നര്‍ത്തകിയും സിനിമാ-സീരിയല്‍ താരവുമാണ് ശാലു മേനോന്‍. മലയാളികളുടെ പ്രിയം നേടിയ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത ശാലു 2016ലാണ് വിവാഹിതയായത്. സീരിയല്‍ താരം സജി ജി. നായരാണ് ശാലുവിന്റെ ഭര്‍ത്താവ്. ഇടയ്ക്ക് ഒരു ഇടവേള എടുത്തെങ്കിലും 'കറുത്ത മുത്ത്' സീരിയലിലെ 'കന്യ' എന്ന വേഷത്തില്‍ മിനി സ്‌ക്രീനിലേക്ക് ഗംഭീര തിരിച്ചുവരവാണ് ശാലു നടത്തിയത്. പിന്നീട് 'മഞ്ഞില്‍വിരിഞ്ഞ പൂവി'ല്‍ കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ചു. ഇടയ്ക്ക് നൃത്തം അഭ്യസിപ്പിക്കാന്‍ ആരംഭിച്ച ശാലു നിരവധി നൃത്തവിദ്യാലയങ്ങള്‍ നടത്തി വരികയാണിപ്പോള്‍.

സോഷ്യല്‍മീഡിയയില്‍ സജീവമായ ശാലു മേനോന്‍ കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. നിലാവിന്‍റെ നീലഭസ്മക്കുറിയുമായി എന്ന പാട്ടിനൊപ്പമാണ് കൊറോണ ഗന്ധര്‍വന്‍ എന്ന പേരില്‍ വീഡിയോ ഇറക്കിയത്. കൊറോണക്കാലത്ത് പുറത്തിറങ്ങി നടക്കുന്നതിനെപ്പറ്റിയും, കൊറോണയെ ലോകത്തുനിന്ന് ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകതയെല്ലാം പറഞ്ഞാണ് സംഗീത വീഡിയോ താരം പുറത്തിറക്കിയിരിക്കുന്നത്.

രാജീവ് നെടുംങ്കണ്ടം സംവിധാനം നിര്‍വഹിച്ച വീഡിയോയില്‍, മിനി സ്‌ക്രീനുകളിലൂടെ മലയാളിക്ക് സുപരിചിതനായ യുവയാണ് ശാലുവിനൊപ്പം കൊറോണാ ദേവനായി വീഡിയോയിലുള്ളത്. ലോക് ഡൗണിന്‍റെ പരിമിതികളില്‍ നിന്നുകൊണ്ടും മനോഹരമായ വീഡിയോയാണ് സമ്മാനിച്ചതെന്നാണ് ആരാധകര്‍ കമന്റായി പറയുന്നത്. 'ഇത്ര സുന്ദരനാണോ കൊറോണ' എന്നാണ് മറ്റൊരു കമന്‍റ്. അടുത്തിടെ ശാലു പുറത്തിറക്കിയ നൃത്താവിഷ്‌കാരങ്ങളെല്ലാംതന്നെ സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരുന്നു.

വീഡിയോ കാണാം