നാടാകെ ലോക് ഡൗണായതിനാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ പ്രധാന പരുപാടി സുഹൃത്തുക്കളുടെ പഴയകാല ഫോട്ടോകള്‍ കുത്തിപ്പൊക്കലാണ്. കുത്തിപ്പൊക്കലുകള്‍ ഇടയ്ക്കിടെ വരാറുണ്ടെങ്കിലും ഇപ്പോളത് വളരെ കൂടുതലാണെന്നുവേണം പറയാന്‍. ഇവന്മാര്‍ക്കൊന്നും വേറെ പണിയില്ലേയെന്ന് ചോദിക്കുന്നവരും കുറവല്ല. എന്നാല്‍ കുത്തിപ്പൊക്കലുകാരുടെ ഇപ്പോഴത്തെ ഉത്തരം വേറെ പണിയൊന്നുമില്ല എന്നുതന്നെയാണെന്നതാണ് രസം. ഒരു കൂട്ടര്‍ വായനയില്‍ മുഴുകുന്നു, മറ്റുചിലര്‍ ഗ്രൂപ്പായി വീഡിയോകോള്‍ ചെയ്യുന്നു, അതിലൊന്നും രസം കാണാത്തവരാകട്ടെ കുത്തിപ്പൊക്കലുമായി നടക്കുന്നു.

നമുടെ രമേഷ് പിഷാരടിയാകട്ടെ മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കാതെ സ്വന്തം ഫോട്ടോ സ്വമേധയാ കുത്തിപ്പൊക്കി ഇട്ടിരിക്കുകയാണിപ്പോള്‍. കരാട്ടെ സ്റ്റൈലില്‍ കാലുകള്‍ രണ്ടും ഇരുവശത്തേക്കും നീട്ടിയാണ് താരത്തിന്റെ ഇരിപ്പ്. 'ചിരിയെന്നാല്‍ നിങ്ങള്‍ ഹാപ്പിയെന്ന് മാത്രമല്ല, നിങ്ങള്‍ ശക്തരാണെന്ന അര്‍ത്ഥംകൂടിയുണ്ട്' എന്നുപറഞ്ഞാണ് താരം ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

ഈ ഫോട്ടോ കണ്ടിട്ട് എനിക്കാകെ വേദനയെടുക്കുന്നുവെന്നാണ് പേളി മാണി പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. പിഷാരടി കരാട്ടെ ആയിരുന്നല്ലെ, ആരു പറഞ്ഞില്ല ഒന്നും അറിഞ്ഞീല തുടങ്ങിയ രസകരമായ കമന്റോടുകൂടെയാണ് ആരാധകര്‍ പിഷാരടിയുടെ ഫോട്ടോ ഏറ്റെടുത്തിരിക്കുന്നത്. തങ്ങള്‍ക്ക് കുത്തിപ്പൊക്കാന്‍ ഓരവസരം നല്‍കിയില്ല എന്ന പരിഭവമാണ് മറ്റുചിലര്‍ക്ക്.