Asianet News MalayalamAsianet News Malayalam

അന്ന് സൽമാൻ ഖാനെ പോലെ മുടി വളർത്തിയതിന് പരിഹസിച്ചു, ഇന്ന് അവൻ നായകൻ; ഓർമ്മകൾ പങ്കുവച്ച് അജു വർ​ഗീസ്

മോഡലിങ് മോഹം ഉള്ളില്‍ കൊണ്ട് നടന്നിരുന്ന നോബിളിനെ അന്ന് താനും സുഹൃത്തുക്കളും ചേര്‍ന്ന് പരിഹസിച്ചത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍ത്തെടുക്കുകയാണ് അജു വർഗീസ്. 

Aju Varghese facebook post on actor Noble Thomas
Author
Trivandrum, First Published Nov 9, 2019, 11:25 PM IST

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ നടി അന്ന ബെൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹെലൻ റിലീസിനൊരുങ്ങുകയാണ്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, അരവിന്ദന്റെ അതിഥികള്‍, ആനന്ദം എന്നീ ചിത്രങ്ങളുടെ പ്രൊഡ്യൂസറായ നോബിള്‍ തോമസാണ് ചിത്രത്തിൽ നായകനായെത്തുന്നത്. അജു വർ​ഗീസും ചിത്രത്തിലൊരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. കോളേജിലെ തന്റെ ബാച്ച്‌മേറ്റായിരുന്ന നോബിളിനെ കുറിച്ച് അജു വർ​ഗീസ് ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണിപ്പോൾ വൈറലാകുന്നത്.

മോഡലിങ് മോഹം ഉള്ളില്‍ കൊണ്ട് നടന്നിരുന്ന നോബിളിനെ അന്ന് താനും സുഹൃത്തുക്കളും ചേര്‍ന്ന് പരിഹസിച്ചത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍ത്തെടുക്കുകയാണ് അജു. ഒപ്പം നോബിള്‍ നായകനായെത്തുന്ന സന്തോഷവും അജു പങ്കുവയ്ക്കുന്നുണ്ട്. 2002-ല്‍ ചെന്നൈയിലെ കെസിജി കോളേജ് ഓഫ് ടെക്‌നോളജിയില്‍ വച്ചാണ് നോബിളിനെ ആദ്യമായി കണ്ടതെന്നും പിന്നീട് ഉണ്ടായ ചില രസകരമായ സംഭവങ്ങളുമാണ് അജു വര്‍ഗ്ഗീസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

അജു വർ​ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇത് നോബിൾ.. നോബിൾ തോമസ്. ജേക്കബിന്റെ സ്വർഗ്ഗരാജ്യം, അരവിന്ദന്റെ അതിഥികൾ, ആനന്ദം എന്നീ ചിത്രങ്ങളുടെ പ്രൊഡ്യൂസർ. 2002-ൽ മദ്രാസിലെ കെസിജി കോളേജ് ഓഫ് ടെക്‌നോളജിയില്‍ വച്ചാണ് അവനെ ആദ്യമായി കാണുന്നത്. ഒരേ കോളേജ്, ഒരേ ബാച്ച്, ഒരേ ഹോസ്റ്റൽ...എന്റെ ഓർമ ശരി ആണെങ്കിൽ തേർഡ് ഇയർ ആണെന്ന് തോന്നുന്നു, നോബിൾ മുടി വളർത്താൻ തുടങ്ങി. വളർത്തി വളർത്തി ഒടുക്കം അന്നത്തെ സൽമാൻ ഖാൻന്റെ തേരെ നാം സ്റ്റൈൽ വരെ എത്തി. പയ്യെ വണ്ണവും കുറയ്ക്കാൻ തുടങ്ങി. കാര്യം തിരക്കിയപ്പോൾ മോഡലിംഗ് രംഗത്തേക്ക് ഇറങ്ങാൻ ഉള്ള ഒരു പദ്ധതി ആണെന്ന് അറിഞ്ഞു.

ഒരു ഫോട്ടോഷൂട്ട് കിട്ടി പോലും. ഏതോ ഒരു മാഗസിൻ! അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം നോബിൾ അതിൽ വന്ന ഫോട്ടോ ഞങ്ങളെ കാണിച്ചു. ഒരുപാട് എക്‌സൈറ്റഡ് ആയിരുന്നു പുള്ളി. പക്ഷെ എന്ത് ചെയ്യാൻ ! കലാബോധം തീരെ ഇല്ലാത്ത ഞങ്ങളിൽ നിന്നും അവന് കിട്ടിയത് വെറും പരിഹാസം മാത്രം. പറഞ്ഞു വരുന്നത് അതൊന്നും അല്ല. ഇത് 2019 ! 17 വർഷത്തിന് ശേഷം അദ്ദേഹം ഒരു സിനിമയിൽ നായകനായി വരുകയാണ്. ഹെലൻ എന്നാണ് ആ ചിത്രത്തിന്റെ പേര്.

ഒരുവ്യക്തി ജീവിതത്തിൽ ആത്മാർത്ഥമായി സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ, അതിനു വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കിൽ, അതിന് സമയം ഒരു പരിമിതിയേ അല്ല എന്ന് ഉള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് അതിലെ അസർ എന്ന അവന്റെ നായക കഥാപാത്രം. വൈകിയാണ് ഞാൻ അറിഞ്ഞത്, ഹെലൻ എന്ന സിനിമയുടെ തിരക്കഥയിലും അവന്റെ കൈകൾ ഉണ്ടെന്ന്. വീണ്ടും അവൻ എന്നെ ഞെട്ടിച്ചു !!! 

2004 ഇൽ തുടങ്ങിയ സ്വപ്നം ഇന്ന് അതിനടുത്തു എത്തിയിരിക്കുകയാണ്. വിനീത് ഉൾപ്പടെ ഞങ്ങൾ കോളേജിൽ പഠിച്ച എല്ലാ സുഹൃത്തുക്കളും അവന്റെ സന്തോഷത്തിൽ പങ്കു ചേരുന്നു, അഭിമാനിക്കുന്നു, അതിലേറെ ആ സിനിമ കാണാൻ കാത്തിരിക്കുന്നു.

 

 

 

 

 

 

Follow Us:
Download App:
  • android
  • ios