രാമായണത്തിന്റെ ടീസർ പുറത്തിറങ്ങിയ അതേ ദിവസം തന്നെ ആദിപുരുഷ് ടീം 'ജയ് ശ്രീറാം' ഗാനത്തിന്റെ 8K വീഡിയോ പുറത്തിറക്കിയത് വിമർശനങ്ങൾക്ക് ഇടയാക്കി. 

മുംബൈ: നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതോടെ ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമായി ഇത് മാറിയിരിക്കുകയാണ്. എന്നാല്‍ ഇതേ ദിവസം തന്നെ ബോക്സോഫീസില്‍ വന്‍ പരാജയം നേരിട്ട പ്രഭാസ് നായകനായ ആദിപുരുഷിന്‍റെ ടീം ചിത്രത്തിലെ ‘ജയ് ശ്രീ റാം’ എന്ന ഗാനത്തിന്റെ 8കെ വീഡിയോ യൂട്യൂബിൽ പുറത്തിറക്കിയത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

‘ആദിപുരുഷ്’ നേരത്തെ വിമർശനങ്ങൾ നേരിട്ടിരുന്നതിനാൽ, ഈ വീഡിയോ റിലീസിന്റെ സമയം ആരാധകർക്കിടയിൽ ട്രോളും വിമര്‍ശനവുമാണ് ഉണ്ടാക്കിയത്. ‘ആദിപുരുഷ്’, മോശം വി.എഫ്.എക്സും സംഭാഷണങ്ങളും കാരണം വലിയ വിമർശനം നേരിട്ടിരുന്നു. 550 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച ആ ചിത്രം ബോക്സ് ഓഫീസിൽ 393 കോടി മാത്രമാണ് നേടിയത്.

പ്രഭാസിനെ അപമാനിക്കാന്‍ വേണ്ടിയാണോ ഇത് ചെയ്തതെന്ന് സംശയിക്കുന്നതായി ചിവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഈ സമയത്ത് എല്ലാവരും മറന്ന് പോയതാണ് ഓര്‍മ്മിപ്പിച്ചത് നന്നായി എന്നാണ് റെഡീറ്റില്‍ വന്ന ഒരു പോസ്റ്റില്‍ പറയുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തിന്റെ ക്വാളിറ്റി വ്യക്തമാകാന്‍ അത് ഉപകരിക്കും എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ പ്രഭാസിന്‍റെ കരിയറിലെ മോശം ചിത്രം വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന ചതിയാണ് എന്ന് വിമര്‍ശിക്കുന്ന പ്രഭാസ് ഫാന്‍സും രംഗത്തുണ്ട്.

YouTube video player

അതേ സമയം‘രാമായണ’ത്തിന്റെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ടീസർ, ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരുടെ ത്രിമൂർത്തികളുടെ ആകർഷകമായ ആനിമേഷനോടെ ആരംഭിക്കുന്നതത്. രൺബീർ കപൂർ ശ്രീരാമനായും, സായ് പല്ലവി സീതയായും, യാഷ് രാവണനായും എത്തും. സണ്ണി ഡിയോൾ ഹനുമാനായും, രവി ദുബെ ലക്ഷ്മണനായും, ലാറ ദത്ത കൈകേയിയായും, രാകുൽ പ്രീത് സിംഗ് ശൂർപ്പണഖയായും, കാജൽ അഗർവാൾ മണ്ഡോദരിയായും എത്തുന്ന ‘രാമായണ’ ഐമാക്സിൽ ആഗോളതലത്തിൽ പ്രദർശനത്തിനെത്തും.

ഹോളിവുഡ്-ബോളിവുഡ് പ്രതിഭകളുടെ സഹകരണത്തോടെയാണ് ഈ എപ്പിക്ക് ചിത്രം ഒരുങ്ങുന്നത്. ഓസ്കർ ജേതാവ് ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്ന് സംഗീതം ഒരുക്കുന്ന ഈ ചിത്രം രണ്ട് ഭാഗമായി 2026 ദീപാവലിക്കും 2027 ദീപാവലിക്കും റിലീസ് ചെയ്യും.