വിഡാമുയര്‍ച്ചിക്ക് ശേഷം ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രം പൂര്‍ത്തിയാക്കിയ അജിത്ത് കുമാര്‍ ഇപ്പോള്‍ കാര്‍ റേസില്‍ അന്താരാഷ്ട്ര മത്സരത്തിനുള്ള പരിശീലനത്തിലാണ്.
ചെന്നൈ: അജിത്ത് കുമാര്‍ നായകനായി വരാനാരിരിക്കുന്ന ചിത്രമാണ് വിഡാമുയര്‍ച്ചി. ചിത്രം അനിശ്ചിതമായി നീണ്ടുപോയത് ചര്‍ച്ചയായിരുന്നു. എന്തായാലും വിഡാമുയര്‍ച്ചി റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. അതേ സമയം അജിത്ത് കുമാര്‍ വിഡാമുയര്‍ച്ചിക്ക് ശേഷം ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ഇപ്പോള്‍ കാര്‍ റേസില്‍ അന്താരാഷ്ട്ര മത്സരത്തിനുള്ള പരിശീലനത്തിലാണ് അജിത്ത്.
അതേ സമയം അടുത്തിടെ അജിത്തിന്‍റെ ചില ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഗുഡ് ബാഡ് അഗ്ലി ഷൂട്ടിനിടയിലുള്ള ചിത്രങ്ങളായിരുന്നു അത്. പുതിയ ലുക്കിലായിരുന്നു താരം വലിയതോതില്‍ ഭാരം കുറച്ചാണ് അജിത്ത് കാണപ്പെട്ടത്. പുതിയ ചിത്രത്തിലെ ലുക്കിന് വേണ്ടി അജിത്ത് മൂന്ന് മാസത്തില്‍ 20 കിലോയിലേറെ കുറച്ചുവെന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്.
ഇപ്പോള്‍ വലൈപേച്ച് പരിപാടി അവതാരകന്‍ സിനിമ ജേര്‍ണലിസ്റ്റ് ബിസ്മി എങ്ങനെയാണ് അജിത്ത് തന്‍റെ ഭാരം മൂന്ന് മാസത്തില്‍ കുറച്ചത് എന്ന കാര്യമാണ് വെളിപ്പെടുത്തുന്നത്. ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രം അല്ല കാർ റേസിങ്ങിൽ പങ്കെടുക്കാൻ വേണ്ടി കൂടിയാണ് മൂന്ന് മാസത്തിനുള്ളിൽ 25 കിലോയിലധികം ഭാരം അജിത്ത് കുറച്ചത്. ഇത് ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് മാസമായി ചൂടുവെള്ളം മാത്രമാണ് അജിത്തിന്‍റെ പ്രധാന ആഹാരം, പൂര്‍ണ്ണമായും ജ്യൂസുകളും മറ്റും ഒഴികെ ഖര ആഹാരം പൂര്‍ണ്ണമായി അജിത്ത് ഒഴിവാക്കി. എന്നാല്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ക്ക് പ്രോട്ടീൻ പൗഡറുകളും വൈറ്റമിൻ സപ്ലിമെന്‍റുകളും ഇദ്ദേഹം കഴിച്ചു. തീവ്രമായ ശാരീരിക അഭ്യാസത്തിൽ ഏർപ്പെടാതെ, കുറഞ്ഞ കാലയളവിൽ ശരീരഭാരം ഗണ്യമായി കുറയ്ക്കാൻ അജിത്തിന് ഇത് വഴി സാധിച്ചു. ഒരു ഡോക്ടറുമായി കൂടിയാലോചിച്ചതിന് ശേഷമാണ് അജിത്ത് ഈ തീവ്രമായ ഭക്ഷണക്രമം പിന്തുടരുന്നത് എല്ലാ സമയവും ഒരു ഡയറ്റിഷനെ അജിത്ത് ഒപ്പം കൊണ്ട് നടന്നിരുന്നു എന്നും ബിസ്മി പറയുന്നു.
യൂറോപ്യൻ റേസിംഗ് സീസണില്‍ പങ്കെടുക്കുന്നതിന് ദുബായില്‍ കടുത്ത പരിശീലനത്തിലാണ് അജിത്ത് കുമാര്‍. അടുത്തിടെ പരിശീലനത്തിനിടെ താരത്തിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടത് വാര്‍ത്തയായിരുന്നു.
