Asianet News MalayalamAsianet News Malayalam

ആദിപുരുഷ് ട്രെയിലര്‍ ലോഞ്ചിന് മുടക്കിയ തുക നായികയ്ക്ക് നല്‍കിയ പ്രതിഫലത്തോളം.!

ചിത്രത്തിന്‍റെ ബജറ്റ് 500 കോടിയാണെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. അതിന്‍റെ 85 ശതമാനത്തോളം റിലീസിന് മുന്‍പ് തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

Adipurush makers spend 3cr on the final trailer launch vvk
Author
First Published Jun 7, 2023, 2:13 PM IST

തിരുപ്പതി: പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് പ്രഭാസ് നായകനാവുന്ന ബഹുഭാഷാ ചിത്രം ആദിപുരുഷ്. ഓം റാവത്ത് രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്‍റ ഫൈനല്‍ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തിരുപ്പതിയില്‍ നടന്ന വന്‍ ലോഞ്ചിംഗ് ചടങ്ങിലാണ് ട്രെയിലര്‍ ഇറങ്ങിയത്. ഒന്നരലക്ഷത്തോളം പേര്‍ ഈ പരിപാടിക്ക് എത്തിയെന്നാണ് കണക്ക്.

അതേസമയം ഈ ട്രെയിലര്‍ ലോഞ്ചിന് ചിലവായ തുകയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തില്‍ സീതയായി അഭിനയിക്കുന്ന കൃതി സനോന് ലഭിച്ച പ്രതിഫലത്തിലേറെയാണ് ട്രെയിലര്‍ ലോഞ്ചിന് മുടക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2.5 കോടി രൂപയാണ് മൊത്തം ചടങ്ങിന് മുടക്കിയത്. അതിന് പുറമേ വെടിക്കെട്ടിന് മാത്രം 50 ലക്ഷവും നിര്‍മ്മാതാക്കള്‍ മുടക്കിയെന്നാണ് വിവരം. ചിത്രത്തില്‍  കൃതി സനോന് പ്രതിഫലം 3 കോടിക്ക് അടുത്താണ് എന്ന് നേരത്തെ വന്ന റിപ്പോര്‍ട്ട്. 

പ്രഭാസ് നായകനാവുന്ന ബഹുഭാഷാ ചിത്രമായ ആദിപുരുഷ് രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രമാണ്. ഇതിന്‍റെ ബജറ്റ് 500 കോടിയാണെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. അതിന്‍റെ 85 ശതമാനത്തോളം റിലീസിന് മുന്‍പ് തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

ബോളിവുഡ് ഹംഗാമയുടെ കണക്ക് പ്രകാരം സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വില്‍പ്പന വഴി 247 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്. തെന്നിന്ത്യയില്‍ നിന്ന് തിയറ്റര്‍ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നും ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. അങ്ങനെ ആകെ 432 കോടി! ജൂണ്‍ 16 നാണ് ചിത്രത്തിന്‍റെ റിലീസ്. മികച്ച ഓപണിംഗ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം പോസിറ്റീവ് അഭിപ്രായം നേടുന്നപക്ഷം ഹിന്ദി പതിപ്പില്‍ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസങ്ങളില്‍ 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

അതേ സമയം വളരെ വ്യത്യസ്തമായ ഒരു നടപടിയാണ് ആദിപുരുഷ് അണിയറക്കാര്‍ എടുത്തിരിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് തീരുമാനം. അവിടെ ഹനുമാന്‍ ചിത്രം കാണാന്‍ വരും എന്ന വിശ്വാസത്തിന്‍റെ പേരിലാണ് ഇത്. വിശ്വാസ പ്രകാരം ചിരഞ്ജീവിയായ ഹനുമാന്‍ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും സാന്നിധ്യമാകും. അതിനാല്‍ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിലും ഹനുമാന്‍ എത്തും എന്നാണ് അണിയറക്കാരുടെ വിശ്വാസം. 

"ശ്രീരാമഭക്തരുടെ വിശ്വാസങ്ങളെ മാനിച്ചുകൊണ്ട്. ആദിപുരുഷ് ടീം എല്ലാ തിയേറ്ററുകളിലും ഹനുമാന് അദ്വിതീയമായ ഇരിപ്പിടം സമർപ്പിക്കുന്നു. വിറ്റഴിക്കപ്പെടാത്ത ഈ സീറ്റുകള്‍ രാമഭക്തരുടെ  വിശ്വാസത്തെ ആദരിക്കുന്നതിന്‍റെ ഭാഗമാണ്" - ട്രേഡ് അനലിസ്റ്റ് എബി ജോര്‍ജ് ട്വീറ്റ് ചെയ്തു. 

 ടി- സീരീസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റാവത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന 3ഡി ചിത്രം. ഛായാഗ്രഹണം - ഭുവന്‍ ഗൗഡ,  സംഗീത സംവിധാനം - രവി ബസ്രുര്‍, എഡിറ്റിംഗ് - അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ, സംഗീതം - അജയ്- അതുല്‍.  പശ്ചാത്തല സംഗീതം - സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.

ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന ഒരോ തീയറ്ററിലും ഒരു സീറ്റ് ഹനുമാന് വേണ്ടി ഒഴിച്ചിടും.!

രാമനായി പ്രഭാസ്; ആദിപുരുഷ് ട്രെയിലര്‍
 

Follow Us:
Download App:
  • android
  • ios