ദുബായിൽ നടന്ന 24 മണിക്കൂർ കാർ റേസിൽ അജിത്ത് കുമാറിന്റെ ടീം മൂന്നാം സ്ഥാനം നേടി. ജിടി 4 വിഭാഗത്തിൽ സ്പിരിറ്റ് ഓഫ് റേസ് പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.
ദുബായ്: സിനിമയ്ക്ക് പുറത്ത് നടന്‍ അജിത്ത് കുമാര്‍ നിറഞ്ഞുനിന്ന ഒരു വാരാന്ത്യമാണ് കടന്നുപോയത്. ദുബായില്‍ നടന്ന 24എച്ച് കാര്‍ റേസില്‍ അജിത്തിന്‍റെ ടീമായ അജിത്ത് കുമാര്‍ റേസിംഗ് മൂന്നാം സ്ഥാനം നേടിയിരുന്നു. അജിത്തിന് ജിടി 4 വിഭാഗത്തില്‍ സ്പിരിറ്റ് ഓഫ് റേസ് പുരസ്കാരവും ലഭിച്ചിരുന്നു. 991 വിഭാഗത്തിലാണ് അജിത്തിന്‍റെ ടീം മൂന്നാം സ്ഥാനം നേടിയത്.
അപൂർവ്വമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയോ അഭിമുഖങ്ങൾ നൽകുകയോ ചെയ്യുന്ന അജിത്തിന്‍റെ മറ്റൊരു ജീവിതം തന്നെയാണ് റേസുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ വ്യക്തമാകുന്നത്. സർക്യൂട്ടിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് ഇതിനകം.
വിജയത്തിന് ശേഷം ടീമിനും കുടുംബത്തിനും മുന്നിൽ അജിത്ത് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്‍റെ സഹപ്രവർത്തകർക്കും സപ്പോർട്ട് സ്റ്റാഫിനും നന്ദി പറഞ്ഞ ശേഷം അജിത്ത് ഭാര്യയും മുന്‍കാല നടിയുമായ ശാലിനിക്ക് നന്ദി പറയുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കുകയാണ്.
"ശാലു, എന്നെ മത്സരിക്കാൻ അനുവദിച്ചതിന് നന്ദി" എന്ന് പറഞ്ഞ് ഒരു ഫ്ലെയിംഗ് കിസ് നല്‍കുന്ന അജിത്തിനെയാണ് വീഡിയോയില്‍ കാണുന്നത്. എന്തായാലും ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
അതേ സമയം ദുബായിലെ അജിത്തിന്‍റെ ടീമിന്‍റെ വിജയത്തില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് തമിഴ് സിനിമയിലെ സൂപ്പര്‍താരങ്ങളായ രജനികാന്തും, കമല്‍ഹാസനും എല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ കാര്‍ റേസിംഗ് സീസണില്‍ താന്‍ ഇനി ചലച്ചിത്രങ്ങള്‍ ചെയ്യില്ലെന്ന് അജിത്ത് വ്യക്തമാക്കിയിരുന്നു.
വിഡാമുയര്‍ച്ചി എന്ന മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് അടുത്തതായി അജിത്തിന്‍റെതായി ഇറങ്ങാനുള്ളത്. പൊങ്കലിന് ഇറങ്ങും എന്ന് പറഞ്ഞിരുന്ന ചിത്രം സാങ്കേതിക കാരണങ്ങളാല്‍ നീളുകയായിരുന്നു. ചിത്രം ഫെബ്രുവരിയില്‍ എത്തും എന്നാണ് സൂചന. ലൈക്കയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം.
'ദയവായി അങ്ങനെ പറയുന്നത്', ആരാധകരെ കുറിച്ച് അജിത്ത്
റേസിംഗ് ട്രാക്കോ സിനിമയോ? ജീവിതത്തിലെ മുന്നോട്ടുള്ള പ്ലാനിംഗ് വിശദീകരിച്ച് അജിത്ത് കുമാര്‍
