വന്‍ മേക്കോവറില്‍ നടി പാര്‍വതി തിരുവോത്ത്. ' പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ആണ് പാര്‍വതിയുടേതായി പ്രഖ്യാപിക്കപ്പെട്ട മലയാള ചിത്രം.
നോട്ട് ബുക്ക് എന്ന സിനിമയിലൂടെ മലയാള സിനിമാസ്വാദകർക്ക് സുപരിചിതയായി മാറിയ ആളാണ് പാർവതി തിരുവോത്ത്. പിന്നീടൊരു ഇടവേളയ്ക്ക് ശേഷം തമിഴ് അടക്കമുള്ള ഭാഷാ സിനിമകളിൽ നായികയായി എത്തിയ പാർവതി മലയാള സിനിമയിൽ ഒട്ടനവധി മികച്ച സിനിമകൾ സമ്മാനിച്ചു. തന്റെ നിലപാടുകൾ ആരോടായാലും തുറന്ന് പറയാൻ മടി കാണിക്കാത്ത പാർവതി ഇന്ന് ബോളിവുഡിലും തിളങ്ങാനുള്ള ഒരുക്കത്തിലാണ്. ഹൃത്വിക് റോഷൻ നിർമിക്കുന്ന സീരീസിലാണ് പാർവതി ഇപ്പോൾ അഭിനയിക്കുന്നത്.
സീരീസിന്റെ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ പാർവതി പങ്കുവച്ച ഒരുകൂട്ടം ഫോട്ടോകൾ ഏറെ ശ്രദ്ധനേടുകയാണ്. വൻ മേക്കോവറിലാണ് പാർവതി ഫോട്ടോകളിൽ ഉള്ളത്. 'അവിടെ.. അവൾ ഉദിക്കുന്നു', എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോകൾ പുറത്തുവിട്ടിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഇത് പാർവതി ആണോ എന്ന ചോദ്യം ഉയർത്തുന്ന തരത്തിലാണ് മേക്കോവര്‍. ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
അതേസമയം, ' പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ആണ് പാര്‍വതിയുടേതായി പ്രഖ്യാപിക്കപ്പെട്ട മലയാള ചിത്രം. പാര്‍വതി ആദ്യമായി പൊലീസ് കഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷഹദ് ആണ്. ഉള്ളൊഴുക്ക് എന്ന സിനിമക്ക് ശേഷം പാർവതി തിരുവോത്തും കിഷ്‍കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും, മാത്യു തോമസും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയവർക്കൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങൾ കൂടി അണിചേരുന്നുണ്ട്.
സ്റ്റോം എന്ന സീരീസിലാണ് പാര്‍വതി ഇപ്പോള്‍ അഭിനയിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയുടേതാണ് സീരീസ്. മുംബൈയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ത്രില്ലർ സീരീസില്‍ അലായ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമ ശർമ, സബ ആസാദ് എന്നിവരും പ്രധാന വേഷത്തിലുണ്ട്.



