''എന്നും സുന്ദരനായും യുവാവായും ഇരിക്കട്ടെയെന്നാണ് അദ്ദേഹത്തോടൊന്നിച്ചുള്ള അവസാന പിറന്നാളിന് ഞാന്‍ ആശംസിച്ചത്. അത് ശരിയായിരുന്നു.. അദ്ദേഹത്തിന് പ്രായമാകില്ല.''

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് താരാകല്ല്യാണിന്റേത്. താരയുടെ അമ്മ സുബ്ബലക്ഷ്മിയും മകള്‍ താരാകല്ല്യാണും മലയാള സിനിമയിലൂടെയും സീരിയലിലൂടെയുമാണ് മലയാളികള്‍ക്ക് പ്രിയങ്കരാവുന്നത്. എന്നാല്‍ താരാകല്ല്യാണിന്റെ മകള്‍ സൗഭാഗ്യയെ മലയാളികള്‍ പരിചയപ്പെടുന്നത് ടിക് ടോക്കിലൂടെയാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ സൗഭാഗ്യ പങ്കുവച്ച അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സൗഭാഗ്യയേയും താരാ കല്ല്യാണിനേയുംപോലെതന്നെ സൗഭാഗ്യയുടെ അച്ഛന്‍ രാജാറാമും നൃത്തരംഗത്തായിരുന്നു. കൂടാതെ അവതാരകനായും സീരിയല്‍ അഭിനയരംഗത്തും രാജാറാം സ്വന്തം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. 2017ല്‍ ഡങ്കിപ്പനി ബാധിച്ചാണ് രാജാറിന്റെ മരണം. രാജാറാമിന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തെ ഓര്‍ത്ത് ആശംസയുമായെത്തിയിരിക്കുകയാണ് ഭാര്യയും മകളും.

അച്ഛന്റെ മരണമാണ് തന്നെ ഏറ്റവുമധികം വിഷമിപ്പിച്ചുള്ള കാര്യമെന്ന് സൗഭാഗ്യ എല്ലാ അഭിമുഖങ്ങളിലും വ്യക്തമാക്കാറുണ്ട്. മകളുടെ വിവാഹവേളയില്‍ പാണിഗ്രഹണചടങ്ങിന്റെ സമയത്ത് അച്ഛന്‍ കൈപിടിച്ചുകൊടുക്കേണ്ട മകളെ താന്‍ കൈ പിടിച്ചുകൊടുത്ത വിഷമം താരാകല്ല്യാണും പല പൊതുവേദികളിലും പറഞ്ഞിട്ടുണ്ട്.

'കുഞ്ഞുരാജകുമാരിക്കായൊരു രാജാവ് പിറന്ന ദിവസമാണ് മെയ് എട്ട്,. എന്നും സുന്ദരനായും യുവാവായും ഇരിക്കട്ടെ അദ്ദേഹത്തോടൊന്നിച്ചുള്ള അവസാന പിറന്നാളിന് ഞാന്‍ ആശംസിച്ചത്. അത് ശരിയായിരുന്നു.. അദ്ദേഹത്തിന് പ്രായമാകില്ല.' എന്നാണ് സൗഭാഗ്യ അച്ഛന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. പിറന്നാളാശംസകള്‍ രാജേട്ടാ എന്നാണ് താരാകല്ല്യാണ്‍ രാജാറാമിന്റെ ഫോട്ടോയ്ക്ക് മുന്നില്‍നിന്നുകൊണ്ട് ആശംസിക്കുന്നത്.

നിരവധി പേരാണ് രാജാറാമിന്റെ ഓര്‍മ്മകളുമായി പോസ്റ്റുകള്‍ക്ക് കമന്റ് ചെയ്തിരിക്കുന്നത്. അദ്ദേഹം നിങ്ങളുടെ വിജയങ്ങളെല്ലാം കാണുന്നുണ്ട്.. ശക്തിയോടെ മുന്നോട്ടുപോകുക എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

View post on Instagram
View post on Instagram