോടൊപ്പം തന്നെ താരദമ്പതികൾ വിവാദത്തിലും അകപ്പെട്ടു. വാടക ഗര്‍ഭധാരണത്തിന്റെ ചട്ടങ്ങള്‍ താരങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്നാട് സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു. നാല് മാസം മുമ്പ് വിവാഹിതരായ ദമ്പതിമാർക്ക് വാടക ഗർഭധാരണം നടത്താമോ എന്നതായിരുന്നു അന്വേഷിച്ചത്. ഇതിനിടയില്‍ തങ്ങള്‍ ആറ് വര്‍ഷം മുന്‍പ് വിവാഹം രജിസ്റ്റര്‍ ചെയ്തതായി നയന്‍താര വെളിപ്പെടുത്തി. 

കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതെന്നും തമിഴ്നാട് ആരോഗ്യവകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ താര ദമ്പതികള്‍ വെളിപ്പെടുത്തിയിരുന്നു. വിവാഹ റജിസ്റ്റർ രേഖകളും സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചു. വിവാഹം കഴിഞ്ഞ് ആറു വർഷം കഴിയാതെ വാടക ഗർഭധാരണത്തിന് നിലവിൽ നിയമം അനുവദിക്കുന്നില്ലെന്നാണ് നിയമങ്ങള്‍ പറയുന്നത്. ഇത് താര ദമ്പതികള്‍ ലംഘിച്ചോ എന്ന വിവാദമാണ് ഉയര്‍ന്നിരുന്നത്. ജൂണ്‍ 9ന് ആയിരുന്നു വിഘ്നേഷ് ശിവൻ നയൻതാര എന്നിവരുടെ വിവാഹം. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിൽ ആണ് ഇരുവരും വിവാഹിതരായത്.