Asianet News MalayalamAsianet News Malayalam

'ആരേലും പറഞ്ഞതുകൊണ്ട് സ്വന്തം അച്ഛനെ മാറ്റി പ്രതിഷ്ഠിക്കാൻ പറ്റില്ലല്ലോ'; കുറിപ്പുമായി സീമ ജി നായർ

പലപ്പോഴും ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി സീമ എത്താറുണ്ട്. 

actress seema g nair Facebook post about comments on her name
Author
Kerala, First Published Jun 9, 2021, 8:07 PM IST

മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് സീമ ജി. നായരുടെത്. പലപ്പോഴും ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി സീമ എത്താറുണ്ട്. അതെല്ലാം വാർത്തകളിൽ നിറയുന്നതും പതിവാണ്. എന്നാൽ തനിക്ക് നേരിടേണ്ടി വന്ന ചില ആക്ഷേപങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി പറയുന്ന ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് സീമ ഇപ്പോൾ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ തന്റെ പേരിനെ കുറിച്ച് പറഞ്ഞവർക്കും സഹായം ചോദിച്ചപ്പോൾ ഉള്ള മറുപടികളെ കുറിച്ചും സീമ പറയുന്നു.

സീമയുടെ കുറിപ്പിങ്ങനെ...

നമസ്കാരം.. ശുഭദിനം.. ഓരോദിവസവും ഉണരുമ്പോഴും നല്ല വാർത്തകൾ കേൾക്കാനായി ചെവിയോർത്തു നില്ക്കും.. പക്ഷെ ഇപ്പോൾ കുറെ നാളുകളായി വേദനിക്കുന്ന വാർത്തകൾ ആണ് എവിടെ നിന്നും കേൾക്കുന്നത്.. നല്ല നാളെയ്ക്കായി പ്രാർത്ഥിക്കാം.. ഒന്നു രണ്ടു കാര്യങ്ങൾ സൂചിപ്പിക്കാനാണ് ഈയൊരു കുറിപ്പ്.. 

കഴിഞ്ഞ ദിവസം ഞങ്ങളുടെ സഹപ്രവർത്തകനു വേണ്ടി ഒരു ചലഞ്ച് പോസ്റ്റ്‌ ചെയ്തപ്പോൾ നിങ്ങൾക്കു സംഘടനകൾ ഇല്ലേ, അവർക്കു പൈസ ഇല്ലേ, അവർ ഒരു സിനിമയുടെ പൈസ ഇട്ടാൽ പോരെ.. അങ്ങനെ നിരവധി ചോദ്യങ്ങൾ വന്നു.. ഒരു മനുഷ്യ ജീവൻ രക്ഷിക്കാൻ ഉള്ള ഓട്ടത്തിൽ ഈ ലോകത്തുള്ള എല്ലാവരും സഹായം ചെയ്യുന്നത് സംഘടന നോക്കിയിട്ടല്ല.. അവിടെ ആർക്കൊക്കെ പൈസ ഉണ്ട്‌, അവർക്കെന്താ ചെയ്താൽ ഇതൊന്നും നോക്കി ഇരിക്കാറില്ല.. അങ്ങനെ ചെയ്യാൻ ആണേൽ ഇവിടെ പലപ്പോഴും പല ജീവനും അപകടത്തിൽ ആവും.. ഒരു ജീവൻ നിലനിർത്താൻ കൈ നീട്ടുമ്പോൾ അതിൽ നിയമങ്ങളും ചോദ്യങ്ങളും ഇല്ലാതെ പറ്റുന്നവർ പറ്റുന്നതുപോലെ സഹായിക്കുക.. ആ

രെയും ഒന്നിനെയും നിർബന്ധിക്കാതെ അപേക്ഷയുമായി വരുമ്പോൾ ആ അപേക്ഷയെ മാനിക്കുക.. അതുപോലെ കഴിഞ്ഞ ദിവസം എന്റെ സഹോദരതുല്യനായ ഒരു നടൻ " ചേച്ചി " എന്നുവിളിച്ചു ഒരു കമന്റ് ഇട്ടു.. അതിന്റെ താഴെ ഇഷ്ട്ടം പോലെ പൊങ്കാലകൾ അദ്ദേഹത്തിന് വന്നു.. ഒന്ന് പറയട്ടെ ഓരോരുത്തർക്കും ഓരോ രാഷ്ട്രീയം ഉണ്ട്‌.. നിലപാടുകൾ ഉണ്ട്‌.. ജയവും പരാജയവും ഉണ്ട്‌.. ജീവിതത്തിൽ എപ്പോളും എല്ലാരും ജയിക്കണമെന്നില്ല.. തോറ്റവർ പരാജിതരും അല്ല.. പക്ഷെ ആ "വ്യക്തിയെ" എനിക്ക് അറിയാം.. 

