ബിഗ്ബോസ് മലയാളം രണ്ടാംസീസണിലുടെ ശ്രദ്ധേയയായ താരമാണ് വീണാ നായര്‍. ബിഗ്‌ബോസ് വീട്ടിലെ താരത്തിന്‍റെ വൈകാരികമായ ഇടപെടലുകള്‍ ട്രോളുകള്‍ക്ക് ഇടയാക്കിയെങ്കിലും മത്സരാര്‍ത്ഥിയെന്ന നിലയില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. വീണയെക്കാള്‍ പോപ്പുലര്‍ ആയത് മകന്റെ പേരാണ് എന്നും പറയാം. അമ്പുച്ചന്‍ എന്ന പേര് മലയാളികള്‍ക്കെല്ലാം ഇന്ന് സുപരിചിതമാണ്. ബിഗ്‌ബോസിനുശേഷം സോഷ്യല്‍മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം പങ്കുവച്ച ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ ആരാധകരും സിനിമാതാരങ്ങളും ഒരുപോലെ ഏറ്റെടുത്തിരിക്കുന്നത്.

അനന്തഭദ്രം എന്ന പൃഥ്വിരാജ് കാവ്യാ മാധവന്‍ ചിത്രത്തിലെ ഡയലോഗുമായാണ് വീണാനായര്‍ ഇത്തവണ വൈറലാകുന്നത്. വീഡിയോ താരം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. കാവ്യയുടേതുപോലുള്ള വിടര്‍ന്ന കണ്ണുകളുള്ള വീണയെ പലപ്പോഴും ആരാധകര്‍ കാവ്യയുമായി ഉപമിക്കാറുമുണ്ട്. ഇപ്പോള്‍ കാവ്യയുടെ സംഭാഷണംകൂടെയായപ്പോള്‍ വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ശ്രീജചേച്ചിയുടെ ശബ്ദം കാവ്യയ്ക്കാണ് ഏറ്റവും നന്നായി യോജിക്കുക, എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പോസ്റ്റുചെയ്തിരിക്കുന്നത്.

നിങ്ങളുടെ കണ്ണുകള്‍ എന്നുപറഞ്ഞ് ഉമ്മയുടെ സ്‌മൈലിയാണ് നടി മുക്ത കമന്റ് ചെയ്തിരിക്കുന്നത്. മഞ്ചു പിള്ള വീണയെ ഉണ്ടക്കണ്ണിയെന്നാണ് വിളിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തുന്നത്. പാവങ്ങളുടെ കാവ്യാ മാധവന്‍, നിങ്ങളുടെ കണ്ണ് പൊളിയാണ്, ഈ ഉണ്ടക്കണ്ണി കാവ്യയുടെ ഡ്യൂപ്പാണോ എന്നെല്ലാംപറഞ്ഞ് നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്.