നിരന്തരമായ ഭീഷണികളും, പ്രശ്നങ്ങളും മൂലം ഞാനും സഹായികളും താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും ഒളിച്ചോടുകയായിരുന്നുവെന്ന് നടി പറയുന്നു. 

ബംഗലൂരു: തമിഴ് സിനിമയുടെ സെറ്റില്‍ ശാരീരികമായി ഉപദ്രവിക്കപ്പെട്ടു എന്ന് ബംഗലൂരു പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ വെളിപ്പെടുത്തലുമായി നടി നേഹ സക്സേന. മലയാളിയായ ഒരു ഫിലിം മേക്കറുടെ നേതൃത്വത്തിലാണ് ആക്രമണം എന്നാണ് നടി പറയുന്നത്. സംവിധായകന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും എന്‍റര്‍ടെയ്മെന്‍റ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ നേഹ പറയുന്നു.

നിരന്തരമായ ഭീഷണികളും, പ്രശ്നങ്ങളും മൂലം ഞാനും സഹായികളും താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും ഒളിച്ചോടുകയായിരുന്നുവെന്ന് നടി പറയുന്നു. സിനിമ ചിത്രീകരണത്തിന്‍റെ ആദ്യ ദിവസം തന്നെ സംഗതികള്‍ അത്ര സുഖകരമായി തോന്നിയില്ല. ചില ആളുകളുടെ പ്രവര്‍ത്തികളും രീതികളും എന്നെ അസ്വസ്തയാക്കി. പടത്തിന്‍റെ സ്ക്രിപ്റ്റും അത്ര മികച്ചതായിരുന്നില്ല. ചില ആവശ്യമില്ലാത്ത 'അടുത്ത രംഗങ്ങള്‍' കഥയ്ക്കോ, കഥപാത്രത്തിനോ ഒരു ആവശ്യവും ഇല്ലാത്തത് കുത്തികയറ്റിയിട്ടുണ്ടായിരുന്നു.

സംവിധായകന്‍ എന്നെ എപ്പോഴും ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു, നന്നായി സഹകരിച്ചില്ലെങ്കില്‍ നിര്‍‍മ്മാതാവ് കോപിക്കുമെന്നും. അയാള്‍ക്ക് മാഫിയ ബന്ധങ്ങള്‍ ഉണ്ടെന്നും. അയാളുടെ കാസിനോയില്‍ പീഡനമുറിയുണ്ടെന്നും. ഇവിടെയിട്ട് പീഡിപ്പിക്കാനും, ബലാത്സംഗം ചെയ്യാനും മടിയില്ലെന്നും വേണമെങ്കില്‍ കൊലപ്പെടുത്തുകയും ചെയ്യുമെന്നും സംവിധായകന്‍ പറഞ്ഞുകൊണ്ടിരുന്നു. ഇത് എനിക്ക് ശരിക്കും ഭീതിയുണ്ടാക്കി. 

ഒരു ദിവസം താമസിക്കുന്ന ഹോട്ടലിന്‍റെ മുതലാളി തന്‍റെ ചില സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ചിലവഴിക്കാമോ എന്ന് ചോദിച്ചുവെന്ന് നേഹപറയുന്നു. എന്നാല്‍ പിന്നീട് സംവിധായകനോട് പറഞ്ഞ് ഇത് ചോദ്യം ചെയ്തപ്പോള്‍ അയാള്‍ ഇത് നിഷേധിച്ചു. രാത്രിയില്‍ അജ്ഞാത കോളുകള്‍ വരുന്നതും, രാത്രി ഡോറില്‍ മുട്ടുന്നത് പതിവായി. ഷൂട്ടിംഗിനിടെ പ്രധാന നടനായി അഭിനയിച്ച സംവിധായകന്‍റെ മകന്‍ തന്നെ പടിയില്‍ നിന്നും തള്ളിയിട്ടെന്നും നേഹ ആരോപിക്കുന്നു. 

ഒരു പതിറ്റാണ്ടിലേറെയായി സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇത്രയും മോശം അനുഭവം ആദ്യമായാണ് എന്നാണ് നടി പറയുന്നത്. എന്ത് സുരക്ഷയാണ് സിനിമ രംഗത്ത് ഇങ്ങനെയെങ്കില്‍ കലാകാരികള്‍ക്ക് ലഭിക്കുക ഇവര്‍ ചോദിക്കുന്നു. മലയാളത്തില്‍ കസബ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ അടക്കം നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയ നടിയാണ് നേഹ.