ദിലീപ് നായകനായി എത്തുന്ന ബാന്ദ്ര എന്ന മലയാള ചിത്രത്തിലാണ് തമന്ന നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

സിനിമയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യയിലെ മുൻനിര നടിയായി മാറിയ താരമാണ് തമന്ന ഭാട്ടിയ. തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള നടി ഇപ്പോൾ, മലയാളത്തിലും ചുവടുവച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിനങ്ങളായി തമന്ന വിവാഹിതയാകാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഒരു വ്യവസായിയെ ആണ് താരം വിവാഹം കഴിക്കാൻ ഒരുങ്ങുന്നതെന്നായിരുന്നു അഭ്യൂഹങ്ങൾ. ഇപ്പോഴിതാ ഈ ഊഹാപോഹങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് തമന്ന. 

തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തമന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയത്. ‘ഭർത്താവിനെ’ പരിചയപ്പെടുത്തുന്നു എന്ന് തലക്കെട്ട് നൽകിയ ഇൻസ്റ്റ സ്റ്റോറിയിൽ തമന്ന സ്വയം പുരുഷനായി വേഷമിട്ട് എത്തുകയായിരുന്നു. തമന്ന ഭാവിവരനെ പരിചയപ്പെടുത്തുന്നത് കാത്തിരുന്ന ഗോസിപ്പുകൾക്കുള്ള കുറിക്കു കൊള്ളുന്ന മറുപടിയായിരുന്നു ഈ പോസ്റ്റ്. നേരത്തെ ക്രിക്കറ്റ് താരം വിരാട് കോലിയും തമന്നയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. 

2005ൽ ഹിന്ദി ചിത്രമായ ‘ചാന്ദ് സാ റോഷൻ ചേഹര‘യിലൂടെ ആണ് തമന്ന അഭിനയരംഗത്ത് എത്തിയത്. പിന്നീട് തെലുങ്ക്, തമിഴ് ഭാഷാ ചിത്രങ്ങളിലും വേഷമിട്ടു. ഹാപ്പി ഡേയ്‌സ് എന്ന ചിത്രത്തിലൂടെയാണ് തമന്ന ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബാഹുബലി ഉൾപ്പടെയുള്ള ചിത്രങ്ങളിൽ തമന്ന തിളങ്ങി. 

ദിലീപ് നായകനായി എത്തുന്ന ബാന്ദ്ര എന്ന മലയാള ചിത്രത്തിലാണ് തമന്ന നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രാമലീല എന്ന ചിത്രത്തിന് ശേഷം സംവിധായകൻ അരുൺ ​ഗോപിയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ഉദയകൃഷ്‍ണയാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ഷാജി കുമാര്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രോജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ്, സംഗീതം സാം സി എസ്, കലാസംവിധാനം സുഭാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.

സെൻസേഷണൽ ഹിറ്റായി 'രഞ്ജിതമേ'; 50 മില്യൺ കാഴ്ചക്കാരുമായി 'വരിശ്' ​ഗാനം