വിജയിയുടെ അവസാന ചിത്രം 'ജനനായകൻ' കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ എത്തിയിരുന്നു. സിനിമയുടെ അവസാനം കാണിക്കുന്ന, ഒരു വീഡിയോ ആരാധകരെ വൈകാരികമായി സ്പർശിച്ചു.
ഏറെ നാളത്തെ കാത്തിരിപ്പിനും നിയമപോരാട്ടത്തിനും പ്രതിസന്ധികൾക്കും ഒടുവിൽ കഴിഞ്ഞ ദിവസം ജനനായകൻ തിയറ്ററിൽ എത്തിയപ്പോൾ അവസാനിച്ചത് തമിഴ് സിനിമയുടെ ഒരു യുഗമാണ്. ഒരുകാലത്ത് പരിഹസിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കുകയും ആരാധകരാക്കുകയും ചെയ്ത വിജയ് ഇന്ന് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാണ്. ജനങ്ങളെ സേവിക്കാനായി അദ്ദേഹം സിനിമയോട് കഴഞ്ഞ ദിവസത്തോടെ ബൈ പറഞ്ഞു. ഒരു വിജയ് പടത്തിന് വേണ്ട എല്ലാ എലമെൻസും ചേർത്ത് പുറത്തിറക്കിയ ചിത്രം തിയറ്ററുകളിൽ മുന്നേറുന്നതിനിടെ പ്രേക്ഷകരേയും ആരാധകരേയും സോഷ്യൽ മീഡിയ ഉപയോക്താക്കളേയും ഒരുപോലെ കരയിപ്പിച്ചൊരു വീഡിയോ വൈറൽ ആയിരിക്കുകയാണ്.
ജനനായകന്റെ എൻഡ് ക്രെഡിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന വീഡിയോ ആണിത്. സിനിമ കണ്ടിരുന്നവർക്ക് അപ്രതീക്ഷിതമായി ലഭിച്ച ഈ സമ്മാനം ഓരോരുത്തരുടേയും മനസിലെ വല്ലാതെ സ്പർശിച്ചു. തിയറ്ററുകളിൽ നിന്നും പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവർ പുറത്തേക്കിറങ്ങിയത്. വിജയിയുടെ സിനിമാ സീനുകളും അവസാനം ജനനായകൻ പ്രീ റിലീസ് ഈവന്റിലെ രംഗങ്ങളും ഉൾപ്പടെയുള്ള വീഡിയോ ആണിത്. 'ഹി ഈസ് നോട്ട് ജസ്റ്റ് ആൻ ആക്ടർ, ഹീ ഈസ് ആൻ ഇമോഷൻ' എന്ന് കുറിച്ചു കൊണ്ടാണ് പലരും വീഡിയോ പങ്കിട്ടിരിക്കുന്നത്. ഒരു മിനിറ്റും 8 സെക്കന്റും ആണ് വീഡിയോയുടെ ദൈര്ഘ്യം.
വിജയിയോടുള്ള സ്നേഹം പങ്കിട്ടുള്ള കമന്റുകളും ഈ പോസ്റ്റുകൾക്ക് താഴെ വരുന്നുണ്ട്. 'ഇന്ന് ബിഗ് സ്ക്രീനിൽ എന്റെ ബാല്യത്തിന്റെ ഒരു ഭാഗം അവസാനിച്ചു. പക്ഷേ എന്റെ നായകൻ ഒരിക്കലും എന്റെ മനസിൽ നിന്നും മായുകയില്ല. ഓരോ ആരാധകനും വിജയ് വെറുമൊരു നടനല്ല. അതൊരു വികാരമാണ്, പത്ത് കൊല്ലം കഴിഞ്ഞ് ചോദിച്ചാലും എന്റെ പ്രിയ നടൻ വിജയ് തന്നെയാണ്, ഒരു യഥാർത്ഥ പ്രതിഭ, ഒരു മികച്ച നേതാവ്, നമുക്കെല്ലാവർക്കും ഒരു പ്രചോദനം, മുപ്പത് വർഷത്തെ ഓർമ്മകൾ. ഹൃദയസ്പർശിയായ ഒരു വീഡിയോയിൽ. കരച്ചിലടക്കാൻ പറ്റുന്നില്ല, ഒരു കലാകാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ യാത്ര അവസാനിച്ചിട്ടുണ്ടാകാം, എന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ ഒരു യഥാർത്ഥ നായകനായി അദ്ദേഹം തന്റെ കടമകൾ ദിവസവും നിർവഹിച്ചുകൊണ്ടിരിക്കുന്നു', എന്നിങ്ങനെ പോകുന്നു കമന്റുകൾ.



