11 ദിവസം നീളുന്ന ചലച്ചിത്രോത്സവം ഇന്നാണ് ആരംഭിക്കുന്നത്

ചലച്ചിത്രോത്സവങ്ങളുടെ ലോകത്ത് കാനിനോളം (Cannes 2022) താരപരിവേഷമുള്ള മറ്റൊന്നില്ല. പ്രദര്‍ശിപ്പിക്കപ്പെടുന്ന സിനിമകളുടെ ഗുണനിലവാരത്തിനൊപ്പം ചലച്ചിത്ര താരങ്ങളുടെ സാന്നിധ്യം കൊണ്ടുകൂടിയാണ് ഫ്രാന്‍സില്‍ വര്‍ഷാവര്‍ഷം നടന്നുവരുന്ന ഈ ചലച്ചിത്രമേള വാര്‍ത്തകളില്‍ നിറയാറ്. ഇന്ത്യന്‍ സംവിധായകരും താരങ്ങളുമൊക്കെ തങ്ങളുടെ സിനിമകള്‍ക്കൊമോ അല്ലെങ്കില്‍ അതിഥികളായുമൊക്കെ മേളയ്ക്ക് പലപ്പോഴും എത്തിയിട്ടുണ്ട്. ഇപ്പോഴിതാ മേളയ്ക്ക് സകുടുംബം പങ്കെടുക്കാനെത്തുന്ന ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരദമ്പതികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. ഐശ്യര്യ റായ് (Aishwarya Rai), അഭിഷേക് ബച്ചന്‍ ദമ്പതികളുടെയും ഒപ്പമുള്ള അവരുടെ മകള്‍ ആരാധ്യയുടെയും ചിത്രങ്ങളാണ് ട്വിറ്ററിലും ഇന്‍സ്റ്റ​ഗ്രാമിലുമൊക്കെ നിറയുന്നത്.

സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ 2002ല്‍ എത്തിയ ദേവ്ദാസ് എന്ന സിനിമയുടെ പ്രദര്‍ശനത്തിന്‍റെ ഭാ​ഗമായാണ് ഐശ്യര്യ ആദ്യമായി കാന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയത്. പിന്നീടിങ്ങോട്ട് കാനിന്‍റെ ഒരു അവിഭാജ്യ ഘടകമായി ഐശ്വര്യ മാറുകയായിരുന്നു. ഫ്രാന്‍സിലേക്ക് തിങ്കളാഴ്ച രാത്രി മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് കുടുംബം പുറപ്പെട്ടത്. ഐശ്യര്യയ്ക്കൊപ്പം മുന്‍പും ആരാധ്യ കാന്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തിട്ടുണ്ട്.

Scroll to load tweet…

അതേസമയം മറ്റു നിരവധി ഇന്ത്യന്‍ താരങ്ങളും ഇത്തവണ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. ദീപിക പദുകോണ്‍, ടിവി താരം ഹിന ഖാന്‍ എന്നിവര്‍ ഇതിനകം തന്നെ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. കാന്‍ ഫെസ്റ്റിവലിന്‍റെ 75-ാം എഡിഷനില്‍ ജൂറി അംഗമാണ് ദീപിക. ഇവരെ കൂടാതെ ടിവി താരം ഹെല്ലി ഷാ, തെന്നിന്ത്യന്‍ താരങ്ങളായ നയന്‍താര, പൂജ ഹെഗ്‍ഡെ, അദിതി റാവു ഹൈദരി, തമന്ന ഭാട്ടിയ തുടങ്ങിയവരൊക്കെ ഇത്തവണ ഫെസ്റ്റിവലില്‍ പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

Scroll to load tweet…

11 ദിവസം നീളുന്ന ചലച്ചിത്രോത്സവം ഇന്നാണ് ആരംഭിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ 2020ലെ മേള റദ്ദാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പതിവു ചിട്ടവട്ടങ്ങളോടെയും വര്‍ണശബളിമയോടെയും മേള നടത്തപ്പെട്ടിരുന്നു. കാന്‍സ് ചലച്ചിത്രോത്സവത്തിന്‍റെ ഭാഗമായുള്ള ഫിലിം മാര്‍ക്കറ്റില്‍ ഇക്കുറി ഇന്ത്യയെ ആദരണീയ രാജ്യമായി തെരഞ്ഞെടുത്തിട്ടുണ്ട്. രാജ്യം സ്വാതന്ത്ര്യം നേടിയതിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്. ഈ പാക്കേജിന്‍റെ ഭാഗമായി ആറ് ഇന്ത്യന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. നമ്പി നാരായണന്‍റെ ജീവിതം പറയുന്ന ആര്‍ മാധവന്‍ ചിത്രം റോക്കട്രി ദ് നമ്പി എഫക്റ്റ്, ഗോദാവരി, ആല്‍ഫ ബീറ്റ ഗാമ, ബൂംബ റൈഡ്, ധുയിന്‍, ജയരാജിന്‍റെ നിറയെ തത്തകളുള്ള മരം എന്നീ ചിത്രങ്ങളാണ് അവ.