തമിഴ് നടൻ അജിത്തും ഭാര്യ ശാലിനിയും മകൻ ആദ്വിക്കുമൊത്ത് പാലക്കാട്ടെ ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. അജിത്തിന്റെ കുടുംബക്ഷേത്രമെന്ന് പറയപ്പെടുന്ന ഇവിടെ, തനിനാടൻ വേഷത്തിലായിരുന്നു താരം എത്തിയത്.
മലയാളികൾക്കിടയിൽ അടക്കം വൻ ആരാധകവൃന്ദമുള്ള തമിഴ് താരമാണ് അജിത്ത്. മലയാളത്തിന്റെ സ്വന്തം ശാലിനിയുമായുള്ള അജിത്തിന്റെ വിവാഹവും കേരളക്കര ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. സിനിമയ്ക്ക് ഒപ്പം റേസിങ്ങുമായി മുന്നോട്ട് പോകുകയാണ് അജിത്തെങ്കിൽ സിനിമയിൽ നിന്നെല്ലാം മാറി ഭർത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങൾ നോക്കി പോകുകയാണ് ശാലിനി. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് കേരളത്തിലെത്തിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
പാലക്കാട് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദർശനം നടത്താൻ എത്തിയതായിരുന്നു അജിത്തും ശാലിനിയും. ഇവർക്കൊപ്പം മകൻ ആദ്വികും ആണ്. അജിത്തിന്റെ കുടുംബ ക്ഷേത്രമാണിതെന്നാണ് പറയപ്പെടുന്നത്. കസവ് മുണ്ടും മേൽമുണ്ടും ധരിച്ച് തനി നാടൻ ലുക്കിലാണ് അജിത്ത് എത്തിയത്. താരത്തിന്റെ നെഞ്ചിലെ ടാറ്റുവും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പാലക്കാട് പെരുവെമ്പിലാണ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രം. അജിത്തിന്റെ പിതാവ് പാലക്കാട്- തമിഴ് അയ്യര്‍ കുടുംബംഗമാണ്. തിരുവല്ല സ്വദേശിനിയാണ് ശാലിനി.
അതേസമയം, ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രമാണ് അജിത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഏപ്രിൽ പത്തിന് ആയിരുന്നു ഗുഡ് ബാഡ് അഗ്ലി തിയറ്ററുകളിൽ എത്തിയത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. റിലീസ് ചെയ്ത് അഞ്ച് ദിവസത്തില്‍ 100 കോടിയോളം രൂപ കളക്ട് ചെയ്തിരുന്നു. മാസ് ആക്ഷന്‍ പടമായി ഒരുങ്ങിയ ഗുഡ് ബാഡ് അഗ്ലിയില്‍ സുനില്‍, ഷൈന്‍ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യര്‍, സിമ്രാന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പുഷ്പ നിര്‍മ്മാതാക്കളായ മൈത്രി മൂവിമേക്കേര്‍സും, ടി സീരിസുമാണ് നിര്‍മ്മാതാക്കള്‍. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചത്.