ഒരുപാടു പേരുടെ കണ്ണുനീർ തുടച്ചിട്ടുള്ള പലർക്കും കിടപ്പാടം വെച്ച് കൊടുത്തിട്ടുള്ള പല വീട്ടിലും ഒരുനേരത്തെ എങ്കിലും ആഹാരം കൊടുത്തിട്ടുള്ള പല കുട്ടികളുടെയും വിവാഹം നടത്തി കൊടുത്തിട്ടുള്ള കുറെ നന്മയുള്ള ഒരു മനുഷ്യൻ.. എനിക്ക് നേരിട്ടറിയാവുന്ന കുറെ കാര്യങ്ങൾ ഉണ്ട്‌. സത്യത്തിൽ വിഷമം തോന്നി.. ഇത്രയും കമെന്റ് ഇടാൻ എന്ത് തെറ്റാണ് അദ്ദേഹം ചെയ്തത്.. മനുഷ്യൻ ഈ മഹാമാരി സമയത്ത് ജീവന് ഒരു വിലയുമില്ലാതെ മരിച്ചു വീഴുന്നു.. പ്രിയപ്പെട്ട പലരും നമ്മളെ വിട്ടു പിരിയുന്നു.. എവിടെയും വേദനകൾ മാത്രം നിറഞ്ഞു നിൽക്കുമ്പോൾ ഒരു മനുഷ്യനെ എങ്ങനെ തേജോവധം ചെയ്യണമെന്ന് ആലോചിച്ചു നിൽക്കുന്ന കുറെ പേർ.. കഷ്ട്ടം, നമ്മൾ എന്നും ഇങ്ങനെ ആണല്ലോ.. എത്ര കണ്ടാലും അനുഭവിച്ചാലും പഠിക്കില്ല ആരും.. 

പിന്നെ കുറച്ചു പേർ കമന്റ് ഇടുന്നുണ്ട്.. സീമ ജി നായർ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത് ആത്മ വിശ്വാസം ഇല്ലാത്തത് കൊണ്ടാണോ, നായർ നായർ എന്ന് പറയണ്ട കാര്യം എന്താണെന്നു.. അങ്ങനെ പറയുന്നവരോട് ഒന്നേ പറയാൻ ഉള്ളു.. ഇത്രയും കാലം ഈ പേരിലൂടെ അറിഞ്ഞു, ജീവിച്ചു,  മരിക്കുന്നതുവരെ അത് അങ്ങനെ ആവും.. ആരേലും പറഞ്ഞതുകൊണ്ട് സ്വന്തം "അച്ഛനെ മാറ്റി പ്രതിഷ്ഠിക്കാൻ പറ്റില്ലല്ലോ. ആ "നായർ " കൂടെ ഉള്ളപ്പോൾ ഈ ഭൂമിയിൽ നിന്ന് പോയിട്ട് 34 വർഷം കഴിഞ്ഞെങ്കിലും എന്റെ അച്ഛൻ എന്റെ കൂടെ തന്നെ ഉണ്ടെന്നുള്ള ആത്മവിശ്വാസ കൂടുതൽ കൊണ്ടാണ് നായർ അവിടെ കിടക്കുന്നത്. അതവിടെ കിടക്കട്ടെ, ആരെയും അത് ഉപദ്രവിക്കുന്നില്ലല്ലോ.. ഇപ്പോൾ അനുഭവിക്കുന്ന ഈ സമയങ്ങൾ എത്രയും വേഗം കടന്നുപോയി നല്ല ഒരു നാളെ വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്  ആത്മവിശ്വാസത്തോടെ സീമ. ജി. നായർ..

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios