കാലിന് പരിക്കേറ്റതിനെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച അജിത്തിനെ പ്രാഥമിക ചികിത്സയ്ക്കും ഫിസിയോതെറാപ്പിക്കും ശേഷം ഡിസ്ചാർജ് ചെയ്തു.
ചെന്നൈ: കോളിവുഡ് താരം അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത ബുധനാഴ്ച പുറത്തുവന്നതിന് പിന്നാലെ ആരാധകർ ആശങ്കാകുലരായിരുന്നു. കാലിന് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട് വന്നത്.
പത്മഭൂഷന്‍ പുരസ്കാരം സ്വീകരിച്ച് ന്യൂഡൽഹിയിൽ നിന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ എത്തിയപ്പോൾ ആരാധകർ തടിച്ചുകൂടിയപ്പോഴാണ് അജിത്തിന് കാലിന് പരിക്കേറ്റത് എന്നും റിപ്പോർട്ടുണ്ടായിരുന്നു.
ഇപ്പോള്‍ അജിത്തിന്‍റെ ആരോഗ്യം സംബന്ധിച്ച് ആശ്വസകരമായ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. പ്രാഥമിക ചികിത്സയ്ക്കും ഫിസിയോതെറാപ്പിക്കും ശേഷം ബുധനാഴ്ച വൈകുന്നേരം അപ്പോളോ ആശുപത്രിയിൽ നിന്ന് അജിത്തിനെ ഡിസ്ചാർജ് ചെയ്തു എന്നാണ് വിവരം.
എന്നാല്‍ ഏതാനും ആഴ്ചകൾ വിശ്രമിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതായി റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് അജിത്തിന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങിയത്.
അതേസമയം അജിത്ത് കുമാര്‍ നായകനായ ഏറ്റവും പുതിയ ചിത്രം ഗുഡ് ബാഡ് അഗ്ലി ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 'മാര്‍ക്ക് ആന്‍റണി'യുടെ വിജയത്തിന് ശേഷം അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ഒന്നാണ്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്‍. അജിത്ത് കുമാറിന്‍റെ കരിയറിലെ 63-ാം ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി.
അതേസമയം നിലവില്‍ റേസിംഗില്‍ സ്വന്തം ടീമുമായി സജീവമായ അജിത്ത് കുമാര്‍ മുന്നോട്ടുള്ള കരിയര്‍ പ്ലാനിനെക്കുറിച്ച് അടുത്തിടെ വ്യക്തമാക്കിയിരുന്നു- "നിലവില്‍ മോട്ടോര്‍ സ്പോര്‍ട്സില്‍ ഒരു ഡ്രൈവര്‍ എന്നതിനപ്പുറം ഒരു ടീം ഉടമ എന്ന നിലയില്‍ ഇടപെടാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്.
പുതിയ റേസിംഗ് സീസണ്‍ ആരംഭിക്കുന്നതുവരെ ഞാന്‍ പുതിയ ചിത്രങ്ങളുടെയൊന്നും കരാര്‍ ഒപ്പിടുന്നില്ല. ഒക്ടോബറിനും (അടുത്ത) റേസിംഗ് സീസണ്‍ ആരംഭിക്കുന്ന മാര്‍ച്ചിനും ഇടയില്‍ ഞാന്‍ സിനിമകളില്‍ അഭിനയിച്ചേക്കും. അതിനാല്‍ ആര്‍ക്കും ബുദ്ധിമുട്ടേണ്ടിവരില്ല. അതിനാല്‍ റേസ് ചെയ്യുമ്പോള്‍ എനിക്ക് അതില്‍ പൂര്‍ണ്ണ ശ്രദ്ധ കൊടുക്കാനാവും. അജിത്ത് കുമാര്‍ റേസിംഗ് എന്ന സ്വന്തം ടീം രൂപീകരിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി", അജിത്ത് കുമാര്‍ പറഞ്ഞിരുന്നു.